വക്കാഡോ അഥവാ വെണ്ണപ്പഴത്തിന് ഇന്ന് വിപണിയില്‍ ആവശ്യക്കാരുണ്ട്. നല്ല വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഇന്ന് അവക്കാഡോ (വെണ്ണപ്പഴ) കൃഷി തുടങ്ങിയിട്ടുണ്ട്. ഒരു കിലോയ്ക്ക് 200 രൂപ വരെ വിലയുണ്ട്. ഒരു മരത്തില്‍നിന്ന് 50 കിലോ മുതല്‍ 300 കിലോ വരെ ലഭിക്കും. പരിചരണം ഏറ്റവും കുറവുമതി എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത.

മേയിലോ അല്ലെങ്കില്‍ മഴക്കാലത്തിന്റെ അവസാനമോ ആണ് തൈകള്‍ നടേണ്ടത്. ഉത്പാദനക്ഷമത കൂടിയ ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വര്‍ഷങ്ങളായി വയനാട്ടില്‍ പഴവര്‍ഗക്കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വയനാട് കല്‍പ്പറ്റയ്ക്കടുത്ത കൊളവയലിലെ സി. കിരണ്‍ പറഞ്ഞു.

ഇനങ്ങള്‍

നൂറിലധികം ഇനം തൈകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. ഗ്വാട്ടിമാല, മെക്‌സിക്കന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ മൂന്നുതരം വെണ്ണപ്പഴങ്ങളാണുള്ളത്. ഇതില്‍ മെക്‌സിക്കന്‍, ക്വിന്റല്‍, ജംഹാസ്, ലാംഹാസ്, പിങ്കര്‍ട്ടണ്‍ തുടങ്ങി 16 ഇനം കിരണ്‍ കൃഷി ചെയ്തിട്ടുണ്ട്. കൂടാതെ 15-ഇനം സെലക്ഷന്‍ തൈകളും കൃഷിയിടത്തിലുണ്ട്.

നടേണ്ട വിധം

കുരു മുളപ്പിച്ചതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ തൈകള്‍ നടുന്നുണ്ടങ്കില്‍ മധ്യഭാഗത്ത് ബി (ആണ്‍) വിഭാഗത്തില്‍പ്പെട്ട ഒരു തൈകൂടി നട്ടാല്‍ പരാഗണം വേഗത്തിലാകാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും സഹായിക്കും. ഒരു മീറ്റര്‍ ആഴത്തില്‍ അരമീറ്റര്‍ സമചതുരത്തില്‍ കുഴിയെടുത്ത് അടിവളമായി ചാണകം, ജൈവവളം മിശ്രിതം എന്നിവ നിറച്ച് അതിനുമുകളില്‍ അല്പം മണ്ണിട്ട് തൈകള്‍ നടാം. 

ചുവട്ടില്‍ വൈക്കോലോ ചവറോ പച്ചിലകളോ ഇട്ട് പുതയിടുന്നത് നല്ലതാണ്. പിന്നീട് വലിയ പരിചരണം ആവശ്യമില്ലങ്കിലും ആദ്യ രണ്ടുമൂന്നുവര്‍ഷം ഇടയ്ക്കിടെ ഫംഗല്‍ ബാധയുണ്ടാകാതിരിക്കാന്‍ വേപ്പെണ്ണ പേസ്റ്റ് ചെയ്ത് കൊടുക്കുന്നതും ബോര്‍ഡോ മിശ്രിതം പുരട്ടുന്നതും നല്ലതാണ്. 

വിവരങ്ങള്‍ക്ക്: 9847321500.

Content Highlights: Avocado Fruit Farming Information