ജീവകങ്ങളുടെയും ധാതുക്കളുടെയും നിരോക്‌സീകാരകങ്ങളുടെയും കലവറയാണ് കാങ് കോങ് എന്ന വെള്ളച്ചീര. അധികമാരും ശ്രദ്ധിക്കാത്ത ഈ ഇലക്കറിവിള ഉഷ്ണമേഖലയിലെ ചതുപ്പുകളിലും വെള്ളക്കെട്ടിലുമൊക്കെയാണ് തഴച്ചുവളരുന്നത്. വയല്‍ച്ചീര എന്നും പേരുണ്ട്. ദ്രുതവളര്‍ച്ചയുള്ള ഇത് സാധാരണ ഒരടി ഉയരത്തില്‍ വളരും; താങ്ങുകൊടുത്തു വളര്‍ത്തിയാല്‍ രണ്ടടിയോളം പൊങ്ങും. ചൈനീസ് വാട്ടര്‍ ക്രെസ്, ചതുപ്പിലെ കാബേജ് എന്നെല്ലാം വിളിപ്പേരുണ്ട്. നനവിഷ്ടപ്പെടുന്ന ജലസസ്യമെന്നു പറയാം. സ്വാദില്‍ കുരുമുളകിനോട് സാദൃശ്യമുള്ള ഇത് പച്ചക്കറിമാളുകളില്‍ വില്‍പ്പനയ്ക്ക് എത്താറുണ്ട്.

രണ്ട് തരം

വയല്‍ച്ചീര രണ്ടുതരമുണ്ട്. പച്ച തണ്ടുള്ളതും വെള്ളത്തണ്ടുള്ളതും. മുളയിലകള്‍പോലെ അഗ്രം കൂര്‍ത്ത ഇലകളുള്ള ഒരിനവും വട്ടത്തില്‍ വീതിയുള്ള ഇലകളുള്ള മറ്റൊന്നും. ഇതില്‍ വെള്ളത്തണ്ടുള്ള വയല്‍ച്ചീര കേരളത്തിലെ വയലുകളിലും വെള്ളക്കെട്ടുകളിലും സുലഭം. പലരും ഇതിനെ ഒരു കളയായാണ് കാണുന്നത്; ആരും ഇതിന്റെ മഹത്ത്വം അറിയുന്നില്ല. ഇലക്കറികളോട് താത്പര്യം വര്‍ധിച്ചതോടെ പലരും വയല്‍ച്ചീര വളര്‍ത്താന്‍ തുടങ്ങി. തണ്ട് മുറിച്ചുനട്ടോ വിത്തുകള്‍ വഴിയോ കൃഷി ചെയ്യാം. ഗ്രോബാഗിലും ചട്ടിയിലും വളര്‍ത്താം. വയലിലോ ചതുപ്പിലോ നിന്ന് ഇതിന്റെ നല്ല തണ്ടുകള്‍ ശേഖരിച്ചു നട്ടാല്‍മതി.

സ്ഥിരം നനവ് നിര്‍ബന്ധം

ബക്കറ്റിലോ പരന്ന ബേസിനിലോ ജലാശയംപോലെ ഒരുക്കിയാല്‍ അതിലും വളര്‍ത്താം. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ രണ്ടു ചട്ടികള്‍ ഉപയോഗിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ഒന്ന് വലുതും മറ്റൊന്ന് ചെറുതും. പോട്ടിങ് മിശ്രിതം നിറച്ച ചെറുതിലെ തണ്ടുകള്‍ നട്ട് ഇത് വെള്ളംനിറച്ച രണ്ടാമത്തത്തിലേക്ക് ഇറക്കിവെക്കുന്നു. സ്ഥിരം നനവ് കിട്ടാനാണിത്. ഇടയ്ക്കു മാറ്റണം എന്നു മാത്രം. ജൈവവളങ്ങള്‍ മതിയാകും. 15-20 ദിവസം കൂടുമ്പോള്‍ വിളവെടുക്കാം. ഇല നുള്ളി വളര്‍ത്തിയാല്‍ കുറ്റിച്ചെടിയായിനില്‍ക്കും. ഇളംതണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം. സലാഡായും വേവിച്ചും കഴിക്കാം. ചീരപോലെ ഇലയും തണ്ടും ചെറുതായരിഞ്ഞു തോരനാക്കാം. സൂപ്പ്, സ്റ്റൂ, ധാന്യമാവുകള്‍ എന്നിവയില്‍ ചേര്‍ക്കുന്നു.

പോഷകസമൃദ്ധി

പാല്, നേന്ത്രപ്പഴം, ഓറഞ്ച് തുടങ്ങിയ മികച്ച ഭക്ഷണങ്ങളോടൊപ്പം കിടപിടിക്കുന്നതാണ് വയല്‍ച്ചീരയുടെ പോഷകസമൃദ്ധി. രക്തസമ്മര്‍ദം കുറയ്ക്കുക, അര്‍ബുദപ്രതിരോധശേഷി, കാഴ്ചശക്തി വര്‍ധിപ്പിക്കുക, രോഗപ്രതിരോധശേഷി നല്‍കുക, ത്വഗ്രോഗങ്ങള്‍ ശമിപ്പിക്കുക തുടങ്ങി നിരവധി ഉപയോഗങ്ങള്‍. മികച്ച കാലിത്തീറ്റയുമാണ്. എന്തായാലും കാങ് കോങ് എന്ന വയല്‍ച്ചീര അത്ര നിസ്സാരനല്ല. ഇലക്കറികളിലെ അറിയപ്പെടാത്ത ഒരു താരമാണ്. വിവരങ്ങള്‍ക്ക്: 9446306909.

Content Highlights: How to Grow Kangkong (Water spinach or Vayal Cheera ) and its nutrition facts and health benefits