പണ്ടത്തെ തറവാടുകളിലെ പൂന്തോട്ടങ്ങളിലെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു ആ കുറ്റിച്ചെടി. ചുവന്ന് തുടുത്ത് ആരുടെയും മനം കവര്‍ന്നു നില്‍ക്കുന്ന അവ എല്ലാകാലത്തും പൂക്കള്‍ ചൂടിനിന്നിരുന്നു. വസന്തകാലത്ത് ചില വളക്കൂറുള്ള മണ്ണുകളില്‍ ഇല കാണാത്തവിധം അത് പൂത്തുലയും. അപ്പോള്‍ ചുവപ്പിന്റെ ഒരു ചെറുകുന്ന് നില്‍ക്കുന്നതുപോലെയുള്ള തോന്നലാണ് കാഴ്ചക്കാര്‍ക്ക്  ഇത് നല്‍കുക. ആയുര്‍വേദത്തിലും ക്ഷേത്രാചാരത്തിലും ഇതിന് സമൂലം ഉപയോഗമുണ്ട്. പൂവ് ഏതാണെന്നല്ലേ. നമ്മുടെ സാക്ഷാല്‍ തെച്ചി.

തെറ്റിയെന്നും ചെത്തിയെന്നും വലിയ മരത്തിന്റെ രൂപത്തില്‍ വളരുന്നതിന് അശോക തെച്ചിയെന്നും കരവീരകം എന്നുമെല്ലാം വിളിക്കപ്പെടുന്ന ഇതിന്റെ ഔഷധയോഗമുള്ളത് ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങളിലുള്ളതാണ്. അവ പതുക്കെ നമ്മുടെ പൂന്തോട്ടങ്ങളില്‍ നിന്നും മറഞ്ഞുകൊണ്ടിരിക്കുകയാണ്‌. പകരം മറ്റു സ്ഥലങ്ങളില്‍ നിന്നുവരുന്ന ചെറിയ ഇലയും പൂവുമുള്ള ചട്ടികളില്‍ വളര്‍ത്താവുന്ന മറ്റു നിറങ്ങളിലുള്ളവ സ്ഥാനം പിടിച്ചിരിക്കുന്നു.

ഇക്സോറ കോക്സിനിയ എന്ന ശാസ്ത്രനാമമുള്ള ഈ കുറ്റിച്ചെടി റൂബിയേസി കുടുംബക്കാരനാണ്. ഇതിന് സംസ്‌കൃതത്തില്‍ രക്തലാ, പാടലി, പാരന്തി എന്നിങ്ങനെയും ഹിന്ദി, ബംഗാളി ഭാഷകളില്‍ രഞ്ജന്‍ എന്നും തമിഴില്‍ തെറ്റിയെന്നും പറഞ്ഞുവരുന്നു. ഈ ഏഷ്യന്‍ വംശജന് നാനൂറോളം വ്യത്യസ്ത ഇനങ്ങളുണ്ട്. ഇക്സോറ എന്ന് ആംഗലേയത്തില്‍ പറയുന്ന ഇത് ആയുര്‍വേദത്തില്‍ പല ത്വക് രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ വളരുന്ന കുറ്റിച്ചെടിയാണിത്. അല്പം നീണ്ട ഇലകളുടെ അറ്റത്താണ് പൂക്കുലകള്‍ വിരിയുന്നത്. ദ്വിലിംഗ പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. ചെറിയ കായകള്‍ ഉണ്ടാകുന്നു. പഴുക്കുമ്പോള്‍ അവയ്ക്ക് ഇരുണ്ട ചുവപ്പുനിറം വരുന്നു.

തൈകള്‍ തയ്യാറാക്കാം

Agriculture

മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 3:3:3 എന്ന തോതില്‍ ചേര്‍ത്ത് തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം ചെറിയ പോളിത്തീന്‍ കവറുകളില്‍ നിറച്ച് കുറഞ്ഞത് നാലിഞ്ച് നീളത്തില്‍ വെട്ടിയെടുത്ത കമ്പുകള്‍ വൈകുന്നേരങ്ങളില്‍ നട്ട് തൈകള്‍ തയ്യാറാക്കാം. കമ്പുകള്‍ നടുന്നതിന് മുമ്പ് മുരിങ്ങയുടെ ഇലയോ തണ്ടോ ചതച്ചതിന്റെ നീരില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ പെട്ടെന്ന് വേരു പിടിക്കും. അല്ലെങ്കില്‍ വിപണിയില്‍ കിട്ടുന്ന വേഗം വേരു പിടിക്കാന്‍ ഉപയോഗിച്ചു വരുന്ന വളര്‍ച്ചാ ഹോര്‍മോണും ഉപയോഗിക്കാം. കമ്പു നട്ടു കഴിഞ്ഞ് രണ്ടാഴ്ച കൊണ്ട് വേരു പിടിക്കുകയും 20 ദിവസം കൊണ്ട് പുതിയ ഇലകള്‍ വരികയും ചെയ്യും. മൂന്ന് പുതിയ ഇലകള്‍  വന്നു കഴിഞ്ഞാല്‍ ചട്ടിയിലേക്കോ പൂന്തോട്ടത്തിലേക്കോ മാറ്റി നടാം. ഇലകള്‍ വരുന്നതുവരെ തണലും ചെറിയ തോതില്‍ നനയും അത്യാവശ്യമാണ്.

നേരിട്ട് നട്ടുപിടിപ്പിക്കാം 

മഴക്കാലത്ത് പൂന്തോട്ടത്തില്‍ ഒരടി ആഴവും വീതിയും നീളവുമുള്ള കുഴികളെടുത്ത്  അതില്‍ ചാണകപ്പൊടിയും മണലും സമാസമം നിറച്ചതിനുശേഷം അതില്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം ഡോളമെറ്റ് എന്നിവ ചേര്‍ക്കുക. നന്നായി നനച്ച ശേഷം കുഴികളില്‍ കൊമ്പുകള്‍ നടാം. ആദ്യ രണ്ടുദിവസം അല്പം തണലു നല്‍കുന്നത് നല്ലതാണ്. നന്നായി പടര്‍ന്നു പന്തലിച്ചു വളരുന്ന ഇവയില്‍ നിറയെ പൂക്കളുണ്ടാകാന്‍ കൊമ്പു കോതിക്കൊടുക്കുന്നത് നല്ലതാണ്. ചുവട്ടില്‍ ഒന്നരയടി വിട്ട് തടമെടുത്തതിന് ശേഷം രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കല്‍ രണ്ടുകിലോ ചാണകപ്പൊടി, 250 ഗ്രാം കടലപ്പിണ്ണാക്ക് എന്നിവ നല്‍കാം. ചെറിയ പ്രായത്തില്‍ തളിരിലകളെ ആക്രമിക്കുന്ന ശലഭപ്പുഴുക്കളാണ് തെച്ചിയെ ബാധിക്കുന്ന പ്രധാന കീടം അവയെ തുരത്താന്‍ വേപ്പെണ്ണ എമെല്‍ഷന്‍ ഉപയോഗിച്ചാല്‍ മതി.

വയറുവേദന , വയറിളക്കം, വ്രണം, ഗൊണോറിയ എന്നിവ ശമിപ്പിക്കാന്‍ വ്യത്യസ്ത രീതിയില്‍ ഇതിന്റെ വേരും പൂവും സമൂലവും ഉപയോഗിച്ചു വരുന്നുണ്ട്. പണ്ട് മാറാത്ത വ്രണങ്ങള്‍ക്ക് തെച്ചിപ്പൂവ് ചതച്ച് എണ്ണകാച്ചി പുരട്ടുന്ന രീതി ഉണ്ടായിരുന്നു. എന്തായാലും അഴകും ഔഷധ ഗുണവുമുള്ള നമ്മുടെ തെച്ചിപ്പൂവ് കാണാമറയത്തേക്ക് പോകാതിരിക്കാന്‍ നമുക്കും നടാം പറമ്പില്‍ ഒരു കൊമ്പെങ്കിലും. 

Content highlights: Ixora coccinea, Organic farming, Agriculture