പൂവിപണിയില്‍ എന്നും പ്രിയമേറിയതാണ് മുല്ല. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരി പട്ടണത്തില്‍ മാത്രം 2000 ഏക്കര്‍ സ്ഥലത്ത് മുല്ല കൃഷി ചെയ്യുന്നു. ദിവസേന 50 ടണ്‍ പൂക്കള്‍ ഇവിടെ നിന്ന് ബാംഗ്‌ളൂര്‍ വിപണിയില്‍ എത്തുന്നുണ്ട്. ശരാശരി 30 മുതല്‍ 50 വരെ വില കിട്ടുന്നു. ചിങ്ങമാസം പിറന്നാല്‍ 1000 മുതല്‍ 1500 വരെ വില ലഭിക്കും.

ഒരേക്കറിലും അമ്പതേക്കറിലും മുല്ല മാത്രം കൃഷി ചെയ്യുന്ന അനേകം ആളുകളുണ്ടിവിടെ. ഒരു തവണ കൃഷി ചെയ്താല്‍ കുറഞ്ഞത് 15 വര്‍ഷക്കാലം അധിക അധ്വാനമില്ലാതെ വിളവെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 

നിലം നന്നായി ആഴത്തില്‍ രണ്ടുതവണ കിളച്ച് കളകള്‍ നീക്കം ചെയ്ത് ചെടിയും വരിയും തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ച് 30 സെ.മീ ആഴത്തിലും ചതുരത്തിലുമുള്ള കുഴികള്‍ എടുത്ത് ചാണകപ്പൊടി നിറച്ച് കുഴിമൂടി വേര് പിടിപ്പിച്ചതോ ചാരിവെച്ചതോ ആയ തൈകള്‍ നടും.വെള്ള സൗകര്യമുണ്ടെങ്കില്‍ എക്കാലത്തും നടാമെങ്കിലും ജൂണ്‍ മുതല്‍ നവമ്പര്‍ വരെയാണ് പറ്റിയ കാലം. 

നട്ട ഉടനെയും പിന്നീട് ആഴ്ചയിലൊരു തവണയും നന്നായി നനയ്ക്കണം. നാല് മാസത്തിലൊരിക്കല്‍ പത്ത് കിലോ ചാണകം, അരക്കിലോ വീതം ഫോസ്‌ഫേറ്റും പൊട്ടാഷും ചുവട്ടില്‍ വിതറി ഇടയിളക്കും. 

ഒരു ദിവസം ഒരു ചെടിയില്‍ നിന്ന് ചുരുങ്ങിയത് 15-20 മൊട്ടുകള്‍ പറിക്കാം. 10 സെന്റില്‍ നിന്നും ശരാശരി ഒന്നരക്കിലോ പൂക്കള്‍ കിട്ടും. മഴക്കാലത്ത് കുറയുമെങ്കിലും ഒരാണ്ടില്‍ 9 തവണ വിളവെടുക്കാം.

അതിരാവിലെ ആരംഭിക്കുന്ന മൊട്ടുപറിക്കല്‍ 8 മണിക്ക് മുമ്പ് അവസാനിപ്പിക്കും. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതില്‍ പങ്കാളികളാകും. വീട്ടമ്മമാര്‍ക്ക് വരുമാനം നല്‍കുന്ന മുല്ലക്കൃഷിക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മുറ്റത്തോ ചട്ടിയിലോ ഒരു ചുവട് മുല്ല നട്ടാല്‍ വീട്ടുമുറ്റത്ത് എന്നും പരിമളം പരത്താം.

Content highlights: Kaveri, Agriculture,Jasmine