ചീര നന്നായി വളരാനും പുഴുശല്യം വരാതിരിക്കാനും പാവലും കോവലും നന്നായി കായ്ക്കാനും എന്തെല്ലാം ചെയ്യണം?

നന്നായി വളംചേര്‍ക്കല്‍ ഇഷ്ടപ്പെടുന്ന ഇലക്കറിയാണ് ചീര. അതുകൊണ്ടുതന്നെ ചീര നന്നായിവളരാന്‍ വളപ്രയോഗം നിര്‍ബന്ധം. ചീര നടുമ്പോള്‍ത്തന്നെ ശ്രദ്ധിക്കാനായാല്‍ ഏറെ നന്ന്. ഗ്രോബാഗിലെ മിശ്രിതം ഒരുക്കുമ്പോള്‍ത്തന്നെ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും ചേര്‍ക്കണം. ഒരു ഗ്രോബാഗില്‍ നിറയ്ക്കാനുള്ള മാധ്യമത്തിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ കുമ്മായം നേരത്തേ ചേര്‍ക്കുന്നത് നല്ലതാണ്.

മണ്ണിര കമ്പോസ്റ്റ്, അഴുകിപ്പൊടിഞ്ഞ കോഴിവളം, മീന്‍വളം തുടങ്ങിയവയും നല്ലതാണ്. ഒരു ഗ്രോബാഗിന് 20 ഗ്രാം ട്രൈക്കോഡെര്‍മ നേര്‍പ്പിച്ച കഞ്ഞിവെള്ളത്തില്‍ കലക്കി കുറച്ചുനേരം വെച്ചിട്ട് തടത്തില്‍ ഒഴിച്ചുകൊടുത്താല്‍ ഇലപ്പുള്ളി രോഗം തടയാം. രാവിലെയോ വൈകുന്നേരമോ വേപ്പിന്‍പിണ്ണാക്ക് തെളിയൂറ്റി തടത്തില്‍ ഒഴിച്ചാല്‍ വളര്‍ച്ച വേഗത്തിലാകും. നട്ട് രണ്ടാഴ്ച കഴിഞ്ഞ് ബയോഗ്യാസ് സ്ലറി, ജീവാമൃതം, ഗോമൂത്രം നേര്‍പ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തതിന്റെ തെളിയെടുത്തതോ ഒക്കെ ചേര്‍ക്കുന്നത് ചീരയെ നന്നായിവളരാന്‍ സഹായിക്കുന്ന ഘടകങ്ങള്‍തന്നെ.

നന ആവശ്യത്തിനു മാത്രമാകാന്‍ ശ്രദ്ധിക്കണം. ചീരയില തിന്നുന്ന പുഴുക്കളെ ഒഴിവാക്കാന്‍ അത്തരം ഇലകള്‍ നീക്കുക. ചീരകള്‍ക്കിടയില്‍ വെളിച്ചക്കെണി വെക്കുക. വേപ്പുകലര്‍ന്ന കീടനാശിനികള്‍ തളിക്കുക. പെരുവല സത്ത് സോപ്പുലായനിയുമായി കലര്‍ത്തി തളിക്കുക. തീരെ നിവൃത്തിയില്ലെങ്കില്‍മാത്രം മാലത്തയോണ്‍ 50 ഇ.സി. ഒരുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചുതളിക്കുക.

പാവല്‍ നന്നായി കായ്ക്കാന്‍, പുളിപ്പിച്ച കടലപ്പിണ്ണാക്ക് ചാണക സ്ലറിയോ ഗോമൂത്രവുമായോ നേര്‍പ്പിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് രണ്ടുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയിലും തടത്തിലും ഇടയ്‌ക്കൊഴിക്കുന്നത് നിറയെ പൂക്കാനും കായ്ക്കാനും സഹായിക്കും. ഒരു ചെറിയ കഷണം പാല്‍ക്കായം കുറച്ച് തൈരും ചേര്‍ത്ത് അലിയിച്ച് ചെടിയിലും ഇലകളിലും തളിച്ചാല്‍ വിളവുവര്‍ധിക്കും. കോവിലിന്റെ വിളവര്‍ധനയ്ക്ക് വള്ളികളുടെ പ്രൂണിങ് പ്രധാനമാണ് എന്നോര്‍ക്കുക.

അധികമുള്ള വള്ളികളും നേരിട്ട് വെയിലടിക്കാതെ ഇലകള്‍ മുരടിച്ച തണ്ടുകളും മുറിച്ചുനീക്കണം. കൂടാതെ, വള്ളി പടരാന്‍ തുടങ്ങുമ്പോള്‍ കടലപ്പിണ്ണാക്ക് ഒരുകിലോ പത്തു ലിറ്റര്‍ ചാണകത്തെളിയില്‍ തടത്തിലൊഴിക്കാം. ഗോമൂത്രം ഒരു ലിറ്റര്‍ പത്തു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത് രണ്ടാഴ്ചകൂടുമ്പോള്‍ തടത്തിലൊഴിക്കാം. അരക്കിലോ വീതം ചാണകപ്പൊടി, എല്ലുപൊടി എന്നിവയും ഒരു തടത്തിന് എന്നതോതില്‍ ഒന്നോ രണ്ടോ തവണയായി ചേര്‍ക്കുന്നതും വിളവര്‍ധനയ്ക്ക് ഉപകരിക്കും.

തയ്യാറാക്കിയത് : സുരേഷ് മുതുകുളം

 

Content Highlights: How to grow Spinach at home