വെള്ളമുണ്ട: പാരിസ്ഥിതിക ദോഷങ്ങളാൽ പ്ലാസ്റ്റിക് ഗ്രോബാഗുകൾ ഒഴിവാകുമ്പോൾ അടുക്കളത്തോട്ടങ്ങൾ ബദലുകൾ തേടുന്നു. ഏറെക്കാലമായി ടെറസിലും പൂമുഖത്തുമെല്ലാം വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദനത്തിന് മുതൽക്കൂട്ടായ ഗ്രോബാഗുകൾ വർഷംതോറും പെരുകിവന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സബ്‌സിഡിയോടെ ഇത്തവണയും കൃഷിഭവനുകൾ ഇതിനായി അപേക്ഷ സ്വീകരിക്കാൻതുടങ്ങിയിരുന്നു. നാലുവർഷത്തോളം തുടർച്ചയായി കൃഷിചെയ്യാൻ കഴിയുന്ന ബാഗുകളാണ് ഇങ്ങനെ വിതരണംചെയ്തത്. ഇതുകഴിഞ്ഞാലും ഈ പ്ലാസ്റ്റിക് മണ്ണിൽ നശിക്കാതെ കാലങ്ങളോളം കിടക്കും. 

വൻതോതിലുള്ള പാരിസ്ഥിതികാഘാതത്തിനും ഇത് വഴിതെളിക്കുമെന്ന കണ്ടെത്തലിലാണ് സർക്കാർ ഇനി ഗ്രോബാഗ് കൃഷി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. പുനരുപയോഗിക്കാൻ കഴിയുന്ന പോളിത്തീൻ ചട്ടികളും മറ്റുമാണ് ഇതിനുപകരമായി പരിഗണിക്കുന്നത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൃഷിചെയ്യാൻ സ്ഥലം കുറവുള്ളവർക്കെല്ലാം ഗ്രോബാഗ് കൃഷി അനുഗ്രഹമായിരുന്നു.

ലോക്കാവാത്ത കൃഷി

ലോക്ഡൗണില്ലാതെ ജില്ലയിൽ അടുക്കളത്തോട്ടങ്ങൾ കോവിഡ്കാലത്തും സജീവമായിരുന്നു. ഗ്രോബാഗിലാണ് പച്ചക്കറിക്കൃഷി വയനാട്ടിലും കഴിഞ്ഞ സീസണിൽ വ്യാപകമായത്. കൃഷിവകുപ്പ് മുഖേനയും പച്ചക്കറിവിത്തുകൾ ജില്ലയിൽ വിതരണംചെയ്തിരുന്നു. ഇതിനുമുമ്പേത്തന്നെ അടുക്കളത്തോട്ടങ്ങൾ വിപുലമാക്കിയവരും ധാരാളമുണ്ട്.

നഗരങ്ങളിലെ ടെറസിലും മറ്റും മുമ്പ് ഒതുങ്ങിയിരുന്ന ഗ്രോബാഗ് പച്ചക്കറിക്കൃഷി ഗ്രാമങ്ങൾപോലും ഏറ്റെടുത്തു. പച്ചക്കറിക്കൃഷി ചെയ്യാൻ ഗ്രോബാഗിനെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നിരുന്നു. കൂടുതൽ ജലക്രമീകരണം ഇല്ലാതെത്തന്നെ എളുപ്പം വിഷരഹിത പച്ചക്കറികൾ താരതമ്യേന ചെലവും അധ്വാനവും കുറഞ്ഞ് വിളയിച്ചെടുക്കാൻ കഴിയുന്നുവെന്നതാണ് ഗ്രോബാഗ് കൃഷിയുടെ ഏറ്റവും വലിയ ആകർഷണം. ഏതു കാലാവസ്ഥയിലും അടുക്കളത്തോട്ടത്തിൽ പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിച്ചവരുണ്ട്.

അടയുമോ അടുക്കളത്തോട്ടങ്ങൾ

മൂന്നുമുതൽ നാലുവർഷംവരെ ഒരേ ഗ്രോബാഗിൽ തുടർച്ചയായി കൃഷിചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള ഗ്രോബാഗുകൾ വിപണിയിലുണ്ട്. ടെറസിലും അടുക്കളപ്പരിസരത്തും മുറ്റത്തുമെല്ലാം ആവശ്യവും സൗകര്യവും അനുസരിച്ച് ഗ്രോബാഗ് നിരത്തിവെച്ച് കൃഷി തുടങ്ങാം. പയർ, പാവൽ, ചീര, തക്കാളി മുതൽ കാച്ചിലും ഇഞ്ചിയുംവരെ ഗ്രോബാഗിൽ കൃഷിചെയ്തവരുണ്ട്.

വലിയ അധ്വാനമില്ലാതെ ആർക്കും ഗ്രോബാഗ് കൃഷിയിൽ ഏർപ്പെടാമെന്നതായിരുന്നു ആകർഷണം. മുമ്പ് കൃഷിഭവൻ മുഖേന പച്ചക്കറി പ്രോത്സാഹനപദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്തലത്തിൽ വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകൾ വിതരണംചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗ്രോബാഗ് കൃഷിക്ക് ഗ്രാമാന്തരങ്ങളിലടക്കം വിപുലമായ പ്രചാരം ലഭിച്ചത്‌. വെള്ളത്തിന്റെ ദൗർലഭ്യം നേരിടുന്ന വേനൽക്കാലത്തും അധികം ജലസേചനമില്ലാതെ കൃഷി നടത്താമെന്നും പ്രത്യേകതയാണ്. ഒരിക്കൽ നനച്ചാൽ ദിവസങ്ങളോളം ഈർപ്പം നിലനിർത്താൻ ഗ്രോബാഗിലെ മണ്ണിനുകഴിയുന്നു. ആവശ്യത്തിന് ചകിരിയും മറ്റും മുകൾഭാഗത്ത് നിരത്തിയാൽ കൂടുതൽ ദിവസങ്ങളിൽ ഈർപ്പം ലഭിക്കുമെന്നതും നേട്ടമായിരുന്നു.

വേണം ബദലുകൾ

സ്ഥലപരിമിതി, കാലാവസ്ഥാമാറ്റം, കീടബാധ, വെള്ളത്തിന്റെ അഭാവം എന്നിവയൊക്കെയാണ് പച്ചക്കറിക്കൃഷിക്ക് തടസ്സമെങ്കിൽ അതിനെയെല്ലാം നേരിടാൻ ഗ്രോബാഗിലെ കൃഷികൊണ്ട് കഴിഞ്ഞിരുന്നു. അടുക്കളത്തോട്ടമെന്ന നിലയിൽ പരിപാലിക്കുന്ന ഈ പച്ചക്കറിത്തോട്ടങ്ങളുടെ ഉത്പാദനം ചെറുതല്ല. ഗ്രോബാഗുകളെ ഒഴിവാക്കുമ്പോൾ മൺചെട്ടികൾ പോലെയുള്ളവ പരിഗണിക്കാമെങ്കിലും ഉയർന്നചെലവ് തടസ്സമായേക്കാം. പോളിത്തീനിൽ ചെടിച്ചട്ടികൾ ഇതിനെത്രമാത്രം ബദലാവുമെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നുണ്ട്.