കേരളത്തില്‍ അപൂര്‍വമായിമാത്രം കാണപ്പെടുന്ന ജെയ്ഡ് വൈന്‍ ചെടി ഇടുക്കി, തൊടുപുഴയില്‍ പൂത്തു. തൊടുപുഴ-ഇടുക്കി റോഡില്‍ മംഗലത്ത് പുന്നൂസ് ജേക്കബിന്റെ വീട്ടുമുറ്റത്താണ് ജെയ്ഡ് വൈന്‍ ചെടി പൂത്തുകിടക്കുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ ചെടി വളരുമെങ്കിലും സമൃദ്ധമായി പൂക്കുന്നത് അപൂര്‍വമാണ്.
മികച്ച അലങ്കാര സസ്യമാണ് ജെയ്ഡ് വൈന്‍. ഇതിന്റെ ജന്മദേശം ഫിലിപ്പീന്‍സാണ്. അവിടത്തെ ഉഷ്ണമേഖലാ കാടുകളില്‍ കണ്ടുവരുന്ന ജെയ്ഡ്‌വൈന്‍ രണ്ട് നിറങ്ങളിലാണ് ഉണ്ടാകുക. തിളങ്ങുന്ന സമുദ്രനീലയും തീക്കനലിന്റെ നിറവും. നീല വ്യാപകമാണ്, ചുവപ്പ് അപൂര്‍വവും. 'തീ മഴ പെയ്തിറങ്ങും പോലെ'യെന്നാണ് ചുവന്ന പൂക്കള്‍ നിറഞ്ഞു പൂക്കുന്ന ജെയ്ഡ് വൈനെ വിശേഷിപ്പിക്കുന്നത്.
വര്‍ഷത്തില്‍ ഒരു തവണമാത്രം പൂക്കുന്ന, അപൂര്‍വമായിമാത്രം കാണപ്പെടുന്ന ഇതിന്റെ തൈ വയനാട് അമ്പലവയലില്‍നിന്നു നാല് വര്‍ഷം മുന്‍പ് കൊണ്ടുവന്നതാണ്. കേരളത്തില്‍ ഇത് അപൂര്‍വമാണെങ്കിലും ചെടിയുടെ തൈകള്‍ വിദേശത്തുനിന്നോ കാര്‍ഷിക ഗവേഷണശാലകളില്‍നിന്നോ എത്തിച്ച് ചിലര്‍ ഇത് വീടുകളില്‍ നട്ടുപിടിപ്പിക്കുകയും പൂക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Jade vine creeper bloomed in Thodupuzha