തെന്മല : സുന്ദരപാണ്ഡ്യപുരമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സൂര്യകാന്തിപ്പൂക്കളുടെ നോക്കെത്താദൂരത്തെ കാഴ്ചകളാണ് മനസ്സിലേക്കെത്തുന്നത്. എന്നാലിവിടെ എല്ലാത്തരം കാര്‍ഷികവിളകളും വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ സഞ്ചാരികള്‍ സുന്ദരപാണ്ഡ്യപുരത്തേക്ക് ഒഴുകുകയാണ്.

തെങ്കാശിയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സുന്ദരപാണ്ഡ്യപുരത്തെത്താം. നഗരത്തില്‍നിന്ന് മാറിനില്‍ക്കുന്ന അന്തരീക്ഷം. പോകുന്നവഴിക്കെല്ലാം കുളങ്ങള്‍ നിറഞ്ഞുകിടക്കുന്നു. കേരളത്തില്‍ ലഭിച്ച മഴ പശ്ചിമഘട്ട താഴ് വാരമായ ഇവിടേക്കും ലഭിച്ചിരിക്കുന്നു. പടിഞ്ഞാറന്‍കാറ്റ് ശക്തമായി ലഭിക്കുന്നതിനാല്‍ സൂര്യന്റെ ചൂട് തെല്ലുമേല്‍ക്കുന്നില്ല.

sambar amara
 
സാമ്പാര്‍ അമര ചാക്കിലാക്കുന്ന കര്‍ഷകന്‍

വെള്ളം ലഭിച്ചാല്‍ സൂര്യകാന്തിക്കൃഷിക്ക് വലിയ ബുദ്ധിമുട്ടില്ല. നിലമുഴുത് വിത്തുവിതച്ചാല്‍ മൂന്നുമാസംകൊണ്ട് നാലടിയോളം ഉയരത്തിലെത്തുന്ന ചെടിയില്‍ മൊട്ടുകള്‍ വന്നുതുടങ്ങും. നാലാമത്തെ മാസത്തില്‍ പൂക്കള്‍ വിടര്‍ന്ന് വലുതാകുന്നു. ചെടികള്‍ക്ക് ഇടയില്‍ മറ്റുകളകള്‍ പിടിക്കാതെ നോക്കുകയും പ്രാണികളെ അകറ്റുന്നതിനുള്ള മരുന്നടിയുമാണ് ഇതിനിടയ്ക്കുള്ള ജോലികള്‍.

പൂക്കള്‍ ഉണങ്ങിത്തുടങ്ങുന്നതോടെ നെല്ല് കൊയ്യുന്ന യന്ത്രമുപയോഗിച്ച് കൊയ്തുമാറ്റുകയും പൂക്കളുടെ ഇതളുകളും നടുക്കുള്ള വിത്തുകളും വെവ്വേറെയാക്കുകയും ചെയ്യുന്നു. ഒരേക്കറില്‍നിന്ന് ഏകദേശം മുന്നൂറ്് കിലോ പൂക്കള്‍ കിട്ടുമെന്നും ഇതിന് 7,000 രൂപയോളം കിട്ടുമെന്നും കര്‍ഷകര്‍ പറയുന്നു.   

ഏറെയുണ്ടായിരുന്ന സൂര്യകാന്തിപ്പാടങ്ങള്‍ ഒട്ടുമിക്കതും നിലവില്‍ വിളവെടുത്തുകഴിഞ്ഞു. ഈമാസം പകുതിയോടെ പൂക്കളുടെ സീസണ്‍ അവസാനിക്കും. കേരളത്തില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലും ഇവിടേക്കെത്തുന്നത്. ഇപ്പോള്‍ സുന്ദരപാണ്ഡ്യപുരത്ത് നെല്ല്, വാഴ, ബീറ്റ്റൂട്ട്, വെണ്ട, അമര, ചോളം, പച്ചമുളക്, സവാള തുടങ്ങിയവ യഥേഷ്ടം കൃഷിചെയ്തിട്ടുണ്ട്. നെല്ലും ബീറ്റ്റൂട്ടും ഒഴികെയുള്ളത് വിളവെടുത്തുതുടങ്ങി. പച്ചമുളക് ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷിചെയ്തിരിക്കുന്നത്. വിളവും കൂടുതല്‍ ലഭിക്കുന്നതായി പറയുന്നു. പതിനഞ്ച് ദിവസത്തിലൊരിക്കലാണ് വിളവെടുക്കുന്നത്. ഒരുസെന്റ് സ്ഥലത്ത് 60 കിലോയോളം ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 20 രൂപയാണ് നിലവില്‍ കര്‍ഷകന് ലഭിക്കുന്നത്. 200 രൂപ ശമ്പളത്തിലാണ് സ്ത്രീ തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നത്.

സാമ്പാര്‍ അമരയെന്ന വീതിയുള്ള പയറിനവും ധാരാളം കൃഷിചെയ്തിട്ടുണ്ട്. കിലോയ്ക്ക് 25 രൂപ കര്‍ഷകന് ലഭിക്കുന്നുണ്ട്. രാവിലെ പത്തുമണിയോടെതന്നെ കൃഷിക്കാര്‍ പറിച്ചെടുക്കുന്ന വിളകളുമായി ചുരണ്ട ചന്തയിലെത്തും.

നല്ല കാറ്റുവീശുന്ന സ്ഥലമായതിനാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നിരവധി കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം നിറഞ്ഞുകിടക്കുന്ന കുളങ്ങളില്‍ നിരവധി ദേശാടനപ്പക്ഷികളും വന്നുചേര്‍ന്നിട്ടുണ്ട്. ഇങ്ങനെ പ്രകൃതിയുടെ വ്യത്യസ്തമായ സൗന്ദര്യം നുകരാന്‍ നൂറുകണക്കിന് സഞ്ചാരികള്‍ നിത്യവുമെത്തുന്നു.

സമ്മിശ്ര കൃഷിരീതിയില്‍, കഷ്ടപ്പെടാനുള്ള മനസ്സുകൂടി ചേരുന്നതോടെ ഇവരുടെ പാടങ്ങള്‍ വിളകളാല്‍ സമൃദ്ധമാണ്. സഞ്ചാരികളെത്തുന്നത് മനസ്സിന് സന്തോഷം തരുന്നെങ്കിലും വലിയ ക്യാമറയുമായെത്തുന്ന സംഘങ്ങള്‍ തങ്ങളുടെ കാര്‍ഷികവിളകള്‍ ചവിട്ടിമെതിക്കുന്നത് കര്‍ഷകര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.  

Content highlights: Agriculture, Organic farming, Gardening, Sun flower,Sundarapandiapuram