റോസിന്റെ നടീല്‍, പ്രൂണിങ്, വളം ചേര്‍ക്കല്‍, കീടരോഗ പരിചരണം എന്നീ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചാലേ നല്ലവണ്ണം പുഷ്പിക്കുകയുള്ളൂ. നവംബറില്‍ റോസ് നടാം. കൊമ്പുകോതലും ( പ്രൂണിങ് ) , ഇടയിളക്കി വളം ചേര്‍ക്കലും ഇപ്പോള്‍ത്തന്നെ ചെയ്യണം. വളര്‍ന്നു നീണ്ട കൊമ്പുകള്‍ മുറിച്ചു മാറ്റുകയും ഇടയിളക്കുകയും വളമിടുകയുമൊക്കെ നവംബര്‍ ആദ്യ പകുതിയില്‍ത്തന്നെ നടത്തണം. ഇങ്ങനെ വളമിട്ടു നനച്ചാല്‍ ഡിസംബര്‍ അവസാനത്തോടെ നിറയെ പുഷ്പിക്കും. പിന്നീട് പൂക്കള്‍ വിരിഞ്ഞതിനു ശേഷം ഒന്നുകൂടി പരിചരിച്ചാല്‍ കടുത്ത വേനലിലും നിറയെ പൂക്കള്‍ കിട്ടും.   

 ആവശ്യമില്ലാത്ത ചില്ലകളും ഇലകളും മുറിച്ചുനീക്കി റോസിന്റെ ആകാരഭംഗി നിലനിര്‍ത്താനും ഏറെ പൂക്കള്‍ വിരിയാനും അവസരമൊരുക്കണം. ഇതാണ് കൊമ്പു കോതലിന്റെ പ്രാധാന്യവും. ആരോഗ്യമില്ലാത്തതും ഉണങ്ങിയതും കീട ശല്യമുള്ളതുമായ ശാഖകളെല്ലാം മുറിച്ചു നീക്കി നല്ല നാലഞ്ചു ശാഖകള്‍ മാത്രം നിര്‍ത്തിയാല്‍ മതി. ഇത്തരം ശാഖകള്‍ക്ക് ഒരടിയിലധികം നീളം പാടില്ല. 

നല്ല മൂര്‍ച്ചയേറിയ കത്തിയോ സിക്കേച്ചറോ ബ്ലേഡോ കൊണ്ട്  കൊമ്പുനീക്കണം. പുറം ഭാഗത്തേക്ക് വളരുന്ന മുകുളം നോക്കി, അതിന് അല്പം മുകളില്‍ വെച്ച്, പുറത്തേക്ക് താഴോട്ടു ചരിച്ച് തൊലി ചതയാതെ വേണം മുറിക്കേണ്ടത്. വിവിധ തരം റോസുകള്‍ ഇന്ന് പ്രചാരത്തിലുണ്ട് . ഇതിനനുസരിച്ച് കൊമ്പുകോതലിലും വ്യത്യാസങ്ങള്‍ കാണാം. ഹൈബ്രിഡ് ടീ, ഫ്‌ലോറി ബണ്ട ,പോളിയന്താ, മിനിയേച്ചര്‍ എന്നിവയാണ് റോസിന്റെ തരങ്ങള്‍.

 ഹൈബ്രിഡ് ടീ ഇനത്തില്‍, ആരോഗ്യമുള്ള നാലോ അഞ്ചോ ശിഖരങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ചുവട്ടില്‍ നിന്ന് നാലിഞ്ച് മുകളിലായി മുറിച്ചു നീക്കുന്നു. ഏറ്റവും മുകളിലുള്ള മുകുളം നിലനിര്‍ത്തി വേണം ചെരിച്ചുള്ള പ്രൂണിങ്ങ് നടത്താന്‍. ഫ്‌ലോറി ബണ്ട റോസിനത്തില്‍ നേരിയ തോതില്‍ കൊമ്പുകോതിയാല്‍ മതി. തലേ വര്‍ഷത്തെ പഴകിയ കൊമ്പു നീക്കണം. ഇളയ കൊമ്പുകള്‍ ഒഴിവാക്കി നിര്‍ത്തണം. പോളിയന്തയില്‍ വളരുന്ന തല ഭാഗം നുള്ളിക്കളയുന്ന മൃദുവായ കൊമ്പുകോതലാണ് വേണ്ടത്. പ്രൂണിങ്ങിനു ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടിയിടാന്‍ മറക്കരുത് . മിനിയേച്ചര്‍ റോസില്‍, ഉണങ്ങിയ തണ്ടുകള്‍ മാത്രം നീക്കിയാല്‍ മതിയാകും. ആരോഗ്യമുള്ള റോസാ ചെടിയില്‍ ആദ്യം പ്രൂണിങ് നടത്തണം. രോഗം വന്നവയെ പിന്നീട് കോതിയാല്‍ മതി. അതല്ലെങ്കില്‍ കത്തിയിലൂടെ രോഗാണു വ്യാപനം നടന്നേക്കും . 

 റോസിന്റെ ചുവട്ടില്‍ മണ്ണിളക്കി കളനീക്കണം. നനയ്ക്കാന്‍ മറക്കരുത്. (പ്രൂണിങ്ങിനു മുന്‍പായി ഓരോ ചെടിക്കും അഞ്ച് കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. കൊമ്പുമുറിക്കുന്നത് പിന്നീട് ചെനപ്പുകള്‍ വളരാന്‍ സഹായിക്കും. പുതിയ ചെനപ്പുകള്‍ വളര്‍ന്നാല്‍ റോസ് മിക്‌സ്ചര്‍  രാസവളക്കൂട്ട് 30 ഗ്രാം വീതം ഓരോ ചെടിക്കും നല്കണം . ചെടിച്ചുവട്ടില്‍ നിന്ന് ഒരു ചാണ്‍ അകലത്തില്‍ മണ്ണിളക്കി വളമിടണം. നന നിര്‍ബന്ധമാണെന്നോര്‍മിക്കുക. നിലക്കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, എന്നിവയും നല്ല വളങ്ങളാണ്. യൂറിയ, മസ്സൂരി ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 1:3:2 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയും റോസിനു ചേര്‍ക്കാം. സൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിച്ചുവട്ടില്‍ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്. പുതിയ റോസാച്ചെടികള്‍ ചെടിച്ചട്ടിയിലും നേരിട്ടു മണ്ണിലും നടാം. നേരിട്ടു വെയിലേല്‍ക്കുന്ന സ്ഥലത്താണ് നടേണ്ടത്. തണലധികരിച്ചാല്‍ പൂക്കള്‍ കുറയും. കീട രോഗമേറും. രോഗ കീട ചികിത്സ റോസില്‍ നടത്താനുള്ള സമയമാണിത് .

Content highlights: Rose, Agriculture, Organic farming, Gardening