റബ്ബറിന്റെ വിലയിടിവിനെത്തുടര്‍ന്ന് റബ്ബര്‍ വെട്ടിമാറ്റിയ സ്ഥലത്ത് ഓര്‍ക്കിഡ് വളര്‍ത്തി സുവര്‍ണനേട്ടം കൊയ്യുകയാണ് ഏറ്റുമാനൂര്‍ കടപ്പൂര് എബി മാത്യു. ഒരേക്കര്‍ സ്ഥലം നിരപ്പാക്കി ഇരുമ്പ് പൈപ്പും ഷെയ്ഡ് നെറ്റും ഉപയോഗിച്ച് ഷെഡ്ഡ് നിര്‍മിച്ച് മഴയെയും വെയിലിനെയും പ്രതിരോധിക്കുകയായിരുന്നു ആദ്യപടി.

മണ്ണില്‍ നേരിട്ട് നടാവുന്ന 'ആനി ബ്ലാക്ക്' ഓര്‍ക്കിഡ് ആണ്  കൃഷി ചെയ്തിരിക്കുന്നത്. നേര്‍വരിയായി അടുത്തടുത്ത് നടാവുന്ന ഓര്‍ക്കിഡാണിത്. മുകളിലേക്കാണ് ആനി ബ്ലാക്കിന്റെ വളര്‍ച്ച. കാര്യമായി പരിചരണമാവശ്യമില്ലാത്ത ആനി ബ്ലാക്കിന് ചാണകം, പയറുപൊടി, ഇ.എം. ലായനി എന്നിവ ചേര്‍ത്ത മിശ്രിതം വെള്ളംചേര്‍ത്ത് വേരുകളില്‍ തളിച്ചുകൊടുക്കുകയാണ് പതിവ്. മൂന്നുനാലു ദിവസം കൂടുമ്പോള്‍ പരിമിതമായി ജലസേചനവും നല്‍കുന്നു.

തോട്ടത്തിലുള്ള മുപ്പതിനായിരത്തോളം ഓര്‍ക്കിഡുകളില്‍നിന്ന് മാസം ഏഴായിരത്തിലധികം പൂക്കള്‍ ലഭിക്കുന്നു. ഒരു ലക്ഷം രൂപയോളം വരുമാനമാണ് മാസംതോറും എബിക്ക് ലഭിക്കുന്നത്. ദിവസങ്ങളോളം വാടാതിരിക്കുന്ന പൂക്കള്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്ക് പായ്ക്ക്ചെയ്ത് തീവണ്ടി മാര്‍ഗം അയച്ചുകൊടുക്കുകയാണ് പതിവ്. എക്കാലത്തും തുടര്‍ച്ചയായി പുഷ്പിക്കുന്ന പതിവുള്ള ആനിബ്ലാക്കിന്റെ ഉയരം കൂടുന്നതനുസരിച്ച്  മുറിച്ചുനട്ട് പുതിയ  തൈകളാക്കുകയാണ് പതിവ്. തൈകളുടെ വില്പനയിലും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. 

അഞ്ചുവര്‍ഷമായി പുഷ്പകൃഷി രംഗത്തുള്ള എബി ഇപ്പോള്‍ 'മെസഞ്ചിയാന' എന്ന അലങ്കാര ഇലച്ചെടിയും വളര്‍ത്തുന്നുണ്ട്. തണല്‍ ഇഷ്ടപ്പെടുന്ന ഇവ റബ്ബറിന് ഇടവിളയായി വളര്‍ത്താം. എബിയുടെ പുഷ്പകൃഷിക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും കാണക്കാരി കൃഷി ഓഫീസര്‍ മിനി തമ്പിയുടെയും സാങ്കേതിക സഹകരണങ്ങളുമുണ്ട്. 

Content highlights: Orchid cultivation, Gardening, Ani black orchid 

(ഫോണ്‍: 9447193598).