ടൂര്‍ പറക്കോട് ഇടയിലെമുറിയില്‍ തുളസീഭവനം എന്ന തയ്യില്‍ വീടിന്റെ മുറ്റത്തെത്തിയാല്‍ കുളത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരപ്പൂക്കളുടെ മനം നിറയ്ക്കുന്ന കാഴ്ച കാണാം. യുവകര്‍ഷകന്‍ മനു തയ്യിലിന്റേയും സഹോദരി മീനുവിന്റേയും പരിശ്രമമാണ് മനോഹരമായ ഈ താമര കുളത്തിനു പിന്നില്‍. ഇവിടെയെത്തുന്നവര്‍ ആരായാലും താമരക്കുളം കണ്ട് നില്‍ക്കും. താമരപ്പൂവിന്റെ വലിപ്പവും നിറവുമാണ് ഇതിനു കാരണം.

മൂന്നുമാസം മുമ്പ് പുതിയ വീട് നിര്‍മിച്ചപ്പോള്‍ മുറ്റത്തെ ചെറിയ കുളത്തില്‍ നേരം പോക്കിന് ആരംഭിച്ചതാണ് താമര വളര്‍ത്തല്‍. ഇന്ന് അത് മനം കവരുന്ന താമരക്കുളമായി. ഒപ്പം വരുമാന മാര്‍ഗവും. തൃശ്ശൂര്‍നിന്നും താമര അരികള്‍ ഓണ്‍ലൈനില്‍ വാങ്ങി മുളപ്പിച്ചാണ് ആദ്യം ആരംഭിച്ചത്.

വിത്ത് പാകമായപ്പോള്‍ കുളത്തിലിട്ട് പരിപാലിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ താമരച്ചെടി വളര്‍ന്ന് വലുതായി പൂ പിടിച്ചു. താമര പൂത്തുനില്‍ക്കുന്ന വീഡിയോ ചലച്ചിത്ര ഗാനത്തോടൊപ്പം ലോക് ഡൗണ്‍ സമയത്ത് മീനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ കണ്ട് ധാരാളം പേര്‍ ഇവിടേക്ക് എത്തി.

ചെലവുകുറഞ്ഞ രീതിയില്‍ ഭംഗിയുള്ള താമരക്കുളം തങ്ങളുടെ വീട്ടിലും തയ്യാറാക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇവരെ സമീപിക്കുന്നത്. ഇതിനോടകം നിരവധിപേര്‍ക്ക് താമരപ്പൂവിന്റെ വിത്തുകളും വിലയ്ക്ക് നല്‍കി. താമര അരികള്‍ മുളപ്പിച്ച് നല്‍കുകയാണ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കുളത്തില്‍ വളരുന്ന വേരുള്ള താമരത്തണ്ടുകള്‍ പറിച്ച് മറ്റൊരിടത്തേക്ക് മാറ്റി നട്ട് അതില്‍നിന്നും വിത്ത് ഉത്പാദിപ്പിച്ചു തുടങ്ങി.

ഇവിടെ വിരിയുന്ന ചുവന്നനിറമുള്ള താമരപ്പൂവില്‍തന്നെ നാലിനങ്ങളാണ് ഉള്ളത്. പൂവിന്റെ വലിപ്പമാണ് ഏവരേയും ആകര്‍ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മനുതയ്യില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അടൂര്‍ നഗരസഭയിലെ മികച്ച കര്‍ഷകനുള്ള അംഗീകാരവും മനുവിന് ലഭിച്ചിട്ടുണ്ട്. സഹോദരി മീനു എം.എ. കഴിഞ്ഞ് തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: lotus pond at home