ബെംഗളൂരുവിലെ 'ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്'' മനോഹരമായ മൂന്ന് പുതിയ റോസിനങ്ങള്‍ പുറത്തിറക്കി. കട്ട് ഫ്‌ളവര്‍ വ്യവസായത്തിനുയോജിച്ച റോസിനമാണ് 'അര്‍ക്ക പ്രൈഡ്'. ഇത് സംരക്ഷിത കൃഷിയില്‍ മെച്ചമായ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തുനിന്ന് 120 പൂക്കള്‍വരെ വിളവെടുക്കാം. മഞ്ഞയും ചുവപ്പും ചേര്‍ന്ന പാടലവര്‍ണമാണ് പൂക്കള്‍ക്ക്. 

'അര്‍ക്ക ഐവറി' പേരു സൂചിപ്പിക്കുന്നതുപോലെ ഐവറി നിറത്തിലുള്ള പൂക്കള്‍ തരുന്ന ഇനമാണ്. കട്ട് ഫ്‌ളവറായി ഉപയോഗിക്കാവുന്ന ഈയിനം. ചതുരശ്ര മീറ്ററില്‍നിന്ന് 110 പൂക്കളോളം വിളവ് തരുന്നു. സുഗന്ധ റോസിനമായ  'അര്‍ക്ക സുകന്യ'യാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മറ്റൊന്ന്.

0.22 ശതമാനം സുഗന്ധസത്ത് അടങ്ങിയ പൂക്കളാണ് ഇതില്‍ വിരിയുക. സുഗന്ധസത്ത് വേര്‍തിരിക്കാനും സുഗന്ധചികിത്സയ്ക്കും ഇതുപയോഗിക്കാം. രോഗകീട പ്രതിരോധശേഷിയില്‍ മെച്ചമാണ് ഈ മൂന്നിനങ്ങളും.

(IIHR ഫോണ്‍: 080 28466420).