ഴയകാലത്ത് മരങ്ങളില്‍പ്പടര്‍ത്തിയിരുന്ന ഒരിനം കിഴങ്ങാണ് നൂറ്റക്കായ. ഒരുവള്ളിയില്‍ത്തന്നെ നൂറുകണക്കിന് കായ്കളുണ്ടാകുന്നതിനാലാണ് ഈ പേര്. മണ്ണിനടിയിലെ കിഴങ്ങും വള്ളികളിലെ കായ്കളും ഉപയോഗിക്കാം. വെറുതേ ഉപ്പിട്ട് പുഴുങ്ങിത്തിന്നാം. കറികളും ഉപ്പേരിയുമുണ്ടാക്കാം.

പുഴുങ്ങി തൊലികളഞ്ഞാണ് കറിക്കും ഉപ്പേരിക്കും എടുക്കുക. മണ്ണിനടിയിലെ കിഴങ്ങിനാണ് രുചി കൂടുക. കിഴങ്ങ് കുഴിച്ചെടുത്താല്‍ നാലും അഞ്ചും അടി ഉയരമുണ്ടാകും. വള്ളികളിലെ കായ്കള്‍ കാലിലെ ചെറുവിരല്‍ വലുപ്പത്തിലും പടവലങ്ങ വലുപ്പത്തിലും ഉണ്ടാകാം. നൂറോന്‍ കാച്ചില്‍, എലി വാലന്‍ കാച്ചില്‍, നീണ്ടി എന്നൊക്കെ ഇതിന് പേരുകളുണ്ട്.

വള്ളിയില്‍ ചെറിയ മുള്ളുകാണാം. കാവിത്തുപോലെ വലിയ പരിപാലനമൊന്നുമില്ലാതെ ഇത് നമ്മുടെ തൊടിയില്‍ വളര്‍ത്താമെന്ന് തൃശ്ശൂര്‍ വലപ്പാട്ടെ റിട്ട. പ്രഥമാധ്യാപകനും കര്‍ഷകനുമായ പി.എ. ജോസഫ് പറഞ്ഞു. 

മണ്ണിനടിയില്‍നിന്നെടുക്കുന്ന കിഴങ്ങോ വള്ളിയിലെ കായോ നട്ടാല്‍മതി. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് നടണം. മഴ വൈകിയാല്‍ നനച്ചുകൊടുക്കണം. മഴക്കാലംതീരുമ്പോഴേക്ക് ഫലം കിട്ടിത്തുടങ്ങും. 

വിവരങ്ങള്‍ക്കും വിത്തിനും: 9446224648, 0487 2395708

Content Highlights: Agriculture Kitchen Garden