എഴുത്ത്, വായന, ആങ്കറിങ്.. ഒപ്പം സന്നദ്ധപ്രവര്‍ത്തനവും... ലോക്ഡൗണിനുമുന്‍പ് പട്ടം തേക്കുംമൂട് ആദര്‍ശ് നഗര്‍ സ്വദേശിനി അനില ബിനോജിന്റെ ജീവിതം ഇങ്ങനെയായിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി സ്വന്തം ജീവിതത്തിലും ബാധിച്ചപ്പോള്‍ വരുമാനത്തിനായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തി. അവ സുഹൃത്തുക്കള്‍ക്കുംമറ്റും വിതരണം ചെയ്ത് മോശമല്ലാത്തൊരു വരുമാനം നേടി കുടുംബത്തിനൊരു കരുതലായും മാറുകയാണിപ്പോള്‍ അനില. ആര്‍.സി.സി.യില്‍ ചികിത്സ തേടിയെത്തുന്ന മറുനാട്ടുകാരായ കുഞ്ഞുങ്ങള്‍ക്ക് സഹായം നല്‍കാനും അതിലൂടെ സാധിക്കുന്നു.

ബയോകെമിസ്ട്രിയില്‍ ബിരുദവും ഇന്റീരിയര്‍ ആര്‍കിടെക്ചര്‍ കോഴ്സും പാസായ അനില ഫ്രീലാന്‍സ് എഴുത്തുകാരികൂടിയാണ്. വിവിധ ചാനലുകളില്‍ പാചകപരിപാടിയും അവതരിപ്പിച്ചിരുന്നു. ലോക്ഡൗണായപ്പോള്‍ വീട്ടിലൊതുങ്ങി. കുട്ടിക്കാലം മുതല്‍ ചെടികളോട് ഇഷ്ടമുണ്ടായിരുന്നു. ഓര്‍ക്കിഡും ആന്തൂറിയവും മാത്രമായി നൂറോളം ചെടികള്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നു. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തിവിറ്റാല്‍ വരുമാനം ഉണ്ടാക്കാമെന്ന ചിന്തയ്ക്ക് ഭര്‍ത്താവ് എ.ബി.ബിനോജും പൂര്‍ണ പിന്തുണ നല്‍കി. സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ സാധ്യതകള്‍ ഒട്ടേറെയാണെന്ന് മനസ്സിലാക്കി. മക്കളായ അര്‍മാനും ഫര്‍ഹാനും കൂടെക്കൂടി.

ഇപ്പോള്‍ വീടിന്റെ മുറ്റത്തും മുറിയിലും ടെറസിലുമായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്നു. കൊറിയര്‍ ആയിട്ടായിരുന്നു ചെടികള്‍ അയച്ചിരുന്നത്. എന്നാല്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലത്ത് അതൊരു പ്രതിസന്ധിയായി മാറി. വീട്ടില്‍ എത്തിച്ചേരാന്‍ മാത്രമുള്ളവര്‍ക്കാണ് ഇപ്പോള്‍ 100 രൂപ മുതല്‍ 2500 രൂപയ്ക്കുവരെ ചെടികള്‍ നല്‍കുന്നത്. നന്നായി ശ്രമിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും നല്ലൊരു വരുമാനമാര്‍ഗമായി മാറ്റാവുന്നതാണിതെന്നും അനില പറയുന്നു. വീടിനടുത്ത നഴ്സറിയിലേക്കും ചെടികള്‍ നല്‍കുന്നുണ്ട്.

പീസ് ലില്ലി, മദര്‍ ഇന്‍ലോസ് ടങ്, സ്നേക് പ്ലാന്റ്, മണി പ്ലാന്റുകള്‍, റാഫിഡോഫോറ ഹായി, മോണ്‍സ്റ്ററാ ഡെലീസിയോസ, റാഫിഡോഫോറെ ഹായി, ഫിലോഡെന്‍ഡ്രോണ്‍ വ്യത്യസ്ത ഇനങ്ങളിലുള്ള നൂറിലധികം ഇന്‍ഡോര്‍ പ്ലാന്റുകള്‍ അനിലയുടെ കൈവശമുണ്ട്. കൂടുതലും ഇലച്ചെടികളാണ്. ഇലച്ചെടികള്‍ക്ക് അതിസൂക്ഷ്മമായ പരിചരണമൊന്നും വേണ്ടാത്തതാണ് കാരണമെന്നും അര്‍ബുദ രോഗത്തില്‍നിന്നു മോചിതയായ അനില പറയുന്നു. കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി വഴി മൂന്നുവര്‍ഷമായി മറുനാട്ടുകാരായ കുട്ടികള്‍ക്ക് സഹായവും നല്‍കിവരുന്നുണ്ടിവര്‍.

Connnntet Highlights: Woman earning income by growing indoor plants