റമ്പുകളില്‍നിന്ന് വെട്ടിയൊഴിവാക്കുന്ന ശല്യക്കാരനാണ് തൊട്ടാവാടി. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ അല്പം കേമനാണ് തൊട്ടാവാടി. ഷോപ്ക്ലൂസ് ഡോട് കോം എന്ന സൈറ്റില്‍ ഒരു തൊട്ടാവാടിച്ചെടിക്ക് 161 രൂപയാണ് വില. അമ്പതു വിത്തിന് ഫ്ലിപ്കാര്‍ട്ടില്‍ 106 രൂപയും ആമസോണില്‍ 179 രൂപയും. ചട്ടിയിലും ഗ്രോബാഗിലുമൊക്കെയായി ലഭിക്കുന്ന ചെടിക്ക് ഇനം, വലുപ്പം എന്നിവയുടെ വ്യത്യാസമനുസരിച്ച് നാനൂറിനു മുകളിലേക്കുവരെ വിലയുണ്ട്. ചെടിക്കുമാത്രം ചുരുങ്ങിയത് 110 രൂപ വരും. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും അകത്തള ഉദ്യാനങ്ങളില്‍ തൊട്ടാവാടിയും വളര്‍ത്തുന്നുണ്ട്. ഇതാണ് ഓണ്‍ലൈന്‍ വിപണിക്ക് തൊട്ടാവാടി വിലപ്പെട്ടതാകാന്‍കാരണം.

നമ്മുടെ രാജ്യത്ത് നാട്ടുവൈദ്യന്മാരും ആയുര്‍വേദവൈദ്യന്മാരും തൊട്ടാവാടി ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും നാട്ടില്‍ ധാരാളമായി ലഭിക്കുന്നതുകൊണ്ട് വിലയില്ല. നാട്ടിന്‍പുറങ്ങളില്‍നിന്ന് വേരടക്കമുള്ള തൊട്ടാവാടിച്ചെടി കിലോയ്ക്ക് അമ്പതു രൂപയ്ക്കാണ് എടുക്കുന്നതെന്ന് മരുന്നുശാലകളിലേക്ക് പച്ചമരുന്നുകളെത്തിക്കുന്ന ഏജന്റ് കോട്ടയ്ക്കലെ അണ്ണന്‍കാട്ടില്‍ മുഹമ്മദാലി പറഞ്ഞു. ഇത് പറിച്ചെടുക്കുന്നതിനുള്ള പ്രതിഫലമായേ കണക്കാക്കാനാകൂ. സ്ഥലമുടമകളില്‍ ഭൂരിഭാഗവും തൊട്ടാവാടിക്ക് വിലയീടാക്കാറില്ല.

ഔഷധഗുണങ്ങളേറെ

നാട്ടുവൈദ്യത്തില്‍ 'പ്രാണന്‍തരുന്ന' ഔഷധമാണ് തൊട്ടാവാടി. ശ്വാസംമുട്ടുള്ളവര്‍ തൊട്ടാവാടിയുടെ ഇലയരച്ചുപിഴിഞ്ഞ് നീര് കുടിക്കാറുണ്ട്. തൊട്ടാവാടി അരച്ചിട്ടാല്‍ മുറിവുണങ്ങും. കണ്ണിലെ വീക്കത്തിനും തൊട്ടാവാടി നീര് നല്ലതാണ്. കുട്ടികളിലെ ശ്വാസംമുട്ട് മാറാന്‍ തൊട്ടാവാടിയുടെ നീരും കരിക്കിന്‍വെള്ളവും ചേര്‍ത്ത് ദിവസം ഒരുനേരം വീതം രണ്ടു ദിവസം കൊടുത്താല്‍ മതി. വിഷജന്തുക്കള്‍ കടിച്ചുണ്ടാകുന്ന രക്തസ്രാവം കുറയ്ക്കാനുള്ള ശേഷിയുമുണ്ട്. തൊട്ടാവാടിനീര് തൊലിപ്പുറത്തെ അലര്‍ജിയും ശമിപ്പിക്കും.

പ്രമേഹൗഷധമെന്ന നിലയിലും തൊട്ടാവാടിക്ക് പ്രാധാന്യമുണ്ട്. പ്രമേഹത്തിനുള്ള കടകകതിരാദികഷായം, രക്തസ്തംഭനത്തിനും വേദനയ്ക്കുമുള്ള ലാക്ഷാദിചൂര്‍ണം, വേദന, നീര്‍ക്കെട്ട്, ജലദോഷം, അണുബാധ തുടങ്ങിയവയ്ക്കുള്ള അരിമേദാദിതൈലം, വലിയ അരിമേദസ്‌തൈലം തുടങ്ങിയ മരുന്നുകള്‍ തൊട്ടാവാടി ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്.- ഡോ. വി. ഗോപാലകൃഷ്ണന്‍, സീനിയര്‍ ഫിസിഷ്യന്‍ (മെറ്റീരിയല്‍സ്), കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

Content highlights: Touch me not plant (Mimosa Pudica) have demand in Online market