വിവിധ സൂക്ഷ്മാണുക്കളുടെ സസ്യവളര്‍ച്ചാസഹായിയായ ഒരു കൂട്ടായ്മയാണ് 'അര്‍ക്ക മൈക്രോബിയല്‍ കണ്‍സോര്‍ഷ്യം'. നൈട്രജന്‍, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ മൂലകങ്ങള്‍ ലഭ്യമാക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കള്‍ ഇതിലുണ്ട്. ഇതു പ്രയോഗിച്ചാല്‍ വിത്ത് വേഗം മുളയ്ക്കും, തൈകള്‍ വേഗം പറിച്ചുനടാന്‍ പാകമാകും, തൈകള്‍ക്ക് കരുത്തേറും, വളപ്രയോഗം 25-30 ശതമാനം കുറയ്ക്കാനാകും, പച്ചക്കറി വിളവ് 5-15 ശതമാനം കണ്ട് വര്‍ധിക്കും. 200 ഗ്രാം പച്ചക്കറിവിത്ത് പരിചരിക്കാന്‍ 20 ഗ്രാം കണ്‍സോര്‍ഷ്യം മതി. ഒരു ടണ്‍ ചകിരിച്ചോറ് പോഷകസമൃദ്ധമാക്കാന്‍ ഒരു കിലോ കണ്‍സോര്‍ഷ്യം വേണം. 

20 ഗ്രാം കണ്‍സോര്‍ഷ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിത്തടത്തില്‍ തൈ പറിച്ചുനട്ട് പത്താംദിവസം ചേര്‍ത്താല്‍ രോഗകീടബാധ തടഞ്ഞ് കരുത്തോടെ തൈകള്‍ വളരും.

കണ്‍സോര്‍ഷ്യത്തിന്റെ  ദ്രവലായനി 1.5 ലിറ്റര്‍ 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി രണ്ടാഴ്ച ഇടവിട്ട് തളിച്ചാല്‍ മാതളം ഉള്‍പ്പെടെയുള്ള ഫലസസ്യങ്ങളില്‍ ബാക്ടീരിയല്‍ വാട്ടം പോലുള്ള രോഗങ്ങള്‍ ഫലപ്രദമായി തടയാം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചാണ് ഈ പുതിയ വളര്‍ച്ചാ സഹായി കണ്ടെത്തിയത്. 

(ഫോണ്‍: 08023086100, 08028466471.)