പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയുടെ ഉദ്യാനത്തിനിപ്പോള്‍ പിങ്ക് നിറമാണ്. തൊങ്ങല്‍ ചാര്‍ത്തിയതുപോലെ ഇളം മഞ്ഞ നിറത്തിലുള്ള തണ്ടുകളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ചെറിയ പിങ്ക് പൂക്കള്‍. കൊഴിഞ്ഞുവീണവ കൂടി ചേര്‍ന്നതോടെ മുറ്റമാകെ പിങ്ക് പരവതാനി വിരിച്ച പോലെ. ആറ്റുപേഴ് എന്ന അപൂര്‍വ വൃക്ഷമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 

വനമേഖലയില്‍ പുഴയുടെ തീരങ്ങളില്‍ കാണുന്നതുകൊണ്ടാണ് ഈ പേരുവന്നത്. 'ബറിങ്‌ടോണിയ' സസ്യകുടുംബത്തില്‍പ്പെട്ട ആറ്റുപേഴിന് ആറ്റമ്പ്, നീര്‍പേഴ് എന്നും പേരുകളുണ്ട്. ശിശിരകാലമാണ് ആറ്റുപേഴിന്റെ പൂക്കാലം. 30 കൊല്ലം മുന്‍പ് സ്‌കൂള്‍ തുടങ്ങിയ കാലത്തു തനിയെ മുളപൊട്ടിയതാണ് ഇതെന്ന് പ്രഗതി അക്കാദമി എം.ഡി. ഡോ. ഇന്ദിര രാജന്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തിനു കൊണ്ടുവന്ന പുഴമണലില്‍ മരത്തിന്റെ വിത്തുണ്ടായിരുന്നിരിക്കാം.

'മാതൃഭൂമി' സീഡ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് ആറ്റുപേഴിന്റെ പരിപാലകര്‍. കോവിഡ് കാലത്ത് സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കൗതുകമാവുകയാണ് ആറ്റുപേഴിന്റെ പൂക്കുടത്തണല്‍. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം സ്‌കൂള്‍ സന്ദര്‍ശിച്ച വേളയില്‍ നട്ട ഇലഞ്ഞിമരവും പ്രഗതിയുടെ പൂമുഖത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്നുണ്ട്.

Content Highlights: Pink flowers of 'Attupezhu' tree adorn school garden