പൂക്കളെക്കാള്‍ താമരക്കിഴങ്ങുകള്‍ വിറ്റ് ആയിരങ്ങള്‍ സന്പാദിച്ച് വീട്ടമ്മ. ആനാട് മണ്ഡപംവിള മാധവത്തില്‍ ശാന്തിയാണ് താമരക്കുളങ്ങളൊരുക്കി പുത്തന്‍ വിജയഗാഥ രചിക്കുന്നത്. വലുതും ചെറുതുമായി 25-ഇനം താമരപ്പൂക്കള്‍ ശാന്തിയുടെ വീടിന്റെ മട്ടുപ്പാവില്‍ കാറ്റിലാടി പൂമണം വിതറിനില്‍പ്പാണ്. അതില്‍ സഹസ്രദളപദ്മം മുതല്‍ അമേരി പിയോണി, ആല്‍ബന പ്ലന, പിങ്ക് ക്ലൗഡ് തുടങ്ങിയ വിദേശ ഇനങ്ങള്‍ വരെയുണ്ട്. അടച്ചിരിപ്പുകാലത്തിന്റെ വിരസത മാറ്റാനായാണ് ആനാട് മണ്ഡപംവിള മാധവത്തില്‍ ശാന്തി താമരക്കുളങ്ങളൊരുക്കിത്തുടങ്ങിയത്. പ്രതിമാസം 25000-രൂപ വരെ ലഭിക്കുന്നുണ്ട് ശാന്തിക്കിപ്പോള്‍. 

വഴികാട്ടിയായി ഭര്‍ത്താവ് ജയകുമാറും മകന്‍ ഗോകുല്‍കൃഷ്ണയും ഒപ്പമുണ്ട്. വീടിന്റെ മട്ടുപ്പാവിലാണ് ആദ്യം പൊട്ടിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ താമരച്ചെടികള്‍ നട്ടുതുടങ്ങിയത്. സമൂഹമാധ്യമങ്ങളിലെ കൃഷിപാഠങ്ങളില്‍നിന്നാണ് ഹൈബ്രീഡ് താമരയിനങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞത്. ഓണ്‍ലൈനില്‍ കിട്ടാവുന്ന ഇനങ്ങള്‍ വാങ്ങി. മട്ടുപ്പാവ് ജലസമൃദ്ധമായ ടാര്‍പ്പക്കുളങ്ങളെക്കൊണ്ട് നിറഞ്ഞു. എല്ലായിടത്തും താമരകള്‍ മാത്രം. 30-ദിവസങ്ങള്‍ കൊണ്ട് പൂക്കുന്ന ഹൈബ്രീഡ് ചെടികളാണ് നട്ടതെല്ലാം. അതില്‍ വിദേശ ഇനങ്ങളായ ഡ്രോപ്പ് ബ്ലഡ്, ലേഡി ബിങ്ലി, ഫോറിനര്‍, അമേരി കമേരിയ, ന്യൂറെഡ് തുടങ്ങിയ താമരപ്പൂക്കള്‍ കാഴ്ചയ്ക്കു മറ്റെല്ലാ പൂക്കളെയും പിന്നിലാക്കും. ചന്തത്തില്‍ മാത്രമല്ല, വിലയിലും വിപണിയില്‍ ഇവര്‍ തന്നെയാണ് മുന്നില്‍.

പൂ വിടര്‍ന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ ചെടികള്‍ക്കുള്ള മുളവരും. ഇവ കരുതലോടെ മുറിച്ചെടുത്ത് പ്രത്യേകതരം ട്യൂബുകളിലാക്കി വിത്തുചെടികളാക്കി മാറ്റുന്നു. ഈ ട്യൂബറുകള്‍ക്കാണ് വിപണിയില്‍ വലിയ വിലയുള്ളത്. 300-രൂപ മുതല്‍ 2500-രൂപ വരെ ഓരോ ട്യൂബറിനും വില ലഭിക്കും. കൈവശമുള്ള താമരയുടെ ട്യൂബറുകള്‍ ഏതാണെന്ന് മുഖപുസ്തകക്കൂട്ടായ്മയില്‍ പങ്കുവെച്ചാല്‍ ഒന്നോ രണ്ടോ ദിവസംകൊണ്ടുതന്നെ മുഴുവന്‍ വിറ്റുപോകും. മൂന്നുമാസത്തെ കൃഷികൊണ്ട് വരുമാനമുണ്ടാക്കാവുന്ന തൊഴിലാണിത്. അല്‍പം ശ്രദ്ധയും അതിലേറെ പരിചരണവും ഉണ്ടെങ്കില്‍ മുറ്റത്തെ പൂന്തോട്ടത്തിലെ പൂമണത്തെക്കാള്‍ മട്ടുപ്പാവിലെ താമരക്കുളങ്ങളില്‍നിന്നു വരുമാനത്തിന്റെ സുഗന്ധവും സ്വന്തമാക്കാമെന്ന് ശാന്തി പറയുന്നു.

Content Highlights: Success story of a lotus farmer