തിരുവനന്തപുരം : പെറ്റൂണിയ പുഷ്പത്തിനു പരിമളവും വീഞ്ഞിന് പൂവാസനയും നല്‍കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി രാജ്യത്തെ ആദ്യ യൂറോപ്യന്‍ മോളിക്യുലര്‍ ബയോളജി ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

'മൈക്രോ ആന്‍ഡ് മെറ്റബോളിക് റെഗുലേറ്റേഴ്സ് ഇന്‍ പ്ലാന്റ്സ്' എന്ന പ്രമേയത്തില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും ഇ.എം.ബി.ഒ.യും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസമാണ് നിരവധി നൂതന ഗവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.

ഇസ്രയേലിലെ ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ അഗ്രികള്‍ച്ചര്‍, ഫൂഡ്, എന്‍വയോണ്‍മെന്റ് വിഭാഗത്തിലെ അധ്യാപകനായ ഡോ. അലക്സാണ്ടര്‍ വെയ്ന്‍സ്റ്റീനാണ് പെറ്റിയൂണിയ പുഷ്പങ്ങള്‍ക്ക് സുഗന്ധം നല്‍കാനുള്ള ഗവേഷണത്തെക്കുറിച്ച് സംസാരിച്ചത്. 

തന്റെ പരീക്ഷണങ്ങളിലൂടെ തീഷ്ണ സുഗന്ധമുള്ള പെറ്റിയൂണിയ പുഷ്പങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചെന്നും ഇത് വാണിജ്യപരമായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെര്‍ഫ്യൂം വ്യവസായത്തിനാണ് ഇത് പ്രയോജനപ്പെടുക. ട്രാന്‍സ്ജനിക് യീസ്റ്റ് ഉപയോഗിച്ചാല്‍ പൂവാസനയുള്ള വീഞ്ഞ് നിര്‍മിക്കാമെന്നും ഡോ. വെയ്ന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യവംശത്തിന് പ്രയോജനപ്രദമായ രീതിയില്‍ സന്തുലിതമായ വഴികളിലൂടെ ശാസ്ത്രം വികസിപ്പിച്ചെടുക്കുക എന്നതാണ് ഗവേഷണത്തിന്റെ അന്തിമലക്ഷ്യമെന്ന് ആര്‍.ജി.സി.ബി. ഡയറക്ടര്‍ ഡോ. എം.രാധാകൃഷ്ണപിള്ള പറഞ്ഞു.