ഹൃദയരോഗങ്ങളുടെ മടുപ്പിലാണ് മാത്യു വി.തോമസ് എന്നത്തേയും പ്രണയമായ ചെടികളെ കൂടുതല്‍ മനസ്സിലേക്ക് ചേര്‍ത്തത്. ഇലകള്‍ കൂടുതല്‍ പച്ചപ്പിലേക്ക് കടക്കുന്നതിനും മൊട്ടുകള്‍ പൂവിടുന്നതിനും വേണ്ടിയാണ് പിന്നീട് മാത്യുവിന്റെ ഓരോ പ്രഭാതങ്ങളും ഉണര്‍ന്നത്.

സ്വന്തം ജീവനെ ചെടികളുടെ പ്രാണവായുവില്‍ ചേര്‍ത്തതോടെ ഹൃദയരക്തം ആവേശത്തോടെ പന്പ് ചെയ്തുയരുന്നത് മാത്യുവും അറിഞ്ഞു. മെല്ലെ മാങ്ങാനം കളത്തിപ്പടി ആനത്താനം റബ്ബര്‍ ബോര്‍ഡ് വഴിയിലെ പുത്തന്‍വീട്ടില്‍ കരിയില്‍ വീട് ഒരു കൊച്ചുമലര്‍വാടിയായി. അപ്പോേഴക്കും ഗൃഹനാഥനും രോഗമുക്തിയുടെ വഴിയിലായി.

''ഹൃദയാരോഗ്യം മോശമായതിനാല്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിഷ്‌കര്‍ഷിച്ച ഡോക്ടര്‍ പറഞ്ഞു. ചെടികള്‍ സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അതിനായി സമയം കണ്ടെത്തിക്കോളാന്‍. അതാണ് കൂടുതല്‍ ൈധര്യം തന്നത്.'' മാത്യു പറയുന്നു. ലോക്ഡൗണിന്റെ അവസാനകാലമായപ്പോള്‍ ചെടികള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ തിരച്ചില്‍ ആരംഭിച്ചു. അപ്പോഴാണ് ചെടികളുടെ പൊള്ളുന്നവില അറിഞ്ഞത്. എങ്കില്‍ പിന്നെ സ്വന്തം വീട്ടില്‍ ചെടികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഒരു മലര്‍വാടിയാക്കിക്കൂടേയെന്നായി ചിന്ത. അങ്ങനെ വീടിപ്പോള്‍ 'മാത്തച്ചന്റെ മലര്‍വാടി'യായി.

ആയിരക്കണക്കിന് ചെടികള്‍. അതും പൂക്കളുള്ളതും വീടിനുള്ളില്‍ വെയ്ക്കുന്നതുമായ ചെടികള്‍. പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ വില. ഇതിനൊപ്പം വീട്ടുമുറ്റത്ത് ചെടികള്‍ക്കായി ഒരു ട്രീഹൗസും തീര്‍ത്തു. വരുന്നവര്‍ക്ക് ചെടികള്‍ കണ്ട് വാങ്ങാനും ചെടികളുടെ സൗന്ദര്യം ആസ്വദിക്കാനുമായി ഇത്തിരി നേരം ട്രീഹൗസില്‍ ചെലവഴിക്കാം. 

'കുറഞ്ഞ വിലയ്ക്ക് ചെടികള്‍ കൊടുക്കണമെന്നതാണ് ആശ. അതിന് വേണ്ടിയാണ് ഇനിയെന്റെ ശ്രമം. ആര് വന്നാലും ചെടികള്‍ കൊണ്ട് മനസ്സുകൂടി നിറഞ്ഞ് പോകണം.' തന്റെ ഹൃദയസ്‌നേഹം പങ്കിടുകയാണ് മാത്യു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ചശേഷം ചെടികള്‍ക്കായി സമയം ചെലവിട്ടെങ്കിലും ഹൃദ്രോഗം പിടികൂടിയപ്പോഴാണ് കൂടുതല്‍ സമയം ചെലവിട്ടതെന്ന് മാത്രം. ഭാര്യ ആനി മാത്യുവും സഹായമായി ഒപ്പമുണ്ട്.

കലേഡിയം, കറ്റാര്‍വാഴ, ബാംബൂ പാം, സ്‌പൈഡര്‍ പ്ലാന്റ്, സ്‌നേക്ക് പ്ലാന്റ്, ബൊഗൈന്‍ വില്ല, കനേഡിയന്‍ കൊന്ന, പീസ് ലില്ലി ഉള്‍പ്പെടെ വ്യത്യസ്തമായ ചെടികളുടെ ശേഖരമുണ്ട്.

പീസ് ലില്ലിക്ക് ആരാധകര്‍ കൂടുതല്‍

തൂവെള്ളപ്പൂക്കളുള്ള പീസ് ലില്ലിക്ക് വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊര്‍ജം തരാനും കഴിയുമെന്ന് വിശ്വസിക്കുന്നു. ചേമ്പിന്റെ വര്‍ഗത്തില്‍പ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താന്‍ അനുയോജ്യമാണ്.

വീടിനകത്ത് വെയ്ക്കുമ്പോള്‍ കൂടുതല്‍ നനയ്‌ക്കേണ്ട ആവശ്യമില്ല. അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. വലിയ വള്ളിപ്പടര്‍പ്പില്‍ നിറയെ മഞ്ഞനിറമുള്ള കുലയോടുകൂടിയുള്ള പൂക്കളുള്ളതാണ് കനേഡിയന്‍ കൊന്ന.

Content Highlights: Success story of Gardener from Kottayam