യ്പ്പില്ലാ പാവയ്ക്കയായ കന്റോല കേരളത്തിലും പ്രിയവിളയായി മാറുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു വെള്ളരിവര്‍ഗ പച്ചക്കറിയാണ് കന്റോല. കേരളത്തിലെ മണ്ണും കാലാവസ്ഥയും കന്റോല കൃഷിക്ക് അനുയോജ്യമാണ്. ചെറിയ മൃദുവായ മുള്ളുകള്‍ നിറഞ്ഞതാണ് കായുടെ പുറംഭാഗം. ഇളംകായ്കള്‍ മെഴുക്കുപുരട്ടി, തോരന്‍, തീയല്‍ തുടങ്ങിയവയുണ്ടാക്കാന്‍ വളരെ നല്ലതാണ്. കായ്കള്‍ അരിഞ്ഞുണക്കി കൊണ്ടാട്ടവുമുണ്ടാക്കാം. ഇലകളും ഇളംതണ്ടുമൊക്കെ പച്ചക്കറിയായി ഉപയോഗിക്കുന്നവരുമുണ്ട്.

കൃഷിരീതി

നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് കന്റോലയ്ക്ക് അനുയോജ്യം. നല്ല സൂര്യപ്രകാശം വേണം. എന്നാല്‍, വീട്ടുവളപ്പില്‍ ഭാഗികമായ തണലിലും കന്റോല വളര്‍ത്താം. ചെടികള്‍ ഉണങ്ങിക്കഴിഞ്ഞ് ചുവട്ടില്‍നിന്ന് കുഴിച്ചെടുക്കുന്ന കിഴങ്ങുകളാണ് പ്രധാന നടീല്‍ വസ്തു. ആണ്‍-പെണ്‍ ചെടികളുടെ കിഴങ്ങുകള്‍ പ്രത്യേകമായി സൂക്ഷിക്കണം.

കിഴങ്ങുകള്‍ അങ്ങനെത്തന്നെയോ ചെറിയ കഷ്ണങ്ങളായി മുറിച്ച് തണലില്‍ ഒന്നുരണ്ടുദിവസം ഉണക്കിയോ നടാം. നടീല്‍മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ നട്ട് മുളവന്നതിനുശേഷം കൃഷിയിടത്തില്‍ നടുന്നതാണ് നല്ലത്. നടീല്‍മിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറുകമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്താല്‍ മതിയാകും.

ചെടികള്‍തമ്മില്‍ രണ്ടുമീറ്റര്‍ അകലംനല്‍കി കുഴികളെടുക്കാം. 60 സെന്റിമീറ്റര്‍ നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളില്‍ മേല്‍മണ്ണ്, അഞ്ചുകിലോഗ്രാം ഉണങ്ങിപ്പൊടിച്ച ചാണകം, അരക്കിലോ എല്ലുപൊടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം. ഓരോ കുഴിയിലും 150 ഗ്രാം കുമ്മായം ചേര്‍ക്കുന്നത് മണ്ണിലെ പുളിരസം ക്രമീകരിക്കാന്‍ നല്ലതാണ്. പത്തു ശതമാനം ആണ്‍ചെടികള്‍കൂടി കൃഷിയിടത്തില്‍ നടേണ്ടതാണ്. കന്റോലത്തൈകള്‍ വള്ളിവീശുമ്പോള്‍ പടര്‍ന്നുകയറാനുള്ള സൗകര്യംചെയ്തുകൊടുക്കണം.

കൃത്രിമ പരാഗണം

കിഴങ്ങുനട്ട് ഒന്നര-രണ്ടു മാസമാകുമ്പോള്‍ ചെടികള്‍ പൂവിട്ടുതുടങ്ങും. നല്ല വിളവുലഭിക്കാന്‍ കൃത്രിമപരാഗണം നടത്തിയേ മതിയാകൂ. അതതുദിവസം വിരിയുന്ന ആണ്‍പൂക്കള്‍ പറിച്ചെടുത്ത് പരാഗം അന്ന് വിരിഞ്ഞ പെണ്‍പൂക്കളുടെ പരാഗണസ്ഥലത്ത് നേരിട്ടോ അല്ലെങ്കില്‍ ബ്രഷുപയോഗിച്ചോ പുരട്ടിക്കൊടുക്കണം. ഉച്ചയ്ക്കുമുമ്പായി പരാഗണം നടത്താന്‍ ശ്രദ്ധിക്കണം.

വിളവെടുപ്പ്

പരാഗണംനടന്ന് 10 മുതല്‍ 12 ദിവസത്തിനകം വിളവെടുപ്പിനു പാകമാകും. കായ്കള്‍ മൂക്കുന്തോറും മഞ്ഞനിറമായി മാറുകയും വിത്തുകള്‍ കട്ടിയാവുകയും ചെയ്യുന്നു. അത്തരം കായ്കള്‍ക്ക് സ്വാദും വിപണിമൂല്യവും കുറവാണ്. മൂന്നുദിവസം കൂടുമ്പോള്‍ വിളവെടുക്കുന്നത് കൂടുതല്‍ പൂക്കളുണ്ടാകുന്നതിനും കൂടുതല്‍ കായ്കള്‍ ലഭിക്കുന്നതിനും സഹായിക്കും.

വിവരങ്ങള്‍ക്ക്: 9447890944

Content Highlights: Know about the farming and benefits of the spiny gourd or kantola