നാട്ടിന്‍പുറങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഇതിന്റെ വിത്തിന് ഉണങ്ങിയാല്‍ കസ്തൂരിയുടെ മണമാണ്. അങ്ങനെയാണ് കസ്തൂരിവെണ്ട എന്ന പേരുകിട്ടിയത്. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. കായകള്‍ക്ക് സാധാരണ വെണ്ടയെക്കാള്‍ നീളം കുറവാണ്. ഇളം കായകള്‍കൊണ്ട് സാമ്പാര്‍, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാം. തളിരിലകൊണ്ട് ചിലര്‍ തോരന്‍വെക്കും.

ഒരു ചെടിയില്‍ത്തന്നെ ധാരാളം കായകളുണ്ടാകും. പ്രത്യേക ശ്രദ്ധയോ പരിചരണമോ വേണ്ടാ. വിത്തുമുളപ്പിച്ച് തൈയുണ്ടാക്കാം. വേരുകളില്‍നിന്നുകൂടി തൈകള്‍ മുളയ്ക്കും എന്നതിനാല്‍ ഒരിക്കല്‍ നട്ടാല്‍ ഇഷ്ടംപോലെ ഉണ്ടായിക്കൊള്ളുമെന്ന് പയ്യന്നൂര്‍ കാറമേലിലെ എ.വി. ധനഞ്ജയന്‍ പറഞ്ഞു. മൂത്രാശയ, ശ്വാസകോശ രോഗങ്ങള്‍ക്ക് കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ഔഷധമാണ്.

വിത്തില്‍ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. കസ്തൂരിവെണ്ടയില്‍നിന്ന് ലഭിക്കുന്ന എണ്ണ, മൃഗത്തില്‍നിന്നെടുക്കുന്ന കസ്തൂരിക്കുപകരം ഉപയോഗിക്കാറുണ്ട്. മാല്‍വേസി കുടുംബത്തില്‍പ്പെട്ട കസ്തൂരിവെണ്ടയുടെ ശാസ്ത്രനാമം: ഹിബിസ്‌കസ് അബല്‍മോസ്‌കസ്. 

വിവരങ്ങള്‍ക്ക്: 9447469736.

Content Highlights: Grow kasthuri venda in Kitchen Garden