പത്തനാപുരം: കാഴ്ചയുടെ വിരുന്നൊരുക്കി കാര്യറയില്‍ നിശാഗന്ധി പൂവിട്ടു. ചെമ്പകശ്ശേരി പുത്തന്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ വീട്ടുമുറ്റത്ത് വളര്‍ത്തിയ നിശാഗന്ധി ചെടിയിലാണ് പൂക്കള്‍ വിരിഞ്ഞത്.

വര്‍ഷങ്ങളുടെ ഇടവേളകളിലാണ് നിശാഗന്ധി പൂവിടുന്നത്. പ്രദേശത്ത് സൗരഭ്യം നിറച്ച് നാല്‍പ്പതോളം പൂക്കളാണ് വിരിഞ്ഞത്. സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചെടി പൂവിട്ടത് അറിഞ്ഞത്. അപൂര്‍വകാഴ്ച കാണാന്‍ നിരവധിപ്പേരെത്തി. സെല്‍ഫിയെടുക്കാനും കാഴ്ചക്കാരുടെ തിരക്കേറിയിരുന്നു.