കേരളത്തിന്റെ തനത് പച്ചക്കറികളില്‍ പ്രധാനിയാണ് വെള്ളരി. ഇതില്‍ത്തന്നെ പ്രധാനപ്പെട്ട രണ്ടിനം നാം കൃഷി ചെയ്യാറുണ്ട്. തെക്കന്‍ കേരളത്തില്‍ പ്രചാരമുള്ള പൊട്ടുവെള്ളരിയും മലബാര്‍ മേഖലയ്ക്ക് പ്രിയപ്പെട്ട സ്വര്‍ണനിറമുള്ള കണിവെള്ളരിയും. ഇങ്ങനെ രണ്ടിനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാറുണ്ടെങ്കിലും വിഷുവിന് പ്രിയം കണിവെള്ളരി തന്നെ.

ഗുണങ്ങള്‍

വെള്ളരിക്ക സ്വതവേ തണുപ്പ് നല്‍കുന്ന പച്ചക്കറിയാണ്. എന്നാല്‍, വെള്ളരി വിവിധങ്ങളായ മൂലകങ്ങളുടെ കലവറയാണ് എന്ന് എത്ര പേര്‍ക്കറിയാം? മാരക രോഗങ്ങള്‍ക്കെതിരേ പ്രതിരോധശേഷി നല്‍കുന്ന ഫ്‌ളവനോയിഡുകള്‍, ലീഗിനിനുകള്‍, കുക്കര്‍ബീറ്റസീന്‍, ട്രൈ ടെര്‍പീനുകള്‍, ആന്റി ഓക്സിഡന്റുകള്‍, കാന്‍സര്‍ രോഗത്തെപോലും പ്രതിരോധിക്കാന്‍ കെല്പുള്ള ധാതുക്കളുടെ കലവറയാണ് വെള്ളരിയിലുള്ളത്. 

വെള്ളരി വിത്തുകള്‍ കാല്‍സ്യത്തിന്റെ നല്ല സ്രോതസ്സാണ്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെള്ളരി കായ്കളില്‍ 95 ശതമാനവും വെള്ളമാണ്. ഈ വേനലില്‍ നമ്മുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും നിര്‍ജ്ജലീകരണം തടയുന്നതിനും ഈ കനി അത്യുത്തമമാണ്. വെള്ളരി ചാറിന് ത്വക്കിലെ ചുളിവുകള്‍ മാറ്റുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനുമുള്ള കഴിവുണ്ട്. അതിനാല്‍ത്തന്നെ മുഖകാന്തിക്ക് വെള്ളരിച്ചാറ് അത്യുത്തമമാണ്.

സൂര്യതാപീകരണം മൂലം കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ് അകറ്റുന്നതിനും കണ്ണിനുണ്ടാകുന്ന വീക്കം തടയുന്നതിനും വെള്ളരിച്ചാറ് പുരട്ടുന്നത് നല്ലതാണ്.

വിവരങ്ങള്‍ക്ക്: 9744444279

Content Highlights: Agriculture, Kitchen Garden, cucumber