രാള്‍ നിത്യേന 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ശാസ്ത്രലോകം നിര്‍ദേശിക്കുന്നത്. അതില്‍ മൂന്നിലൊന്ന് ഇലവര്‍ഗവുമാവണം. എന്നാല്‍, നമ്മള്‍ തീരെ കുറഞ്ഞ അളവിലേ ഇലക്കറി കഴിക്കുന്നുള്ളൂ. അതിന് പ്രധാനകാരണം ഇവയുടെ ലഭ്യതക്കുറവുകൂടിയാണ്. ചീരയാണ് നമ്മുടെ കടകളില്‍ ലഭിക്കുന്ന പ്രധാന ഇനം. ബാക്കിയെല്ലാം വളരെ പെട്ടെന്ന് രുചിയിലും ഗുണത്തിലും വ്യത്യാസം വരുന്നവയാണ്. ഇവിടെയാണ് പാക്ചോയ് എന്ന പുതിയ ഇലവര്‍ഗം പ്രതീക്ഷയാകുന്നത്. ഗള്‍ഫിലും മറ്റ് ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് ധാരാളം ഉപയോഗിക്കുന്നുണ്ട്.

രുചികരവും പോഷകക്കലവറയുമാണ് പാക്ചോയ് എന്ന ബോക്ചോയ്. കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ഇല കടുകിന്റെ ഇലയോട് സാദൃശ്യമുള്ളതും കടുംപച്ചനിറത്തില്‍ സ്പൂണ്‍ രൂപത്തില്‍ ചുവട്ടില്‍നിന്ന് വളരുന്നവയുമാണ്. ഇതിന് കാബേജിനെപ്പോലെ ഗോളാകൃതി രൂപപ്പെടാറില്ല. ഇരുമ്പ്, കാല്‍സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകള്‍, ജീവകം-എ, ബി-1, ആന്റി ഓക്‌സിഡന്‍സ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. തണ്ടും ഇലയും ഭക്ഷ്യയോഗ്യമാണ്.

കേരളത്തില്‍ എളുപ്പത്തില്‍ കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണും ആര്‍ദ്രതയുള്ള അന്തരീക്ഷവുമാണ് ഇതിന് യോജിച്ചത്. പൂര്‍ണമായി ശീതകാല വിളയല്ലെങ്കിലും പകല്‍ താപനില 36 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലാകുന്നത് വളര്‍ച്ചയ്ക്ക് അത്ര യോജിച്ചതല്ല. വിത്ത് നേരിട്ട് ഉപയോഗിച്ചും കിളിര്‍പ്പിച്ച് നട്ടും കൃഷിചെയ്യാം. വിളവെടുപ്പുവരെ 45 ദിവസംമതി. വിത്തിടുമ്പോള്‍ ചെടികള്‍ തമ്മില്‍ 15-20 സെന്റിമീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 25 സെന്റിമീറ്റര്‍ അകലവും മതി. ഗ്രോബാഗുകളിലും കൃഷിചെയ്യാം. വിത്തുകള്‍ വ്യാപകമല്ലെങ്കിലും ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. രാത്രി താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആകുന്ന ഡിസംബര്‍, ജനുവരി മാസങ്ങള്‍ നടാന്‍ അനുകൂലമാണ്.

ഒറ്റത്തവണമാത്രം വളംചെയ്താല്‍ മതി. അടിവളമായി ജൈവവളം കൊടുക്കാം. ചെടിയൊന്നിന് 200 ഗ്രാം ചാണകപ്പൊടിയോ 100 ഗ്രാം കടലപ്പിണ്ണാക്ക് പൊടിച്ചതോ നല്‍കാം. മണ്ണിരക്കമ്പോസ്റ്റാണെങ്കില്‍ ചെടിയൊന്നിന് 50 ഗ്രാം മതി. മിതമായ തോതില്‍ നനയ്ക്കണം. ഇടയ്ക്കിടെ മണ്ണ് കയറ്റിക്കൊടുക്കണം. കാര്യമായ രോഗങ്ങളോ കീടങ്ങളോ ആക്രമിക്കുന്നതായി കണ്ടിട്ടില്ല.

ദ്രാവകരൂപത്തിലോ സ്ലറിയായോ വളങ്ങള്‍ കൊടുക്കുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണ നടത്താം. കേരളത്തില്‍ സമതലപ്രദേശങ്ങളിലും ഹൈറേഞ്ചിലും നന്നായി വളരും. സ്വാദിഷ്ഠമായ ധാരാളം വിഭവങ്ങളിലെ പ്രധാനചേരുവയാണിത്. സൂപ്പ്, സാലഡ്, മെഴുക്കുപുരട്ടി, തോരന്‍ എന്നിവയുണ്ടാക്കാം.

(തൃശ്ശൂര്‍ ജില്ലാ മണ്ണുപരിശോധനാകേന്ദ്രത്തില്‍ കൃഷി ഓഫീസറാണ് ലേഖകന്‍ ഫോണ്‍: 9447529904, ഇ-മെയില്‍: johnty139@gmail.com)

Content Highlights: Agriculture, Kitchen Garden: How To Grow Bok Choy (Pak choi ) At Home