സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടി ഉയരത്തില്‍ നെല്ല് വിളയുന്ന നാട്. മാനം തൊടുന്ന മലനിരകള്‍ക്ക് നടുവില്‍ പച്ചപരവതാനി പോലെ നെല്‍വയലുകള്‍. കമ്പളനാട്ടിയും കൊയ്ത്തും പത്തായപുരകളുമായി നെല്‍കൃഷിയുടെ ആരവങ്ങള്‍ ഈ നാടിന്റെ ചരിത്രമായിരുന്നു. കന്നുകാലി കൂട്ടങ്ങളും വലിയ ആലകളും വിശാലമായ നെല്‍ക്കളങ്ങളുമുള്ള കര്‍ഷക തറവാടുകള്‍. അന്നം തരുന്ന നെല്‍വയലുകള്‍ക്ക് അഭിമുഖമായി കര്‍ഷകരുടെ സങ്കേതങ്ങള്‍. ഇതൊന്നും  ഇന്നിവിടെയില്ല. നിറഞ്ഞു തുളുമ്പിയ പത്തായപുരകളും നാടിന് നഷ്ടമായി. സ്വയം പര്യാപ്തമായ ഭക്ഷ്യസംസ്‌കാരം അന്യമായതോടെ മറുനാട്ടില്‍ നിന്നും വരുന്ന അരിവണ്ടികളെ കാത്താണ് വയനാട്ടുകാരുടെയും ഇന്നത്തെ ജീവിതം. ഇവിടെയാണ് മാനന്തവാടി കമ്മനയിലെ ചെറുവയല്‍രാമന്‍ എന്ന ആദിവാസി കര്‍ഷകന്റെ പ്രസക്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വയനാടിന്റെ മണ്ണില്‍ വേരാഴ്ത്തിനിന്ന അമൂല്യമായ നെല്‍വിത്തുകളെ ഈ  പരമ്പരാഗതകര്‍ഷകന്‍ ഇന്നും പരിപാലിക്കുന്നു. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള  വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ ഇന്ന് രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ  നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്.നാടിന്റെ നന്മയും നാട്ടുരുചിയുമുളള തനത് ഭക്ഷണ രീതികളും പാരമ്പരൃഅറിവുകളുമെല്ലാം എളിമയുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ രാമന്‍ വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.


കനത്തചൂടിന് പിന്നാലെ ഇരുണ്ടുയര്‍ന്ന കിഴക്കന്‍ ചെരുവില്‍ നിന്നും  മഴ ഇരമ്പിവന്ന സായഹ്നം.താഴെവയലില്‍ നിന്നും രമേട്ടന്‍ തന്റെ വീടിന്റെ  ഇറയത്തേക്ക്മഴ നനഞ്ഞു കയറി വന്നു.പുല്ലിറയില്‍ നിന്നും താഴേക്ക്പതിക്കുന്ന ഇറവെളളത്തില്‍ കൈകാല്‍കഴുകി കോലായില്‍വിരിച്ച മന്ദിരയിലിരുന്ന് പഴയകാലത്തെക്കുറിച്ച് ഈ കര്‍ഷകന്‍ പറഞ്ഞുതുടങ്ങി..

കാറ്റും കോളും ഇളക്കിമറിച്ച വയനാടന്‍ കാര്‍ഷിക ജീവിതം.കൃഷി അന്യമായ പുതുലമുറയും ഈ മഴയും എന്താണ് അനുഭവം.

#….കാലം തെറ്റിപ്പോയ ഈ മഴ ഇത്തവണ മാത്രം എന്തോ തിരിച്ചത്തിയതുപോലെ.ഈ പുതുമഴയൊക്കെ വയനാടിന് ഒരു കാലത്ത് പതിവു തെറ്റാതെ വന്നിരുന്നു.മനുഷ്യനും മാറി അതുകൊണ്ട് പ്രകൃതിയും മാറി.മേടത്തില്‍ വിഷുകഴിയുന്നതോടെ വയലായ വയലൊക്കെ ഏരുപൂട്ടുന്നവരെ കൊണ്ട് നിറയും.ഏക്കര്‍ കണക്കിന് വയലില്‍ പകുതിയോളം പൊടി വിതയ്ക്കുള്ളതാണ്.ഉഴുതു മുറിയുന്ന ചാലില്‍ മറിഞ്ഞ് വീഴുന്ന വലിയ മണ്‍കട്ടകള്‍ തല്ലിപ്പൊടിക്കാന്‍ സ്ത്രികളെ നിയോഗിക്കും.പൊടിഞ്ഞ് പാറുന്ന പാടത്തേക്കാണ് വെളിയന്‍ വിത്തെറിയുക.വരണ്ട മണ്ണില്‍ ദിവസങ്ങള്‍ പിന്നിടും മുമ്പേ ഇവ പൊടിച്ചു തുടങ്ങും.പച്ചപ്പുകള്‍ നിറഞ്ഞ പൊടി വിതപ്പാടങ്ങളുടെ കാഴ്ച ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്.വാളിച്ച എന്നാണ് ഈ പാടങ്ങള്‍ക്ക് മുന്‍ തലമുറ വിളിപ്പേരു നല്‍കിയത്.മഴയെത്ത് തഴച്ചു പൊങ്ങിയ നെല്‍ച്ചെടികളുടെ നാമ്പുകള്‍ ഒന്നുമുറിച്ചു കൊടുക്കണം.ഇതിനായി കന്നുകാലികളെ മേയാന്‍ വിടുന്നതാണ് പതിവ്.ഇക്കാലമെല്ലാം പോയ്മറഞ്ഞു.ഈ മഴയും പാടവും കൃഷിയും ഇന്നുള്ളവര്‍ക്ക് വേണ്ട.പുതുമഴയയുടെ ഗന്ധം പോലും തിരിച്ചറിയാന്‍ കഴിയാത്തവരുടെ നാട്ടില്‍ കര്‍ഷകന്‍ അവരുടെ കണ്ണില്‍ വിലയില്ലാത്തവനാണ്.കാല്‍ ചുവട്ടിലെ മണ്ണും അവസാനം ഒലിച്ചു പോകുമ്പോള്‍ മാത്രമായിരിക്കും ഇവരെല്ലാം തിരിച്ചറിയുക ഈ  പാടങ്ങളില്‍ അന്തിയാവോളംപണിയെടുത്തവന്റെയും ഒരു പിടി ധാന്യത്തിന്റെയും വില.പരമ്പരാഗതമായി നെല്ല് കൃഷി ചെയ്യുന്നവരുടെ അവസാന തലമുറയും കടന്നുപോവുകയാണ്.ഇതുമായി ചേര്‍ന്നിരിക്കുന്ന സംസ്‌കാരത്തിനും ഇതോടെ അറുതിയാകും.

നെല്‍വിത്തുസംരക്ഷകനായി ഒരു ലളിത ജീവിതം.അമൂല്യം നെല്‍വിത്തുകള്‍ മാത്രം അരനൂറ്റാണ്ടിന്റെ സമ്പാദ്യം.എത്ര മാത്രംവെല്ലുവിളിനിറഞ്ഞതാണ് ഈ ജീവിതം.

ഒരു പൈതൃക കര്‍ഷകന്‍ എന്ന നിലയില്‍ വെല്ലുവിളികള്‍ മാത്രമാണ് ഇക്കാലംവരെയും ഉണ്ടായിട്ടുളളത്. ലാഭ നഷ്ടക്കണക്കുകള്‍ നോക്കിയാല്‍ വര്‍ഷത്തില്‍ പതിനായിരം രൂപയോളം നഷ്ടമുണ്ട്.നെല്‍കര്‍ഷകരുടെയെല്ലാം അവസ്ഥതന്നെയാണ് ഇത്.പൈതൃക വിത്തുകളുടെ മൂല്യം ആര്‍ക്കെങ്കിലും ഒരുകാലത്ത് കണക്കാക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ വരും കാലത്തിന്റെ ഏറ്റവും വലിയ സമ്പാദ്യാമായിരിക്കാമിത്.കാലത്തിന് കൈമോശം വരുന്നവയെ സംരക്ഷിക്കുക എന്നത് ചെറിയ കാര്യമല്ലെന്നറിയാം.ഞാന്‍ മാത്രമല്ല എന്റെ വീട്ടുകാര്‍ കൂടി ഈ ഉദ്യമത്തില്‍ പങ്കാളിയാണ്.മറ്റു തൊഴിലുകള്‍ പോലും ഉപേക്ഷിച്ച് മക്കളും എന്റെ കൂടെ പാടത്തേക്ക് വരുന്നു.അവര്‍ സ്വപ്നം കാണുന്നതുപോലെയുള്ള ജീവിത അന്തരീക്ഷവും ഇവിടെയില്ലെന്നറിയാം.പൈതൃക നെല്‍വിത്ത് സംരക്ഷത്തിന്റെ ആവശ്യകതകള്‍ ഞാന്‍ പറയാതെ തന്നെ അവരും മനസ്സിലാക്കിയിരിക്കുന്നു എന്നു വേണം പറയാന്‍.

 

എനിക്ക് കിട്ടിയ പൈതൃകം അത് എന്നിലൂടെ എന്റെ ഇളയ തലമുറകള്‍ ഏറ്റെടുക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു.സ്വയം പര്യാപ്തമായ ഭക്ഷ്യശീലം ഞാന്‍ മനസ്സിലാക്കിയത് എന്റെ പൂര്‍വ്വികരില്‍ നിന്നാണ്. അക്കാലത്ത് നെല്ലാണ് എല്ലാം.പണത്തിന് പകരം നെല്ല് പകരം നല്‍കുന്ന രീതി.പത്തായത്തില്‍ നെല്ലു നിറഞ്ഞാല്‍ ഒരാണ്ടിലേക്കുള്ള സമ്പാദ്യമായി.അങ്ങിനെ നെല്ല് ഞങ്ങളുടെ ഗോത്ര സംസ്‌കാരത്തിന്റെയും ഭാഗമായി.നെല്ലിനോടുളള സ്‌നേഹം ഇതാ ഇതിവരെയും കുറഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ എന്റെ ജിവീതത്തിന്റെ ഏറിയ പങ്കും ഇതിനോടൊപ്പം തന്നെയായി.സമൂഹത്തില്‍ നിന്ന് ഒരുപാട് അംഗീകാരങ്ങളും എനിക്ക് കിട്ടി.പാരമ്പര്യ നെല്‍കര്‍ഷകന്‍ എന്ന പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്.വയനാട്ടില്‍ നെല്‍കൃഷി തലമുറകളായി നിനനിര്‍ത്തുന്നവരുടെ പ്രതിനിധി മാത്രമാണ് ഞാന്‍.എനിക്ക് കിട്ടുന്ന പ്രശ്‌സ്തിയെല്ലാം അവര്‍ക്കുകൂടിയുള്ളതാണ്.

ഹരിത വിപ്ലവം വന്നു.സങ്കരയിനം വിത്തുകളും ഏറെയുണ്ട്.സ്വന്തം കൈയ്യിലുള്ള പഴയകാല വിത്തുശേഖരം എങ്ങിനെ ഇതിനൊക്കെ ബദലാകും.

പഴയകാല വിത്ത് എന്നല്ല പറയേണ്ടത്.അതെല്ലാം പ്രകൃതിയുടെ വിത്തുകളാണ്.വയനാടിന്റെ ചതുപ്പ് പാടങ്ങളില്‍ എന്നോ പൊട്ടിമുളച്ചത്.പരിപാലിച്ചാല്‍ എത്ര കാലം വേണ വേണമെങ്കിലും നിലനില്‍ക്കുന്നവ.യൂണിവേഴ്‌സിറ്റികളില്‍ പിറവികൊണ്ടതല്ല അതൊന്നും.മണവും ഗുണവുമുള്ള ഈ വിത്തിനങ്ങളുടെ അരികിലെത്താന്‍ സങ്കരയിനങ്ങള്‍ക്ക് എത്ര പരിശ്രമിച്ചാലും കഴിയില്ല.ഇതെല്ലാം അനുഭവം കൊണ്ട് തന്നെയാണ് പറയുന്നത്.ഏറിയാല്‍ ഒരു വര്‍ഷം മാത്രമാണ് പുതിയ നെല്ല് നമുക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുക.അതുകഴിഞ്ഞാല്‍ ഇവയെല്ലാം നശിച്ചുതുടങ്ങും.പഴയകാല നെല്‍വിത്തുകള്‍ പലതും പതിറ്റാണ്ടുകള്‍ വരെ ഉണക്കി സൂക്ഷിക്കാന്‍ കഴിയുന്നു.ഗുണം ചോരാതെ പുതിയ കൃഷിക്കും ഈ വിത്തുകള്‍ തന്നെ മതിയാകും.ശാസ്ത്ര ലാബുകളില്‍ പിറന്ന വിത്തുകള്‍ അന്ധകവിത്തുകളാണ്.നമ്മുടെ അന്നത്തിലുമുള്ള കുത്തകകളുടെ കടന്നുകയറ്റമെന്നല്ലേ ഇതിനെ ഇക്കാലം വിലയിരുത്തുന്നത്.

 

ഇതിന്റെ പിറകെ പോകാന്‍ പറഞ്ഞവര്‍ പോലും ഇപ്പോള്‍ പഴയവിത്തുകളിലേക്ക് തിരിച്ചുനടക്കാനാണ് പറയുന്നത്.രോഗ പ്രതിരോധ ശേഷിയില്‍ പോലും തനതുവിത്തുകളെ തോല്‍പ്പിക്കാന്‍ പുതിയവയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതെല്ലാം മനസ്സിലാകണമെങ്കില്‍ വയനാട്ടിലെ പാടങ്ങളില്‍ ഒന്നു വന്നാല്‍ മതിയാവും.ശാസ്ത്ര പരീക്ഷണങ്ങള്‍ അനിവാര്യമാണ് എന്നാല്‍ പ്രകൃതി നിയമങ്ങളെ തിരുത്തുന്ന നിലപാടുകളാണ് മാറേണ്ടത്.കൃഷിഭവനുകളില്‍ നിന്നും പുതിയ വിത്തുകള്‍ വിലകൊടുത്താല്‍ കിട്ടും.ഒരു വര്‍ഷം മാത്രമാണ് ഇതിന്റെ ഉപയോഗം.വീണ്ടും വിത്ത് ഇതില്‍ നിന്നുമെടുക്കാന്‍ കഴിയില്ല.ഇതാണ് അന്ധകവിത്ത്.ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും അധികതര്‍ തന്നെ.രോഗവ്യാപനവും ഈ വിത്തുകള്‍ക്ക് കൂടുതലാണ്.

cheruvayal raman

വയലുകളുടെ നാടാണിത്.ചെളിയിലും ചേറിലുമായി കഴിഞ്ഞ പോയതലമുറകള്‍.ഗതകാല പൈതൃകത്തിലേക്ക് ആകൃഷ്ടനായത്  എങ്ങിനെയാണ്.

ഞങ്ങള്‍ കുറിച്യസമുദായക്കാരാണ്.കൃഷിയാണ് ഞങ്ങളുടെ കുലത്തൊഴില്‍ എന്ന് വേണമെങ്കില്‍ പറയാം.പഴശ്ശി വിപ്‌ളവത്തിന് ശേഷം ഞങ്ങള്‍ക്ക് ജന്മിമാരില്‍ നിന്നുമുള്ള പാട്ടഭൂമിക്ക് അവകാശം കിട്ടി.കൂട്ടുകുടംബ വ്യവ്‌സഥിതിയായതിനാല്‍ ഓരോ തറവാടിനും വയാലായും കരയായും ഒട്ടേറെ സ്ഥലമുണ്ട്.പണിയെടുക്കാനും ആളുകള്‍ ഏറെയുണ്ടായിരുന്നു.കരാണവരും അമ്മാവനും മരുമക്കളുമടങ്ങുന്ന കുടംബത്തില്‍ നല്ലരീതിയില്‍ നെല്‍കൃഷി നടന്നിരുന്നതിനാല്‍ പട്ടിണിയെന്തെന്ന് അറിയേണ്ടി വന്നിട്ടില്ല.ഏക്കര്‍ കണക്കിന് പാടത്ത് വേറെ വേറെ നെല്ല് ഇനം തിരിച്ചാണ് കൃഷി.സുഗന്ധനെല്‍കൃഷിയും മുറതെറ്റാതെ നടന്നു.വയനാട്ടിലെ പരമ്പരാഗതമായ ജന്മിമാരുടെ കൃഷിയിടത്തില്‍ നിന്നുമാണ് ഇവയെല്ലാം ലഭിച്ചത്.ഞങ്ങളുടെ കാരണവര്‍മാര്‍ നെല്ലിന്റെ പക്കങ്ങളും മൂപ്പുമെല്ലാം ഇനം തിരിച്ച് മനസ്സിലാക്കി.ഒന്നും എഴുതിവെച്ചതല്ല.കാലങ്ങളായി കൈമാറി മനപാഠമായതാണ് ഇവയെല്ലാം.

 

ഗന്ധകശാലയും ജീരകശാലയും വെളിയനും തൊണ്ടിയും തുടങ്ങി എന്റെ ചെറുപ്പത്തില്‍ എണ്ണമറ്റ വിത്തുകളുടെ കലവറയായിരുന്നു ഈ നാട്.ഈ പശ്ചാത്തലത്തിലാണ് പത്താം വയസ്സുമുതല്‍ ഞാനും പാടത്തേക്ക് ഇറങ്ങുന്നത്.അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തി പൂര്‍ണ്ണമായും കൃഷിയിടത്തിലായി.ഇന്ന് അഞ്ചുപതിറ്റാണ്ട് പിന്നിട്ട കൃഷി അനുഭവങ്ങളില്‍ ഞാന്‍ എന്റെ ജീവിതം പാഴാക്കിയില്ല എന്നുപറയാം.മാനസ്സികമായി ഉന്മേഷം നല്‍കുന്ന പ്രക്രിയയാണ് കൃഷി.മറ്റേത് തൊഴിലില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സംതൃപ്തി കൃഷിയില്‍ നിന്നും കിട്ടിയ ഒരുകാലം ഉണ്ടായിരുന്നു.പിന്നീട് വന്ന മാറ്റമാണ് കൃഷിയെ കര്‍ഷകരില്‍ നിന്നും അകറ്റിയത്.സ്വന്തം സമുദായമായ കുറിച്യരില്‍  നിന്നുപോലും കൃഷി അന്യമായി.പുതുതലമുറകളാവട്ടെ മറ്റു തൊഴില്‍ തേടിയും യാത്രയായി.

എത്രതരം നെല്‍വിത്തുകള്‍ കൈവശമുണ്ട്.ഇവ പരിപാലിക്കുനതിന്റെ രീതി എങ്ങിനെയാണ്.

മുപ്പത്തിയഞ്ചിനം നെല്‍വിത്തുകള്‍ എന്റെ ശേഖരത്തിലുണ്ട്.ഇവ വയനാടിന്റെ തനതുനെല്ലിനങ്ങളാണ്.ചെമ്പകം, ചെന്താടി ,ഓണമൊട്ടന്‍, ചേറ്റുവെളിയന്‍ തുടങ്ങി വിത്തുകളുടെ പേരുകള്‍ നീളുന്നു.എന്റെ ചെറുപ്പ കാലം തൊട്ട് കൂടെയുള്ളതും പിന്നീട് ഞാന്‍ ശേഖരിച്ചതുമാണിത്. കൈവശമുള്ള മൂന്നരയേക്കര്‍ പാടത്തില്‍ അരയേക്കര്‍ പാടത്ത് ഈ നെല്‍വിത്തുകളെ വര്‍ഷത്തിലും ഞാന്‍ കൃഷി ചെയ്യുന്നു.ഓരോന്നും പ്രത്യേകം സ്ഥലമൊരുക്കി പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി.സി ആര്‍ (ചെറുവയല്‍ രാമന്‍) എന്ന ചുരുക്കപേരിനോട് നമ്പറിട്ട് ഓരോന്നിന്റെയും മൂപ്പനുസരിച്ച് വിളവെടുപ്പും നടത്തും.നന്നായി ഉണക്കിയെ നെല്‍വിത്ത് അടുത്ത വര്‍ഷത്തേക്ക് വാഴയിലയില്‍ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിക്കും.പാരമ്പര്യനെല്‍വിത്തുകള്‍ അന്വേഷിച്ചു വരുന്നവരെ നിരാശരാക്കുകയുമില്ല.രണ്ടു കിലോ വിത്തു വരെ പരമാവധി ഓരോ കര്‍ഷകനും നല്‍കും. വിത്തിന് പകരമായി പണം മേടിക്കുന്ന പതുവും ഇന്നോളമില്ല. പണം വേണ്ട അടുത്ത ആണ്ടില്‍ അത്രയും നെല്‍വിത്ത് കൃഷി ചെയ്തതില്‍ നിന്നും തിരികെ എത്തിച്ചാല്‍ മാത്രം മതി. ഇതുകൊണ്ട് ഒരു കൃഷിക്കാരനെ സൃഷ്ടിക്കാന്‍ കഴിയും പിന്നെ ഇവര്‍ തമ്മില്‍ ഒരു ആത്മബന്ധവും സ്ഥാപിക്കാന്‍ കഴിയുമല്ലോ. ഇത്തരത്തില്‍ ഇവിടെ നിന്നും വിത്ത് കൊണ്ട് പോയവര്‍ അനേകമുണ്ട്. തിരികെ വിത്തു നല്‍കി വാക്കുപാലിച്ചവരും ഏറെയുണ്ട്. ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നെല്‍വിത്ത് സംരക്ഷണം എവിടെയുമെത്തില്ല. ഇതിനായി ഒരു കൂട്ടായ്മ തന്നെ ഉണരണം.വിദേശത്തുള്ള ജീന്‍ ബാങ്കില്‍ വിത്തുകള്‍ സൂക്ഷിക്കാമായിരിക്കാം. എന്നാല്‍ ഇവരുടെ വിത്ത് സൂക്ഷിപ്പിന് പലതരം അജണ്ടകളുണ്ട്. ഇതിനായി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയില്ല.കൃഷിക്കാരന്‍ എന്നാല്‍ ഈ നാട്ടില്‍ ആത്മാര്‍ത്ഥതയുള്ളവന്‍ എന്നാണ് അര്‍ത്ഥം.അത് നില നിര്‍ത്താന്‍ തന്നെയാണ് ആഗ്രഹം.

ഇന്നത്തെ അവസ്ഥയില്‍ കൃഷി നഷ്ടമാണ്.കടം കയറി ആത്മഹത്യയില്‍ അഭയം തേടിയവര്‍ അനേകമുണ്ട്.ഇതിനിടയിലുള്ള അതിജീവനം സാധ്യമാണോ


കാലം മാറി.സൗകര്യങ്ങള്‍കൂടി.ജീവിക്കാനുള്ള ചെലവുകള്‍ ഏറെയായി.വരുമാന സ്രോതസ്സ് മാറ്റിയില്ലെങ്കില്‍ നിലനില്പ്പില്ല.ഇതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി.ഞാന്‍ ഇതിനെ അതിജീവിക്കുന്നത് ലളിതം ജീവിതം ശീലിച്ചതുകൊണ്ട് മാത്രമാണ്.കൃഷിയെ വ്യവസായമായി കണ്ടിട്ടില്ല.രാസവളങ്ങള്‍ മണ്ണിലെറിഞ്ഞ് എല്ലാം വലിച്ചൂറ്റിയിട്ടില്ല.നെല്‍ കൃഷി നിര്‍ത്തി വാഴകൃഷിക്കായി പാടത്തെ ഉപയോഗിക്കാം.ചിലപ്പോഴൊക്കെ വന്‍ ലാഭവും ഇതുകൊണ്ട് നേടാം.കടയില്‍ നിന്നും മറുനാടന്‍ അരിയും ചെലവിനായി കൊണ്ടുവരാം.കൃഷിനടത്താന്‍ ബാങ്കില്‍ നിന്നും വായ്പയും സംഘടിപ്പിക്കാം.കൃഷി നശിച്ചാലും സര്‍ക്കാരില്‍ നിന്നും നഷ്ട പരിഹാരവും നേടാം.വയനാട്ടിലെ ഒരു ശരാശരി കര്‍ഷകന്റെ നിലപാടുകള്‍ ഇങ്ങിനെയാണ്.കൃഷിയെല്ലാം നിര്‍ത്തി ഇപ്പോള്‍ കൃഷിഭവനിലാണ് ജോലി എന്നുള്ള ചൊല്ലാണ് ഇവിടെ പ്രചാരത്തിലുള്ളത്.ഞാന്‍ ചെയ്യുന്ന നെല്‍കൃഷിക്ക് സര്‍ക്കാരിന്റെ ധനസഹായം തേടി ഞാന്‍ പോയിട്ടില്ല.അരി വാങ്ങാതെ ചെലവിനുള്ള നെല്ല് കിട്ടുന്നത് തന്നെ ഇക്കാലത്ത് വന്‍ ലാഭമാണ്.യഥേഷ്ടം പല്ലുമുണ്ട്.പോത്തുകള്‍ക്കും പശുക്കള്‍ക്കുമെല്ലാം ഇത് തന്നെ ധാരാളം.വന്‍ തുക ബാങ്കില്‍ നിന്ന് വായപയെടുത്തുള്ള കൃഷിക്കും താല്‍പ്പര്യമില്ല.കൂടുതല്‍ ചെലവുവരുന്ന നൂതന കൃഷിയൊന്നും ശീലിച്ചിട്ടുമില്ല.അതുകൊണ്ട് തന്നെ ബാധ്യതയില്ല.മനസ്സമാധാനത്തിനും കുറവില്ല.ഇതാണ് പാരമ്പര്യകൃഷിയുടെയും ജീവിതത്തിന്റെയും അന്തരം.പ്രതിസന്ധികളെ താങ്ങാനുള്ള കരുത്ത് കര്‍ഷകനില്ല.കാരണം നര്‍മ്മലമാണ് ആ മനസ്സ്.അതുകൊണ്ടായിരിക്കാം പലരും ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ചത്.

cheruvayal rmana

മരിച്ച മണ്ണ് മാറുന്ന കര്‍ഷകന്‍ ഇതിനിടയില്‍ ജൈവകൃഷിയുടെ സ്വാധീനം പാരമ്പര്യ കര്‍ഷകനെ എത്രത്തോളം മാറ്റുന്നു.

രാസവളം വന്‍ വില കൊടുത്ത് വിപണിയില്‍ നിന്നും വാങ്ങുന്നതിന് പകരം ചാണകവും പച്ചിലവളവുമാണ് ഞാന്‍ വയലിലിടുന്നത്.തോട്ടത്തിലെ പച്ചിലകള്‍ ഒരുചാലുഴുത പാടത്തില്‍ മഴതുടങ്ങുന്നതിന് മുമ്പ് വിതറിയിടും.മഴയെത്തിയാല്‍ ഇവ ഏരുപൂട്ടുന്ന മുറയ്ക്ക് വയലിലേക്ക് ഓരോ ചാലിലും ചവിട്ടി താഴ്ത്തും.ഞാറ് നാട്ടി കഴിയുമ്പോഴേക്കും ഇവ അഴുകി നല്ല വളമായി തീര്‍ന്നിരിക്കും.കൂടാതെ ചാണകവും വിതറും.നാട്ടി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കരിനാട്ടിയാവും.കരിനാട്ടി എന്നാല്‍ ആവശ്യത്തിന് വളം കിട്ടുന്നതോടെ വളരുന്ന പൂര്‍ണ്ണ ആരോഗ്യമുള്ള നെല്‍പ്പാടം.ഇതായിരുന്നു വയനാടിന്റെ മുന്‍കാലത്തുള്ള നെല്‍കൃഷിയുടെ രീതി.വിത്ത് മാറി വളം മാറി കര്‍ഷകനും മാറി ഇതോടെ കണ്ണീരും കഷ്ടപ്പാടുകളും മാത്രമായി കര്‍ഷകനു ശീലം.

 

പണ്ടെക്കെ കന്നുകാലികളില്ലാത്ത വീടുകളുണ്ടായിരുന്നില്ല.ചാണകം വയലില്‍ കന്നുകാലിക്കൂട്ടങ്ങള്‍ മോയുന്നതിനാല്‍ ധാരാളം അടിഞ്ഞുകൂടുമായിരുന്നു.നെല്ലിന്റെ വളര്‍ച്ച അധികമാവാതിരിക്കാന്‍ ഇവ കോരികളഞ്ഞിട്ടുണ്ട്.ഇന്ന് ഇതിന്റെ അംശം പോലും വയലില്ല.മണ്ണെല്ലാം കടുത്ത രാസവള പ്രയോഗത്താല്‍ മരിച്ചുപോയി.പ്രയോഗിക്കുന്ന രാസവളത്തിന് ആശ്രയിച്ചുമാത്രമായി ഇന്ന് വിളവും.ജൈവകൃഷി വന്‍തോതില്‍ ഉത്പാദന നഷ്ടമുണ്ടാക്കുമെന്നാണ് പരക്കെ പറയുന്നത്.ഇതു ശരിയല്ല.വിളകളുടെ ശരിയായ വളര്‍ച്ചയ്ക്ക് ജൈവവളം തന്നെയാണ് ഉത്തമം.രാസവളങ്ങളുടെ അതിരറ്റ പ്രയോഗം കൃത്രിമമായ വളര്‍ച്ചയാണ് സസ്യങ്ങളിലുണ്ടാക്കുന്നത്.ഇതാണ് ഈ വിളകള്‍ എളുപ്പം രോഗത്തിന് കീഴടങ്ങുന്നതിനും കാരണം.കന്നുകാലികളെയും അന്യമായ കര്‍ഷകനാടിന് മറ്റൊന്നും ബദലായില്ല.ജൈവകൃഷി ചെയ്യുന്നതിനുള്ള വെല്ലുവിളിയും കന്നുകാലിക്കൂട്ടങ്ങളില്ലാതെപോയതാണ്.

കാലവസ്ഥ അനുദിനം മാറുന്നു.കാര്‍ഷിക കലണ്ടറും അടുമുടിമാറി.വിളനാശവും പതിവായി.കണ്ടുവളര്‍ന്ന കാലത്തെ എങ്ങിനെ ഓര്‍മ്മിക്കുന്നു.

കനത്ത മഴയും മഞ്ഞുമെല്ലാം വയനാടിന്റെ വിലാസമായിരുന്നു.കാലവസ്ഥയുടെ നിറം മാറ്റം ഓരോ കാലത്തെയും പതിവായി ഓര്‍മ്മിപ്പിച്ചു.ചിങ്ങത്തില്‍ ചിണുങ്ങിതന്നെയാണ് മഴ.കുഭത്തിലെ മഴ കുപ്പത്തൊട്ടിയും മാണിക്യമെത്തിച്ചു.പഴഞ്ചൊല്ലുപോലെ തന്നെ കാലത്തിന്റെ കണക്കുക്കൂട്ടലുകളൊന്നും തെറ്റിയില്ല.ജൂണ്‍ പിറക്കുമ്പോള്‍ തന്നെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെത്തും.കനത്ത മഴ ഒന്നടങ്ങുമ്പോഴേക്കും ഞാറുപറിച്ചു നടലിന് സമയമയി.കൃത്യമായകാലവസ്ഥയാണ് കാര്‍ഷിക വിളകളുടെ ഉത്പാദനം നിലനിര്‍ത്തിയത്.മറ്റുനാടുകളില്‍ നിന്നും വിഭിന്നമായ സീസണിലാണ് വയനാട്ടിലെ കൊയ്ത്തും മെതിയുമെല്ലാം.ഇതെല്ലാം ഈ കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്.ഇതിന്റെ താളം തെറ്റി.ഇന്ന് മഴ വന്നാല്‍ മഴയോട് മഴ.വരണ്ടു തുടങ്ങിയാല്‍ കൊടും വരള്‍ച്ച.കനാലില്‍ നിന്നും വെള്ളം തിരിച്ചുകൊണ്ട് വന്ന് മഴക്കാലത്തും കൃഷി നടത്തേണ്ട ഗതികേടുണ്ടായിട്ടുണ്ട്.താളം തെറ്റിയ കാലാവസ്ഥ വിളനാശത്തിന് ആക്കം കൂട്ടി.ഇതൊക്കെയാണ് കര്‍ഷകന്റെ മനസ്സിനെ തളര്‍ത്തുന്നത്.എങ്ങിനെയാണ് കാലാവസ്ഥ മാറാതിരിക്കുക.കാടുകൈയ്യേറി തീര്‍ന്നു.കാട്ടുതീയ്യും പതിവായി.മലയായ മലയൊക്കെ തുരുന്ന് തീര്‍ന്നു.പിന്നെ കാലം മാത്രം എന്തിന് മാറാതിരിക്കണം.നെല്ലിന് മാത്രമല്ല കാപ്പിക്കും കുരുമുളകിനുമെല്ലാം ഇത് കനത്ത തിരിച്ചടിയായി.ഇപ്പേങറ്റ വിളകള്‍ക്ക് വിലയുള്ളപ്പോള്‍ ഇവയൊന്നും കര്‍ഷകരുടെ പക്കല്‍ പേരിനുപോലും ഇല്ലാതായി.പറഞ്ഞു വരുമ്പോള്‍ പഴയകാലവും പുതിയ കാലവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം മാറിപ്പോയിരിക്കുന്നു.മറ്റെന്തെങ്കിലും പണിയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് ചുരുക്കം.

ആഢംബരത്തിന്റെ പൈതൃകമാണ് പുല്ലുമേഞ്ഞ വീട്.ചെറുവയല്‍ വീടിന്റെ മുറ്റത്ത് വന്നുചേരുന്നവരുടെ പ്രതികരണം എങ്ങിനെയാണ്.

മുന്‍ ധനമന്ത്രി തോമസ് ഐസക്കും നിയനസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ എന്റെ ഈ വീട്ടുമുറ്റത്ത് എത്തിയിട്ടുണ്ട്.അവരെയെല്ലാം ഞാന്‍ അതിഥിയായി സ്വീകരിച്ചു.ചോമാല നെല്ലിന്റെ ചോറും ഗന്ധകശാല അരിയുടെ പായസവുമെല്ലാം ഒരുക്കി ഒന്നാന്തരമൊരു നാടന്‍ സദ്യയും നല്‍കി.അങ്ങിനെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് നിരവധി പേര്‍ ഇവിടെ വരുന്നുണ്ട്.ഇവരെല്ലാം എന്റെ ഈ ഉദ്യമത്തിന് തികഞ്ഞ പിന്തുണയാണ് നല്‍കുന്നത്.ഇതെനിക്കൊരു പ്രചോദനവുമാണ്.ഇക്കാലത്തും പുല്ലുമേഞ്ഞ വീട് കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്നവരുണ്ട്.ഇതിനുള്ളിലെ കുളിരും ഇരുട്ടുമെല്ലാം എനിക്ക് തലമുറ തന്നതാണ്.ഇവ ഇങ്ങനെ തന്നെ നില്‍ക്കട്ടെ.വരും കാലം ഇതൊന്നു കാണുകയെങ്കിലും ചെയ്യട്ടെ.പൊളിച്ചു കളയാന്‍ എളുപ്പമാണ്.എന്നാല്‍ ഇതുപോലെ ഒന്ന് നിര്‍മ്മിക്കുക എന്നത് പുതിയ തലമുറയക്ക് അസാധ്യവുമാണ്.നെല്ല് മെതിക്കാനുള്ള വലിയ കളങ്ങളും ചാണകം മെഴുകി വരയിട്ട് മനോഹരമാക്കിയ തിണ്ടുകളും വലിയ നടകളുമെല്ലാം ഒരുകാലത്ത് ഞങ്ങളുടെ സമുദായത്തിന്റെ കൂടി അടയാളങ്ങളായിരുന്നു.ഇവ കാത്തുവെക്കുന്നതില്‍ ഞാനും അഭിമാനിക്കുന്നു.എത്ര കാലം ഇങ്ങനെ നിലനില്‍ക്കുമെന്നറിയില്ല.കാലങ്ങളോളം നില്‍ക്കണമെന്നാണ് മോഹം.

Cheruvayal raMAN

കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു.ആധുനിക ശാസ്ത്ര ലോകത്തോട് എന്താണ് പറഞ്ഞത്.

തികച്ചും അവിചാരിതമായിരുന്നു ആ ക്ഷണം.എനിക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല അവിടേക്ക് നടന്നുപോകാന്‍.ഞാന്‍ കടന്നുവന്ന പാതകള്‍ എനിക്ക് അതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു.ഞാന്‍ ആര്‍ജിച്ച പരമ്പരാഗത അിറവുകള്‍ അവര്‍ക്ക് മുന്നില്‍ ഒരു കൈയ്യെഴുത്ത് പ്രതി പോലുമില്ലാതെ അവതരിപ്പിച്ചു.കുതിച്ചു പായുന്ന കാലഘട്ടത്തില്‍ പഴമയുടെ നന്മകളെയും മൂല്യങ്ങളെയും വഴിയില്‍ ഉപേക്ഷിക്കുന്നവരോടായിരുന്നു എന്റെ ചോദ്യങ്ങളെല്ലാം.പകൃതിയുടെ ബാലന്‍സ് തെറ്റാതെ നിര്‍ത്താന്‍ പഴയകാലം കാട്ടിയ ഉത്തരവാദിത്തങ്ങളെ അവരും പ്രകീര്‍ത്തിച്ചു.വെറും പ്രാഥമികതല വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ എങ്ങിനെ ഇതെല്ലാം ഉള്‍ക്കൊണ്ടു എന്നായിരുന്നും പുതുതലമുറയിലെ ഒരു ശാസ്ത്രജ്ഞന്റെ ചോദ്യം.അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥന്‍ എന്നായിരുന്നു എനിക്ക് അന്ന് മറുപടി പറയാന്‍ കഴിഞ്ഞത്.ഒട്ടേറെ വലിയ വ്യക്തികളുമായി അടുപ്പമുണ്ടാക്കാന്‍ ഇതുകൊണ്ട് സാധിച്ചു.പരീക്ഷണ ശാലയിലെ ശാസ്ത്ര വിജയങ്ങള്‍ പോലെ കൃഷിചെയ്യുന്നതിനും അറിവ് അനിവാര്യമാണ്.ഇതിനായി ചുരുക്കവഴികളൊന്നുമില്ല.എഴുതി തയ്യാറാക്കുന്ന പാഠാവലികളുമില്ല.ചേറിലും പൊടിമണ്ണിലും വിയര്‍പ്പൊഴുക്കി മാത്രമാണ് ഈ അറിവുകള്‍ സ്വായത്തമാക്കാന്‍ കഴിയുക.പരമ്പരാഗത വിജ്ഞാനത്തിന് അഭിമാനിക്കാന്‍ കഴിയുന്ന അംഗീകാരമാണ് ഇവിടെ നിന്നും കിട്ടിയത്.

വയനാട്ടില്‍ നൂറുകണക്കിന് ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ കരയായി തരം മാറ്റപ്പെട്ടു.കുറെ തരിശായും പോയി.ശേഷിക്കുന്നവയില്‍ വാഴയും.നെല്‍കൃഷി തിരിച്ചുകൊണ്ടുവരാന്‍ എങ്ങിനെ കഴിയും.

കൃഷിയെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കും.എന്നാല്‍ ഇതില്‍ ഒരു ശതമാനം പോലും ചെളിയില്‍ ഇറങ്ങി പണിയെടുക്കാന്‍ മനസ്സില്ലാത്തവരാണ്.സ്വന്തം വയലുകള്‍ പാട്ടത്തിന് കൊടുത്ത് അരിവാങ്ങുന്നവനും മൈക്കിന് മുന്നില്‍ മറ്റുള്ളവരോട് കൃഷിചെയ്യാന്‍ പറയുന്ന കാലമാണിത്.കൃഷിയുടെ വിലയറിയുന്ന ഭരണാധികാരികളും ഇവിടെ ഇന്നില്ല എന്നുപറയാം.കര്‍ഷകന്റെ ആനുകൂല്യങ്ങള്‍ പോലും വ്യവസായികള്‍ തട്ടിക്കൊണ്ട് പോകുന്നു.കാര്‍ഷിക വായ്പ നല്‍കാന്‍ ബാങ്കുകള്‍ പോലും മടികാണിക്കുന്നു.രാജ്യ വ്യാപകമമായി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണിത്.തെങ്ങുകളും കവുങ്ങുകളും മത്രമല്ല ഇന്ന് വയല്‍ കീഴടക്കിയിരിക്കുന്നത്.വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അനുദിനം ഉയരുന്നു.വയല്‍നാട് എന്ന വിലാസം പോലും മാറ്റേണ്ട അവസ്ഥ വന്നിരിക്കുന്നു.

 

നെല്‍കൃഷി നശിച്ചാല്‍ അഞ്ച് പൈസ സര്‍ക്കാര്‍ ധനസഹായമില്ല.സഹായം വേണമെങ്കില്‍ പാടം വലിയ തുക കെട്ടിവെച്ച് ഇന്‍ഷൂര്‍ ചെയ്യണം.എന്നാല്‍ വാഴ നശിച്ചാല്‍ യാതൊരു ഇന്‍ഷൂറുമില്ലാതെ വലിയ തുക നഷ്ടപരിഹാരമായി നല്‍കുന്നു. വിചിത്രമായ രീതികള്‍ ഇവിടെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.കര്‍ഷകര്‍ എന്ന സമൂഹം ഇന്നും ഒറ്റക്കെട്ടല്ല.അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് കൂട്ടായ്മകളുമില്ല.അവരെല്ലാം കൃഷിയിടത്തിലും വീട്ടിലും മാത്രമായി ഒതുങ്ങുന്നതാണ് ഇന്നെത്തെ പ്രശ്‌നം.ചെറിയതലമുകളെ കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരണമെങ്കില്‍ ആകര്‍ഷകമായ പദ്ധതികളാണ്അനിവാര്യം.ഇവരെല്ലാം ഇപ്പോള്‍ മറ്റുതൊഴില്‍ തേടി നാടുവിട്ടുപോയിരിക്കുന്നു.ജോലി കൃഷിയാണ് എന്നു പറഞ്ഞാല്‍ ഇന്ന് വയനാട്ടിലെ യുവാക്കള്‍ക്ക് പെണ്ണുപോലും കിട്ടില്ല.അത്രയ്ക്കും അപകടരമാണ് കാര്‍ഷിക മേഖലയിലുള്ള ഇന്നത്തെ നിലനില്‍പ്പുകള്‍.

cheruvayal raman

പ്രകൃതിയില്‍ നിന്നും കണ്ടെടുത്ത കാര്‍ഷിക ഉപകരണങ്ങള്‍.മണ്ണിനെ നോവിക്കാതെയുള്ള കൃഷി.കര്‍ഷക തൊഴിലാളികള്‍. ഇന്നത്തെ കര്‍ഷകന്റെ സമീപനം എങ്ങിനെയാണ്.

കതിരുനിരക്കുന്ന നെല്‍പ്പാടങ്ങള്‍ വിതയ്ക്കുന്നവന് മാത്രമുള്ളതല്ല.പക്ഷികളും നാനാതരം ജീവികളും ഇതിന്റെ വീതം തേടിവരും.ഇവരെയൊക്കെ പരിഗണിച്ച് കൊണ്ടാണ് പഴയ കര്‍ഷകര്‍ വിത്തുവിതയ്ക്കുക.പ്രകൃതിയെയും മണ്ണിനെയും നോവിക്കരുതെന്ന പ്രമാണമാണത്.ഇന്നത്തെ കര്‍ഷകന്‍ മാറി.രാസകീടനാശിനികള്‍ ഇല്ലാതെ ഒരുകൃഷിയുമില്ല.ജൈവകൃഷിയെ പറ്റി പറയുന്നവരെ ഇവര്‍ പുച്ഛത്തോടെയാണ് കാണുക.മണ്ണിന്റെ ഘടന തന്നെമാറി.വലിയ വളകമ്പനികളുടെ പ്രചാരകരായി മാറുകയാണ് ഇന്നത്തെ  കര്‍ഷകരും.നേഞ്ഞില്‍, നുകം, പക്ക ,താവ എന്നീ പദാവലിപോലും പതിയ കാലത്തിന് പരിചയമുണ്ടാകില്ല.നെല്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്‍ഷിക ഉപകരണങ്ങളാണിത്.ഇവയില്ലാത്തവീടുകളുണ്ടായിരുന്നില്ല.

 

എല്ലാം മരത്തിലുംമുളയിലും നിര്‍മ്മിച്ചവയാണ്.ഇവയുടെ നിര്‍മ്മാണം കുലത്തൊഴിലാക്കി മാറ്റിയവരും ഈ നാട്ടിലുണ്ടായിരുന്നു.ഇന്ന് പാടത്ത് തൊഴിലെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ല.ചേറിലിറങ്ങി അധ്വാനിക്കാന്‍ കഴിയില്ല എന്നാണ് ഇവരുടെ പ്രതികരണം.ഏരുപൂട്ടാന്‍ അറിയുന്നവരുമില്ല.ട്രാക്ടര്‍ ഇറങ്ങാത്ത പാടത്തുള്ള നെല്‍കൃഷി ഇതോടെ നിലച്ചു.കാര്‍ഷിഉപകരണങ്ങളായ കുട്ടയും  വട്ടിയും പത്തായങ്ങളുംവരെ പുരാവസ്തുശേഖരങ്ങളായി.തൊഴിലുറപ്പ്‌പോലുള്ള പദ്ധതി പോലുംകര്‍ഷക നാടിന്റെ ശാപമായി മാറി.തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വിഭജനം കൊണ്ടുവാരാന്‍മാത്രമാണ് ഇതുകൊണ്ട് കഴിഞ്ഞത്.നെല്‍കൃഷിയില്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ട് വരണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടിട്ടില്ല.

ഒടുവില്‍ അഭ്രപാളിയില്‍.ചെറുവയല്‍ രാമനായി മനോജ് കെ ജയന്‍.ദാരപ്പന്‍ എന്ന കഥാപാത്രവും നികലുകള്‍ എന്ന സിനിമയും  എത്രത്തോളം സ്വന്തം ജീവിതാംശമായി.

പരമ്പരാഗതമായി നെല്‍വിത്തു സംരക്ഷിക്കുന്ന ഒരു കര്‍ഷകന്റെ ജീവിതം ഉള്‍ക്കൊള്ളുന്നതിന് ആ മഹനടന് കഴിഞ്ഞിട്ടുണ്ട്.ഈ കഥാപാത്രത്തെ സ്വീകരിച്ചതില്‍ നന്ദിയുണ്ട്.സംവിധായകന്‍  അവിരറബേക്ക ഇതുമായി ബന്ധപ്പെട്ട് ഒരപാട് വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്.സിനിമയെന്ന മാധ്യമം ശക്തമാണ്.നമ്മുടെമഹത്തായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സിനിമയിലേക്കുള്ള മൊഴിമാറ്റം ഏറെ ഗുണം ചെയ്യും.ആദ്യമൊക്കെ സിനിമ തറവാട്ടില്‍ ചിത്രീകരിക്കുന്നതിന് സമുദായത്തില്‍ നിന്നും ചിലര്‍ എതിര്‍പ്പ് പറഞ്ഞിരുന്നു.പിന്നീടെല്ലാം മാറി.പാരമ്പര്യ വിശ്വാസങ്ങളെ ഹനിക്കുന്ന വിധത്തില്‍ അതില്‍ യാതൊന്നുമില്ല.സിനിമ കണ്ട് പലരും എന്നെ വിളിച്ചിട്ടുണ്ട്.പലര്‍ക്കും ചെറുവയല്‍ തറവാട്ടില്‍ വരണമെന്നാണ് ആഗ്രഹം.ഞാനും അവരെ ഇവിടുത്തേക്ക് ക്ഷണിച്ചു.

വീട്ടില്‍ സന്ദര്‍ശകര്‍  ഏറെയുണ്ട്.ഇതിനിടയില്‍ കേരളത്തില്‍ പലയിടങ്ങളിലുമായി നടക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തിലേക്കായുള്ള ക്ഷണവും.കൃഷി ചെയ്യാന്‍ സമയം കുറയുന്നതായി തോന്നിയിട്ടുണ്ടോ.

വീട്ടില്‍ കൃഷിയെയും നെല്‍വിത്തുകളെയും അടുത്തറിയാന്‍ വരുന്ന വരെ നിരാശരാക്കാറില്ല.എല്ലാവര്‍ക്കും സമയംപോലെ കാര്യങ്ങള്‍ വിശദീകരിക്കും.ദേശീയ മാധ്യമങ്ങളടക്കം ഇവിടെ വരാറുണ്ട്.ഡോക്യമമെന്ററി എന്ന ആവശ്യവുമായും ആളുകളെത്തും.കൃഷിചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് അവര്‍ക്ക് ആവശ്യം.അതിനിടയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ഗവേഷകരമെല്ലാമുണ്ട്.ചിലര്‍ വീടിന്റെ വിശേഷങ്ങളറിയാനും എത്തും.ചുരിക്കി പറഞ്ഞാല്‍ എന്നും തിരക്കു തന്നെ.എന്നാല്‍ കൃഷി ചെയ്യുന്നതിന് ഇതൊരു തടസ്സമല്ല.അവരെല്ലാം എന്റെ കൃഷിയിടത്തില്‍ വന്നാണ് എന്നോട് സംസാരിച്ചു പോവുക.നിരന്തരമായി കാര്‍ഷിക മേളയില്‍ പരമ്പരാഗത നെല്‍വിത്തുകളുടെ എക്‌സിബിഷന്‍ നടത്താന്‍ പലരും വിളിക്കും.എന്നാല്‍ കൃഷിയുടെ ഇടവേളകളില്‍ വരുന്നതു മാത്രമാണ് സ്വീകരിക്കുക.കാര്‍ഷിക പ്രദര്‍ശനത്തില്‍ എന്റെ സ്റ്റാളുകള്‍ക്ക് മുന്നില്‍ എപ്പോഴും തിരക്കുണ്ടാകും.ഇവരോടെല്ലാം നെല്‍വിത്തുകളുടെ ഗുണഗണങ്ങള്‍ പറഞ്ഞ് എല്ലാം മനപാഠമായിരിക്കുന്നു.ഫോണിലൂടെയും അപരിചിതരായ അനേകം പേരുടെ വിളി ദിവസവുമുണ്ടാകുംഇതും ഒരു സന്തോഷം നല്‍കുന്ന പ്രവര്‍ത്തനം തന്നെയാണ്.പ്രായമാകുന്നു ഇതിന്റെ ആകുലതകളെല്ലാമുണ്ട്.ഇതൊന്നും നോക്കാതെ ഞാന്‍ തൃശ്ശൂരിലും മറ്റും പ്രദര്‍ശനത്തിന് പോയിട്ടുണ്ട്.നെല്‍കൃഷി തുടങ്ങിയാല്‍ പിന്നെ തെറ്റാന്‍ നേരമില്ല.ഇവ മെതിച്ചെടുത്ത് പത്താത്തിലാക്കുന്നതുവരെ മനസ്സിനും ശരീരത്തിനും വിശ്രമമില്ല.രാമന്‍ വിശേഷങ്ങള്‍ പറഞ്ഞുനിര്‍ത്തി.

കമ്മനയെന്ന ദേശത്തിലേക്ക് ഇരുട്ടുപരക്കുന്നു.മഴയൊഴിഞ്ഞ മാനത്ത് ചെറിയൊരു നിലാവിന്റെ ഉദയം.തിരികെ മടങ്ങുമ്പോള്‍ വയനാടിന്റെ പോയകാലത്തില്‍ നിന്നുമുള്ള മടക്കമെന്നപോലെ തോന്നി.പുല്ലുമേഞ്ഞ വലിയ പുരകളെ കടന്ന് മണ്‍പടവുകള്‍ കടന്ന് മേലെ റോഡില്‍ എത്തുമ്പോള്‍ വേറൊരു ലോകം.വയലുകളുടെ കാഴ്ചകള്‍ ചുരുങ്ങി. കോണ്‍ക്രീററ് കെട്ടിടങ്ങള്‍ ഇന്നു  വയലുകളെല്ലാം വീതിച്ചെടുത്തു.മറുനാടിനെ വിശപ്പടക്കാന്‍ ആശ്രയിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ന് വയനാട്ടുകാര്‍ ഏററവും മുന്നിലുണ്ട്.ഇവിടെയാണ് രാമന്റെ ജീവിതം പാഠപുസ്തകമാകുന്നത്.അന്തകവിത്തുകള്‍ നാടിന്റെ നാമ്പടയ്ക്കുമ്പോള്‍ പൈതൃക വിത്തുകളുടെ കാവലാളായി രാമന് എത്രകാലം നില്‍ക്കാന്‍ കഴിയും.കാര്‍ഷിക ജീവിതത്തിന്റെ നേരുകള്‍ പറഞ്ഞിരുന്ന ആദിവാസികളുടെ തറവാടുകളും ഇനി  ഏറെക്കാലം കാത്തുനില്‍ക്കില്ല.കൃഷിഭൂമിയുടെവീതം വെക്കലില്‍ വയലുകളെല്ലാം നാമമാത്രമാകും.ചെറുവയല്‍ തറവാടും ഇതിന്റെ ഭാഗമാകും.ഇതിനിടയില്‍ വയനാടിന്റെ പൈതൃക വിത്തുകളും കാലം കാത്തുവെച്ച കാര്‍ഷിക സംസ്‌കാരവും എങ്ങിനെ ബാക്കിയാകും.