കൈതച്ചക്ക എന്നത് ഒരു തോട്ടവിളയാണ്. ഇടവിളയായും തനി വിളയായും അത് കൃഷിചെയ്തുവരുന്നു വീടുകളില്‍ പണ്ട് അതിരുകളില്‍ കായ്ച്ചുനിന്നിരുന്ന കൈതകള്‍ പാമ്പുകളുടെ ആവാസകേന്ദ്രമാണെന്നും കൈതക്കാടുകള്‍ക്കടുത്തേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് ആ പേടി മാറി.
ഹൈറേഞ്ചില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും കൈതച്ചക്കയുടെ കൃഷി വ്യാപകമായി. എന്നാല്‍, നമ്മുടെ വീടിനുമ്മറത്തെ സ്റ്റാന്‍ഡില്‍ ഒരു കൊച്ചു ചട്ടിയില്‍ കൈതച്ചക്ക വിരിഞ്ഞു നിന്നാലോ അത് എല്ലാവര്‍ക്കും ഒരു കൗതുകമാകുമെന്നുറപ്പ്. അതെ, മിനിയേച്ചര്‍ പൈനാപ്പിള്‍ (ക്രിസ്റ്റ്യന്‍ പൈനാപ്പിള്‍) എന്ന് പേരുള്ളയിനമാണ് നമ്മള്‍ സാധാരണയായി വീടുകളില്‍ വളര്‍ത്തുന്നത്.
മിനിയേച്ചര്‍ പൈനാപ്പിള്‍ പലതരം
ബ്രൊമീലിയാഡ് എന്ന അലങ്കാര സസ്യങ്ങളില്‍പ്പെടുന്നതാണ് നമ്മുടെ കൈതച്ചക്കയും. അതില്‍ കുട്ടിപൈനാപ്പിള്‍ പലതരത്തിലുണ്ട്. അതിന്റെ കായയുടെ വലിപ്പം ഇലകളുടെ നിറവ്യത്യാസം ഇലയുടെ നീളം എന്നിവയുടെ വ്യത്യാസത്തില്‍ ഏകദേശം എണ്‍പതോളം ഇനങ്ങള്‍ ലോകമാകെ കണ്ടുവരുന്നു.
നമുക്ക് ചട്ടിയില്‍ വളര്‍ത്താന്‍ കഴിയുന്നത് ഇലകള്‍ക്ക് പര്‍പ്പിള്‍, പിങ്ക്, പച്ച, പച്ചയും പിങ്കും കലര്‍ന്നുവരുന്നവ എന്നിങ്ങനെ നിറങ്ങളുള്ള കൈതകളാണ്. ഇലയുടെ നിറം പോലെത്തന്നെ കായകള്‍ക്കും വ്യത്യസ്ത നിറങ്ങളുണ്ടാകും. ഓറഞ്ച്, വെള്ള, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെയാണ് കായകള്‍ക്കുനിറംവെക്കുക.
ചട്ടിയില്‍നടാം
പൂച്ചെടികള്‍ വില്‍ക്കുന്നയിടങ്ങളില്‍ നിന്നും ലഭിക്കുന്ന തൈകളാണ് ചട്ടിയില്‍ നട്ടുപിടിപ്പിക്കാറ്. പ്രാദേശികമായും തൈകള്‍ സംഘടിപ്പിക്കാം. സാധാരണകൈതകള്‍ നടുന്നപോലെ ചക്കയുടെ മുകള്‍ഭാഗത്തുള്ളതാണ് നട്ടുപിടിപ്പിക്കാറ്. നഴ്സറികളില്‍ വേരുപിടിപ്പിച്ച ടിഷ്യു കള്‍ച്ചര്‍ തൈകള്‍ കിട്ടും.
ചട്ടിക്ക് അടിവശത്ത് അല്‍പം ചകിരിത്തുപ്പ് ഇട്ടതിനുശേഷം പോട്ടിങ് മിശ്രിതം നിറച്ച് തൈകള്‍ നട്ടുപിടിപ്പിക്കാം. 3:3:3 എന്നഅനുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതത്തിന്റെ പൊടിയിലാണ് തൈകള്‍ നടേണ്ടത്. ദിവസവും ചെറിയ നന നല്‍കാം. വേരുപിടിച്ച് പുതിയനാമ്പുകള്‍ പുറത്തേക്കു വരാന്‍ തുടങ്ങിയാല്‍ പിന്നീട് ആവശ്യത്തിനുള്ള നന മാത്രം നല്‍കിയാല്‍ മതിയാകും.
തൈകള്‍ നമുന്നതിന് തിരഞ്ഞെടുക്കുന്ന ചട്ടി നല്ല നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. ഇന്‍ഡോറില്‍ വെക്കാനും ഉമ്മറത്ത് വെക്കാനും കാഴ്ചയ്ക്ക് ഭംഗിയുള്ള ചട്ടികള്‍ സംഘടിപ്പിക്കണം. ചിലയിനം മിനിയേച്ചര്‍ കൈതകള്‍ക്ക് നല്ല ഉറപ്പുള്ള പരുക്കനായ ഇലകളായിരിക്കും. അത്തരം തൈകള്‍ക്ക് ദിവസം രണ്ടു മണിക്കൂര്‍ സൂര്യപ്രകാശം നിര്‍ബന്ധമാണ്.
എന്നാല്‍ ഇലകള്‍ നേര്‍ത്തതായ തൈകളും ഇന്‍ഡോര്‍ ഇനങ്ങളും വെയിലുകൊള്ളിക്കേണ്ട ആവശ്യമില്ല. ഇന്‍ഡോര്‍ ആയിവളര്‍ത്തുന്നചെടികള്‍ക്ക് ജൈവവളത്തിന്റെ ഗ്രാന്യൂള്‍സ് വളമായി മാസത്തിലൊരിക്കല്‍ നല്‍കാം.
പുറത്തു തോട്ടത്തില്‍ വളര്‍ത്തുന്നവയാണെങ്കില്‍ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചത്, ചാണകത്തെളി, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ മാസത്തിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍നിന്ന് അല്പം വിട്ട് ഒഴിച്ചുകൊടുക്കാം. ചെടികള്‍ നട്ട് 60-70 ദിവസത്തിനുള്ളില്‍ പുഷ്പിക്കും. 90 ദിവസത്തിനകം കായ വിരിയും. എന്താ നടുകല്ലേ ഒരു കുട്ടി പൈനാപ്പിള്‍.
Content Highlights: Pineapple Farming