ശൈത്യത്തില്‍നിന്ന് വസന്തത്തിലേക്കുള്ള  മാറ്റത്തിനും മുമ്പേ റെയ്സീന കുന്നില്‍ പൂക്കളുടെ പൂരവും നിറങ്ങളുടെ കുടമാറ്റവും... വിവിധദേശങ്ങളിലെ പൂക്കളെ പരിചയപ്പെടാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോത്സവം. 

ഭൂമിയില്‍ പൂക്കളായി വിരിയണമെന്ന്  മണ്‍മറഞ്ഞവര്‍ സ്വപ്നം കാണുന്നുണ്ടാകാം. പൂക്കളിലൂടെ വീണ്ടും ചിരിക്കണമെന്നും. സെമിത്തേരികളിലും കുഴിമാടങ്ങളിലും പൂച്ചെടികള്‍ നടുന്നവര്‍ മണ്ണായവരുടെ  ഓര്‍മകള്‍ക്ക് തളിരും ഇതളും വരുന്നത് കാത്തിരിക്കുകയാകാം. വിട പറഞ്ഞുപോയവര്‍ക്ക് പകരംനല്‍കാന്‍ പുഷ്പങ്ങളേക്കാള്‍ മനോഹരമായൊന്നും നാം കണ്ടെത്തിയിട്ടില്ല. ഇങ്ങനെ ഓര്‍മപ്പൂക്കളാല്‍ വസന്തംതീര്‍ക്കുകയാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍.

mughalരാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പത്‌നി അന്തരിച്ച സുവ്ര മുഖര്‍ജിയുടെ പേരില്‍ മുഗള്‍ ഗാര്‍ഡനില്‍ നട്ട പനിനീര്‍ ചെടി ഈ വര്‍ഷത്തെ പ്രത്യേകതയായി. പിങ്ക് നിറത്തില്‍ പുഷ്പിക്കുന്ന ഈ ചെടി ബംഗാളിലെ പുഷ്പാഞ്ജലി നഴ്‌സറിയില്‍നിന്നാണ് മുഗള്‍ ഗാര്‍ഡനിലേക്കെത്തിയത്. വേര്‍പിരിഞ്ഞ പ്രിയതമയ്ക്കരികില്‍തന്നെ പ്രണബ് മുഖര്‍ജിയുടെ പേരിട്ട മഞ്ഞ റോസച്ചെടിയും തളിരിട്ടിരിക്കുന്നു. ഈ പനിനീര്‍ ചെടികള്‍ മാര്‍ച്ചില്‍ പുഷ്പിക്കുമെന്നാണ് ഉദ്യാനപാലകരുടെ പ്രതീക്ഷ. ആ റോസാ പുഷ്പങ്ങള്‍ മുഗള്‍ ഗാര്‍ഡനില്‍ അപ്പോള്‍ ഓര്‍മകളുടെ വസന്തം തീര്‍ക്കും.

മദര്‍ തെരേസ, നെഹ്റു, ലിങ്കണ്‍, എലിസബത്ത് രാജ്ഞി തുടങ്ങിയവരുടെ പേരിലും വിശിഷ്ട റോസാ പൂക്കളുണ്ട്. അനുഭവങ്ങളുടെ അഴകൊരുക്കി ഈഫല്‍ ടവര്‍, താജ് മഹല്‍, ഐസ്ബര്‍ഗ്, ഹാപ്പിനസ്, കിസ് ഓഫ് ഫയര്‍ എന്നീ ഇനങ്ങളുമുണ്ട്. 

അറിവിന്റെയും കാഴ്ച

ടുലിപുകളുടെയും പനീര്‍പൂക്കളുടെയും പതിവ് കാഴ്ചകളില്‍നിന്ന് രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനത്തെ ഇത്തവണ വ്യത്യസ്തമാക്കുന്നത് വായുശുദ്ധീകരണ സസ്യങ്ങളാണ്. നമുക്കേറെ പരിചിതമായ കറ്റാര്‍ വാഴ മുതല്‍ വിവിധതരം ഓര്‍ക്കിഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ബാര്‍ബെര്‍ടോണ്‍ ഡെയ്‌സി, വീപ്പിങ് ഫിഗ്, ക്രിസാന്തമം, റബ്ബര്‍ചെടി, ഭംഗിവാഴ എന്നിവയാണ് മറ്റിനങ്ങള്‍.

വീട്ടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വായുവിലെ അപകടകരമായ കണങ്ങളെ നീക്കംചെയ്ത് വായു ശുദ്ധമാക്കുന്നവയാണ് ഈ ചെടികള്‍. വീട്ടുപകരണങ്ങള്‍ മുഖേനയും പെയിന്റ്, ഇന്ധനങ്ങള്‍ എന്നിവയിലൂടെയും വായുവില്‍ കലരുന്ന ടൊല്യൂണ്‍, ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, അമോണിയ വാതകങ്ങള്‍ ആരോഗ്യത്തെ സാരമായി ബാധിക്കും. ദീര്‍ഘനാള്‍ തുടര്‍ച്ചയായി ഈ വായു ശ്വസിച്ചാല്‍ അര്‍ബുദം വരെയുണ്ടാകാം. കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും പ്രശ്‌നങ്ങളുണ്ടാക്കും. mughal garden

മിഴിവേകുന്ന കാഴ്ചകള്‍ക്കപ്പുറം ആരോഗ്യത്തെക്കുറിച്ചും അറിവ് പകരുകയാണ് രാജ്യത്തെ പ്രമുഖ ഉദ്യാനത്തിലെ ഈ പുതിയ അതിഥികള്‍.

പൂക്കള്‍ വിരിയിച്ച കരങ്ങള്‍

മുഗള്‍ ഗാര്‍ഡന്റെ സൗന്ദര്യത്തില്‍ വിസ്മയിക്കുമ്പോള്‍ അവയ്ക്കുപിന്നിലെ മണ്ണു പുരണ്ട കൈകളെക്കുറിച്ച് നാമോര്‍ക്കാറില്ല. ഓരോ വര്‍ഷവും കൂടുതല്‍ മികച്ചരീതിയില്‍ ഉദ്യാനമൊരുക്കാന്‍ മാസങ്ങളോളം മാലികള്‍ (തോട്ടക്കാര്‍) പണിയെടുക്കുന്നു. വ്യത്യസ്ത സീസണുകള്‍ക്ക് അനുയോജ്യമായ പൂക്കള്‍ തിരഞ്ഞെടുത്താണ് ഉദ്യാനം ക്രമീകരിക്കുക. സെപ്റ്റംബറില്‍ തോട്ടങ്ങള്‍ തയ്യാറാക്കി തുടങ്ങും. തുടര്‍ന്ന് വെള്ളവും വളവും ആവോളമേകി വിത്തിന് ഉയിര്‍നല്‍കും. മാലികളുടെ അധ്വാനത്തിന്റെ അടയാളങ്ങളാണ് അതില്‍ വിരിയുന്ന ഓരോ പൂവും.

വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരാണ് ഇവിടെയുള്ളവര്‍. മുന്‍കാലങ്ങളില്‍ വിദഗ്ധരായ മാലികളെ വിദേശത്തയച്ച് പുതിയരീതികള്‍ പഠിപ്പിച്ചിരുന്നു. മുഗള്‍ ഗാര്‍ഡനോളം ചരിത്രം പേറുന്നവരാണ് ഇവിടുത്തെ മാലികളും. കാരണം ഇവരുടെ കൈകളില്‍നിന്നാണ് പൂക്കള്‍ വിരിയാന്‍ പഠിച്ചത്.

ഉദ്യാനം പലവിധം

രാഷ്ട്രപതിഭവന്റെ ആത്മാവാണ് പേര്‍ഷ്യന്‍ വാസ്തുകലയുടെ പ്രൗഢി മുഴുവനും പേറിനില്‍ക്കുന്ന മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയെണ്‍പത് ഏക്കര്‍ വിസ്തൃതിയുള്ള പ്രസിഡന്റ് എസ്റ്റേറ്റില്‍ 15 ഏക്കര്‍ വരുമിത്. വിഖ്യാത വാസ്തുശില്പി സര്‍ എഡ്വിന്‍ ലൂട്ട്യെന്‍സിന്റേതാണ് രൂപകല്‍പന. ജമ്മുവിലെയും താജ് മഹലിനുചുറ്റുമുള്ള മുഗള്‍ ഉദ്യാനങ്ങളെ മാതൃകയാക്കി നിര്‍മിച്ച ഇവിടെ ബ്രിട്ടീഷ് ഉദ്യാനകലയും ഉപയോഗിച്ചിരിക്കുന്നു.   നൂറുകണക്കിന് മരങ്ങളും പക്ഷിക്കൂട്ടങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന വലിയ ആവാസവ്യവസ്ഥയാണിവിടം. സമചതുരം, ദീര്‍ഘചതുരം, വൃത്തം ആകൃതികളിലുള്ള പ്രധാന ഉദ്യാനങ്ങള്‍ക്കു പുറമെ ഔഷധോദ്യാനം, നക്ഷത്രോദ്യാനം, ആത്മീയോദ്യാനം, സംഗീതോദ്യാനം എന്നിവയും കാഴ്ചക്കാര്‍ക്ക് വിരുന്നാവുന്നു.   തേന്‍മധുരം തേടിയെത്തുന്ന ചിത്രശലഭങ്ങളും വണ്ടുകളുമൊക്കെ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. ഇരുന്നൂറ്റമ്പതോളം ബോണ്‍സായികളും എണ്‍പതിലേറെ കള്ളിച്ചെടികളും ഇവിടെയുണ്ട്. എന്നത്തേയുംപോലെ പലതരം ടുലിപുകളും പനിനീര്‍ പൂവുകളും നിറയെ പൂത്തിരിക്കുന്നു.    ശൈത്യത്തിലും വസന്തത്തിലും വിരിയുന്ന വിവിധദേശങ്ങളിലെ പൂക്കളെ പരിചയപ്പെടാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോത്സവം. ഇവിടെ വിളഞ്ഞ പച്ചക്കറികളുടെയും ഔഷധ എണ്ണകളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിന് തുറന്ന ഉദ്യാനത്തില്‍ മാര്‍ച്ച് 12 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശനം. തിങ്കളാഴ്ച തുറക്കില്ല. നോര്‍ത്ത് അവന്യൂ റോഡ് രാഷ്ട്രപതി ഭവനിലെത്തിച്ചേരുന്ന 35-ാം നമ്പര്‍ കവാടത്തിലൂടെയാണ് പ്രവേശനം.