എഴുത്തുജോലികള്ക്ക് ഭര്‍ത്താവ് വാടകയ്ക്കെടുത്ത വീട്ടില്‍ കൊക്കഡാമ എന്ന അലങ്കാരച്ചെടി കൃഷിയിലൂടെ സ്മിത വളര്‍ത്തിയെടുത്തത് പുതുജീവിതം. വിദേശത്തുള്‍പ്പെടെ ചാനലുകള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കും തിരക്കഥയെഴുതുന്ന ജെബിന് ജോസഫിന് സ്വസ്ഥമായിരുന്ന് എഴുതാന്‍ വേണ്ടിയെടുത്ത വീട്ടില്‍ ഇപ്പോള്‍ വിദേശിയും സ്വദേശിയുമായ അലങ്കാരച്ചെടികളാണ് നിറയെ. കൊക്കഡാമ എന്ന ജാപ്പനീസ് ഇന്റീരിയര്‍ അലങ്കാരകൃഷിയിലൂടെ മികച്ച സാമ്പത്തികനേട്ടവും ഉണ്ടാക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം.
ക്രിയാത്മകമാക്കി ലോക്ഡൗണ്‍
ആളൂര്‍ സ്വദേശി സ്മിതയും ഭര്‍ത്താവ് പാവറട്ടി സ്വദേശി കുണ്ടുകുളങ്ങര ജെബിനും മാര്‍ച്ചിലാണ് കൊടകര ശാന്തി ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ താമസമാരംഭിച്ചത്. എറണാകുളത്തേക്ക് പോയിവരാനുള്ള സൗകര്യമായിരുന്നു കാരണം. ലോക്ഡൗണ്‍ എല്ലാം തകിടം മറിച്ചു. ടി.വി. പരിപാടികളും സ്റ്റേജ് പരിപാടികളും നിലച്ചു. ജെബിന്റെ എഴുത്തും മുടങ്ങി. സ്വകാര്യ കോളേജില്‍ അധ്യാപികയായിരുന്ന സ്മിതയും വീട്ടില്‍ കുടുങ്ങി.
യൂ ട്യൂബ് നോക്കി നേരമ്പോക്കിന് ചെയ്തുവന്നിരുന്ന ഇന്‍ഡോര്‍ അലങ്കാരച്ചെടി കൃഷി കാര്യമായെടുത്താലോ എന്നായി ചിന്ത. പഴയ കോളേജ് സുഹൃത്തുക്കള്‍കൂടി കൈകോര്‍ത്തു. സംരംഭം പച്ചപിടിച്ചു. നേരത്തെ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് ചെയര്‍മാനും മാഗസിന് എഡിറ്ററുമായിരുന്നു ജെബിന്.
കൊക്കഡാമ
പാവങ്ങളുടെ ബോണ്‍സായ് എന്നറിയപ്പെടുന്ന കൊക്കഡാമയുടെ പുതിയ ട്രെന്‍ഡുകളും സാധ്യതകളും ഇവരുടെ ഗ്രീന്‍ ലൈഫിലെത്തി. ചകിരിച്ചോറും മണ്ണും ചേര്‍ത്ത മിശ്രിതം നൂലില്‍ പൊതിഞ്ഞശേഷം മണ്ണില്‍ വളരുന്ന പായലും പൂപ്പലും പൊതിഞ്ഞ്, അതില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നതാണിത്.
Content Highlights: Housewife earning income by making Kokkadama