''ചിപ്‌സിന്റെ കാര്യത്തില്‍ പൊപ്പോലുതന്നെ രാജാവ്. നേന്ത്രനെക്കാള്‍ ടേസ്റ്റുള്ള അടിപൊളി ചിപ്‌സാണ് പൊപ്പോലുവിന്റേത്. പൊട്ടാറ്റോ ചിപ്‌സുപോലെ എളുപ്പത്തില്‍ കടിക്കാം''. തൃത്താല മുടവന്നൂരില്‍ കര്‍ഷകനായ മഠത്തില്‍കുന്നത്ത് നാരായണന്‍കുട്ടി അനുഭവത്തില്‍നിന്നാണ് ഇതുപറയുന്നത്. അഞ്ചാറുവര്‍ഷമായി സ്വന്തം കൃഷിയിടത്തില്‍ പൊപ്പോലു കൃഷിചെയ്യുന്നുണ്ട്.

പസഫിക് മേഖലയിലെ പോളിനേഷ്യന്‍ പ്രദേശങ്ങളില്‍നിന്ന് കേരളത്തിലെത്തിയ വാഴയിനമാണ് പൊപ്പോലു. ചിപ്‌സിനും കറികള്‍ക്കും മെഴുക്കുപുരട്ടിക്കുമെല്ലാം ഒന്നാന്തരമാണ് പൊപ്പോലു കായ. വിളയാന്‍ പത്തുമാസംമതി. ഒരുകുലയില്‍ നാല്പതുവരെ കായ്കളുണ്ടാകും. രണ്ടേകാല്‍ കിലോ കായ് വറുത്താല്‍ ഒരു കിലോ ചിപ്‌സ് ലഭിക്കും.

നേന്ത്രക്കായാണെങ്കില്‍ മൂന്നേകാല്‍കിലോവേണം. നേന്ത്രവാഴ കൃഷിചെയ്യുംപോലെതന്നെ പൊപ്പോലുവും കൃഷിചെയ്യാമെന്ന് നാരായണന്‍കുട്ടി പറഞ്ഞു. രോഗപ്രതിരോധശേഷി നല്ലവണ്ണമുള്ള ഇനമാണിത്. കൂടുതല്‍ വാഴ കൃഷിചെയ്യുകയാണെങ്കില്‍ ചിപ്‌സാക്കി വില്‍ക്കുന്നതിനുള്ള വിപണിസാധ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മണ്ണും കാലാവസ്ഥയും പൊപ്പോലു കൃഷിക്ക് അനുയോജ്യമാണെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ കണ്ണാറയിലുള്ള വാഴ ഗവേഷണകേന്ദ്രത്തില്‍ സയന്റിസ്റ്റ് ഡോ. പി.ആര്‍. മഞ്ജു പറഞ്ഞു. ടിഷ്യൂ കള്‍ച്ചറിലൂടെ ഉണ്ടാക്കിയ ഇതിന്റെ തൈകള്‍ വാഴഗവേഷണകേന്ദ്രത്തില്‍ വില്‍ക്കുന്നുണ്ട്. മുപ്പതുരൂപയാണ് ഒരു തൈക്ക് വില. 

വിവരങ്ങള്‍ക്ക്: 04872699087

Content Highlights: Grow popoulu banana