ലോകത്തേറ്റവുമധികം ജനുസുകളുള്ള സസ്യവിഭാഗമാണ് അരക്കേഷ്യ വിഭാഗം. അതില്‍പ്പെട്ട വിശേഷസസ്യമാണ് നമ്മുടെ തെങ്ങ്. എന്നാല്‍, തെങ്ങിനെക്കൂടാതെ ഒട്ടേറെയിനം പനവര്‍ഗങ്ങളും ലോകത്താകമാനമുണ്ട്.  

നമ്മുടെ നാട്ടില്‍ പണ്ട് ധാരാളം പനകള്‍ ഉണ്ടായിരുന്നു. ഫാന്‍പാം വര്‍ഗത്തില്‍പ്പെട്ട കൊടപ്പന, ഈറന്‍പന, കരിമ്പന എന്നിവയായിരുന്നു ഇവയില്‍ ചിലത്. കാണാനഴകുള്ളതാണെങ്കിലും വലിയ ഉയരത്തില്‍ പോകുന്നതും കൂറേയേറെ സഥലം കവര്‍ന്നെടുക്കുന്നതുമായിരുന്നു അവ. പണ്ട് പുരകെട്ടിമേയാന്‍ കൊടപ്പനയുടെ വലിയ വിശറിപോലുള്ള ഓലകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. ഓലപ്പുരകളുടെ കാലം അസ്തമിച്ചതോടെ കൊടപ്പനയും രംഗം വിട്ടു. കൊടപ്പനകള്‍ ഒന്നാന്തരം ഭക്ഷ്യവിഭവവുമായിരുന്നു പണ്ട്. പനങ്കഞ്ഞി വെരകിയതും മീന്‍കറിയും നാട്ടിന്‍പുറത്തെ വിശിഷ്ട ഭക്ഷണയിനമായിരുന്നു. കുലയ്ക്കാത്ത മൂപ്പെത്തിയ പനമുറിച്ച് അതിന്റെയുള്ളിലെ പൊടിയെടുത്തായിരുന്നു മധുരം ചേര്‍ത്തും അല്ലാതെയും വെരകിയിരുന്നത്. കരിമ്പനയുടെ നാടാണ് പാലക്കാട്. ഒ.വി. വിജയന്റെ കഥകളിലും നോവലുകളിലും ഒരു പ്രധാന ബിംബം തന്നെയാണ് കരിമ്പനകള്‍. കരിമ്പനയുടെ ഇളനീര്‍ ഒരു വിശിഷ്ട ഭക്ഷണയിനമാണ്. പനംപാത്തിയുടെ ആവശ്യത്തിനും ആനയുടെ ഭക്ഷണമായും പ്രശസ്തിയാര്‍ജിച്ചതാണ് ഈറന്‍ പനകള്‍.

കവുങ്ങും തെങ്ങുമെല്ലാം പനവര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണത പൂന്തോട്ടങ്ങളെ ഭംഗിയാക്കാന്‍വേണ്ടിയുള്ള അലങ്കാരപ്പന വളര്‍ത്തലാണ്. ചൈനീസ്, സയാമീസ് ,തായ് , മലേഷ്യന്‍ തുടങ്ങി നൂറില്‍പ്പരം ഇനങ്ങള്‍ നമ്മള്‍ പൂന്തോട്ടങ്ങളില്‍ വളര്‍ത്തിവരുന്നുണ്ട്. വളരെപ്പെട്ടെന്ന് വളരുമെന്നതിനാലും നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പല വീടുകളിലും ചട്ടിയിലും നിലത്തും ഇപ്പോള്‍ അലങ്കാരപ്പനകളുടെ വലിയനിര തന്നെ കണ്ടുവരുന്നു. 

അലങ്കാരപ്പനയിനങ്ങില്‍ ഒട്ടേറെയിനങ്ങളുണ്ട് 

വിശറിപ്പന (ഫാന്‍പാം) ആണ് ഇതില്‍ പ്രമുഖം. നമ്മുടെ കൊടപ്പന ഇതിന്റെ ഏറ്റവും വലിയ ജനുസാണ്. ഇതില്‍ത്തന്നെ 150 ഇനങ്ങള്‍ സാധാരണ കണ്ടുവരുന്നു ലിക്കോള അക്ക്വായില്‍സ് എന്നാണ് ശാസ്ത്രനാമം. വലിയവിശറി പോലുള്ള ഇലകളാണ് ഇതിന്റെ പ്രത്യേകത തടിച്ച കാണ്ഡത്തില്‍ അടുത്തടുത്ത് ഇലകളുണ്ടാകുന്ന ഇനമാണിത്. വലിയ ഇനങ്ങള്‍ ഒരു പ്രാവശ്യമേ കുലയ്ക്കൂ. അതോടെ നശിച്ചുപോകുന്നു. പനയുടെ അറ്റത്ത് കുറേയധികം ഇലകള്‍ വളര്‍ന്നു നില്‍ക്കും. 

രാജകീയ പന

അടുത്തതായി ക്യുബന്‍ റോയല്‍ പാം, ഫ്‌ളോറിഡ റോയല്‍ പാം എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന രാജകീയപനയാണ്. റോയസ്റ്റോണെ റീജ്യ എന്നാണിതിന്റെ ശാസ്ത്രനാമം. അടിഭാഗത്ത് ഒട്ടേറെ വേരുകള്‍ തിങ്ങിനില്‍ക്കുന്നതും അല്ലാത്തതുമായ രണ്ടിനങ്ങളാണ് ഇതില്‍ കണ്ടുവരുന്നത്. നമ്മുടെ നാട്ടിലും പാതയോരങ്ങളിലും വലിയ പാര്‍ക്കുകളിലും തലയെടുപ്പോടെ വിടര്‍ന്നുനില്‍ക്കുന്നയിനമാണിത്. ഇതിന്റെ തടിക്ക് അടിമുതല്‍ മുകള്‍ വരെ ഒരേ വണ്ണമാണ്. 20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. തെങ്ങിനെപ്പോലെ തലഭാഗത്ത് എല്ലാവശങ്ങളിലേക്കും നിറയെ ഓലകള്‍ വളര്‍ന്നുനില്‍ക്കും. തടിയുടെ മുക്കാല്‍ ഭാഗം ചാരനിറവും നിറയെ വളയങ്ങളുള്ളതുമായിരിക്കും. തലയോടടുത്തഭാഗം നല്ലഭംഗിയുള്ള പച്ചനിറമായിരിക്കും. 

ചുവപ്പന്‍ പന

Red palmരണ്ടുവര്‍ഷംകൊണ്ട് ഒരു കൂട്ടമായിത്തീരുന്ന പനയിനമാണ് റെഡ്പാം. പത്തുമീറ്ററോളം വളരുന്ന ഇവ ചട്ടികളില്‍ വീടുകളില്‍ വളര്‍ത്താവുന്നയിനമാണ്. അതുകൊണ്ടുതന്നെ പൂന്തോട്ടത്തിന്റെ മികച്ചഅലങ്കാരവുമാണ് ഈയിനം പനകള്‍. ഇതിന്റെ കാണ്ഡത്തിനും ഓലയുടെ മടലിനും മനോഹരമായ ചുവപ്പുനിറമാണ്. റെഡ് സീലിങ് വാക്‌സ് പാം എന്നാണിതിന്റെ മുഴുവന്‍ പേര്. നല്ല ചുവപ്പു നിറമുള്ള മടലില്‍ നീളമുള്ള നല്ല പച്ചനിറമുള്ള ഓലക്കണ്ണികള്‍ അടുക്കിവെച്ചിരിക്കും. 

വെണ്ടപ്പന

vendappana

കണ്ടാല്‍ വെണ്ടയുടെ ആകൃതിയില്‍ വിരിഞ്ഞുനില്‍ക്കുന്ന നിറയെ ഇലകളോടുകൂടിയ ഇനമാണിത്. ഉയരം 46 അടി മാത്രമേ ഉണ്ടാകൂ. നാലുവര്‍ഷം കൊണ്ട് ഇതിനുചുറ്റും നിറയെ തൈകളുണ്ടാകുന്നു. പിന്നെ ഒരു കൂട്ടമായി മാറുന്ന ഇതിന്റെ കാണ്ഡത്തിന് വണ്ണം കുറവാണ്. തായ്, മലയ, മിനിയേച്ചര്‍ എന്നീയിനങ്ങളാണ് കേരളത്തില്‍ കൂടുതലും വളരുന്നത്.

കുപ്പിപ്പന (ബോട്ടില്‍ പാം)

കവുങ്ങിന്റെ ഓലയോട് വളരെയധികം സാമ്യമുള്ള ഇലകളോടുകൂടിയ വലിയ കുപ്പിയെന്നുതോന്നുന്നയിനം പനയാണിത്. അഞ്ചാറുവര്‍ഷം വളര്‍ച്ചയെത്തിയാല്‍ കാണ്ഡത്തിന് ചാരനിറവും കുപ്പിക്കഴുത്തിന് നല്ല പച്ചനിറവുമുണ്ടായിരിക്കും. വര്‍ഷങ്ങളുടെ വളര്‍ച്ചയോടെ മാത്രമേ യഥാര്‍ഥത്തില്‍ കുപ്പിയുടെ ആകൃതിയില്‍ ഇവ മാറൂ. 

മഞ്ഞപ്പന (യെല്ലോ പാം)

palm tree

പാരമ്പര്യമായി നമ്മുടെ ഉദ്യാനങ്ങളില്‍ വളര്‍ത്തിവരുന്ന ഒരിനം അലങ്കാരപ്പനയാണ് യെല്ലോ പാം. പനയുടെ പാളയും ഇലയുടെ തണ്ടും നല്ല മഞ്ഞനിറമായിരിക്കും. കാണ്ഡത്തിന് മഞ്ഞകലര്‍ന്ന പച്ചനിറമായിരിക്കും ചട്ടിയില്‍ വളര്‍ത്താവുന്ന ഈ ഇനം രണ്ടുവര്‍ഷം കൊണ്ട് നിറയെ കൂട്ടമാവും. 

ട്രയാംഗുലര്‍ പാം, ഷാംപെയ്ന്‍ പാം, ബിസ്മാര്‍ക്ക്പാം, സൈയാഗ്രസ് പാം എന്നിങ്ങനെ ഒട്ടേറെ അലങ്കാരപ്പനകള്‍ നമ്മുടെ ഉദ്യാനങ്ങളില്‍ വളരുന്നുണ്ട്. അവയുടെ നടീലും പരിപാലനവും പരിചയപ്പെടാം. 

തൈകളും പരിചരണവും

ചില പനകള്‍ക്ക് തൈകളുണ്ടാവുന്നത്് അമ്മ സസ്യത്തിന്റെ വശങ്ങളില്‍ നിന്ന് കിളിര്‍ത്തുവന്നാണ.് റെഡ്, യെല്ലോ, ഫാന്‍, വെണ്ടക്ക എന്നീ പനകള്‍ക്കാണ് ഈ രീതിയിലാണ് തൈകള്‍ ഉണ്ടാകാറ്. എന്നാല്‍ ബോട്ടില്‍, റോയല്‍, ജയന്റ് ലിക്കോള, ഷാംപെയ്ന്‍ എന്നീയിനങ്ങളുടെ വിത്തുകള്‍ മുളപ്പിച്ചാണ് തൈകളെയുണ്ടാക്കുക. 

മൂപ്പെത്തിയ കായകള്‍ ശേഖരിച്ച് മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ വിത്ത്‌നടാം. വിത്ത് ശേഖരിച്ച ഉടനെ നടുന്നതാണ് മുളയ്ക്കല്‍ ശേഷി കൂട്ടാനുള്ളവഴി. അല്ലെങ്കില്‍ മുളയ്ക്കാന്‍ സാധ്യത കുറവാണ്. ഇവ മുളച്ചുവരാന്‍ ഒന്നു മുതല്‍ മൂന്നുമാസം വരെയെടുക്കാം തൈകള്‍ക്ക് മൂന്നോ നാലോ ഇലകള്‍ വന്നതിനുശേഷമാണ് ചട്ടിയിലേക്കോ കുഴിയിലേക്കോമാറ്റി നടേണ്ടത്. 
 
 തൈകള്‍ കുഴിയിലാണ് നടുന്നതെങ്കില്‍ കുഴിയുടെ ആഴവും വലിപ്പവും തരവും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുത്തണം. വെള്ളംനില്‍ക്കാത്ത തരം മണ്ണില്‍ രണ്ടടി നീളത്തിലും ഒരടി വീതിയിലുമുള്ള കുഴികളെടുക്കാം. നടുന്നതിന് 15 ദിവസമെങ്കിലും മുമ്പ് കുഴിയില്‍ പകുതിവരെയെങ്കിലും മേല്‍മണ്ണ്‌നിറയ്ക്കാം. അതില്‍ കുറച്ച് ഉപ്പും കുമ്മായവും വിതറി നനച്ചിടാം. ചാണകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. കുഴികളില്‍ ഒരു ചകിരിപ്പൊളി മലര്‍ത്തിവെക്കുക്കുന്നത് ഈര്‍പ്പം നിലനില്‍ക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും ഉപകരിക്കും. ചിതല്‍ശല്യം ഒഴിവാക്കാന്‍ ഇങ്ങനെ മലര്‍ത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേല്‍ ചിതല്‍പ്പൊടിയോ കാര്‍ബറില്‍ പൊടിയോ അല്പം വിതറാം, അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് അല്പം വിതറിയാലും മതി. 

പൂന്തോട്ടങ്ങളില്‍ നടുമ്പോള്‍ കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച് തലകള്‍ കോര്‍ത്തുപോകാത്ത തരത്തിലും ഭംഗി നിലനിര്‍ത്തുന്ന തരത്തിലും അകലം ക്രമീകരിക്കാം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ചട്ടിയില്‍ വളര്‍ത്തുന്ന പനകളുടെ വളര്‍ച്ച നമുക്ക് നിയന്ത്രിക്കാവുന്നതാണ്. വെള്ളവും വളവും നല്‍കുന്നത് കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. വീടിനകത്താണ് വെക്കുന്നതെങ്കില്‍ 15 ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ ഒരുദിവസം മുഴുവന്‍ വെയില്‍ കൊള്ളിക്കുന്നത് ഇലകള്‍ക്ക് നല്ല നിറം ലഭിക്കാന്‍ ഉപകരിക്കും. ഉണങ്ങിയ ഇലകളും തണ്ടുകളും കൃത്യസമയത്ത് മാറ്റണം. ചട്ടിയില്‍ പന വളര്‍ന്നു നിറഞ്ഞാല്‍ ചട്ടിയില്‍ നിന്നൊഴിവാക്കി വേരുകളും അധികമുള്ള തൈകളും മാറ്റി മിശ്രിതം വേറെ നിറച്ച് വീണ്ടും നട്ട് നനയ്ക്കാവുന്നതാണ്. 

കീടങ്ങളും രോഗങ്ങളും

പനകള്‍ക്ക് സാധാരണയായി കീടങ്ങളും രോഗങ്ങളും വരുന്നത് കുറവാണ്. സാധാരണ അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് വരുന്ന രോഗങ്ങള്‍ ആണ് വരാറ്. ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, കുമിള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് തൈകള്‍ പറിച്ചു നടുന്നതുമുതല്‍ അതിന് ഏഴെട്ടുവര്‍ഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളില്‍ ജൈവകീടനാശിനികള്‍ തളിച്ചും വേപ്പിന്‍ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേഅളവില്‍  പൂഴി(മണല്‍)യുമായിചേര്‍ത്ത് വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പില്‍ വരെ നിറച്ചുവെക്കാം. പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട് മൂടുന്നതും ഇവയെ തുരത്താന്‍ ഫലപ്രദമാണ്.

പനയിലുണ്ടാകുന്ന ദ്വാരങ്ങളില്‍ നിന്ന് സ്രവങ്ങള്‍ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പന്‍ചെല്ലിയെ ആകര്‍ഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും. ഇനി ചെമ്പന്‍ചെല്ലിയുടെ ആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കില്‍ ചുവട്ടില്‍ വരുന്ന  ദ്വാരങ്ങള്‍ സിമന്റോ  മണ്ണോ, പ്ലാസ്റ്റര്‍ ഓഫ് പാരീസോ തേച്ച്   അടച്ചതിനുശേഷം മാങ്കോസെബ് എ കുമിള്‍നാശിനി ഒരുലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് (ഒരുതൈയ്ക്ക് 34 ഗ്രാം) മുകളിലെ ദ്വാരത്തില്‍ ഒഴിക്കാം. കാര്‍ബറില്‍ (20 ഗ്രാം ഒരുലിറ്റര്‍വെള്ളത്തില്‍), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റര്‍വെള്ളത്തില്‍), സൈ്പനോസാഡ്( 5 മില്ലിം ഒരുലിറ്റര്‍വെള്ളത്തില്‍) എന്നിങ്ങനെയും ദ്വാരത്തില്‍ ഒഴിച്ചുകൊടുക്കാം.

അങ്ങനെ മനോഹരമായ പനയിനങ്ങളെ ചട്ടിയിലും നിലത്തും വളര്‍ത്തി പൂന്തോട്ടങ്ങളെ മനോഹരമാക്കാം.