ഓര്‍ക്കിഡുകള്‍ എന്നും ആരാമങ്ങള്‍ക്ക് അലങ്കാരങ്ങളാണ്. വയനാടന്‍ കാടുകളിലും പശ്ചിമഘട്ട മലനിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓര്‍ക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാന്‍ തുടങ്ങിയിട്ട് പത്തുമുപ്പത് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പലനിറങ്ങളിലും രൂപങ്ങളിലും പെട്ടെന്ന് വാടിക്കൊഴിയാതെ പൂന്തോട്ടങ്ങളെ വര്‍ണാഭമാക്കുന്ന ഓര്‍ക്കിഡുകളുടെ നിര തന്നെ പിന്നീട് പൂന്തോട്ട ലോകത്തേക്ക് വന്നെത്തി. അവയില്‍പ്പലതും വിദേശരാജ്യങ്ങളില്‍ നിന്ന് നമ്മുടെ വിപണിയില്‍ എത്തിയവയായിരുന്നു. അവയില്‍ സങ്കരണം വഴി ഉത്പാദിപ്പിച്ചവയും ഉണ്ടായിരുന്നു. അതില്‍ ചിലത് വിദേശ രാജ്യങ്ങളിലെ സമതുലിതമാക്കപ്പെട്ട അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുത്തവയായതുകൊണ്ട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ശരിക്കും വളരുകയോ നല്ല പൂക്കള്‍ നല്‍കുകയോ ചെയ്തില്ല. ഇതിനുകാരണം ഓരോവിധം ചെടിക്കും നല്‍കേണ്ട വളം, അവ നടേണ്ട മിശ്രിതം, വളര്‍ത്തേണ്ട പരിസ്ഥിതി, നല്‍കേണ്ട സൂര്യപ്രകാശത്തിന്റെ അളവ് എന്നിവ കൃത്യമായി മനസ്സിലാക്കാത്തതായിരുന്നു. എന്നാല്‍ ഇവയെല്ലാം കിറുകൃത്യമായി ചെയ്തവരുടെ തോട്ടങ്ങളില്‍ അവ വെറും ഇലച്ചെടികളായി മാറാതെ പൂക്കള്‍വിരിച്ച് വര്‍ണം വാരിവിതറി. എന്തായാലും തോട്ടങ്ങളില്‍ ഇപ്പോള്‍ പുത്തന്‍ ഓര്‍ക്കിഡുകളുടെ വേലിയേറ്റമാണ്. 

orchids

ഓര്‍ക്കിയേസി കുടുംബത്തിലെ അംഗമാണ് ഓര്‍ക്കിഡുകള്‍. മണ്ണില്‍ വളരുന്നവ, മരത്തില്‍ പറ്റിപ്പിടിച്ച് വളരുന്നവ, അഴുകിയ ജൈവവസ്തുക്കളില്‍ വളരുന്നവ, തണുപ്പുള്ള പാറമേല്‍ വളരുന്നവ എന്നിങ്ങനെ പല തരത്തിലാണ് ഓര്‍ക്കിഡുകള്‍. കായിക ഘടനയുടെ അടിസ്ഥാനത്തില്‍ ഇവയെ മോണോപോഡിയന്‍സ് എന്നും സിംപോഡിയന്‍സ് എന്നും തിരിച്ചിരിക്കുന്നു.

ആദ്യകാലം മുതല്‍ത്തന്നെ കേരളത്തിലെ തോട്ടങ്ങളില്‍ സഥാനംപിടിച്ച ഓര്‍ക്കിഡാണ് ഡെന്‍ഡ്രോബിയം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമായ വളര്‍ച്ചാരീതിയാണിതിന്. സിംപോഡിയന്‍സ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഇതിന് ഹിക്കിബി, ഡോണ്‍മാരി എന്നിങ്ങനെയുള്ള സങ്കരയിനങ്ങള്‍ കണ്ടുവരുന്നു.

ഹിക്കിബി

orchids

ഡെന്‍ഡ്രോബിയം ഇനത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ ചെറിയ ഇനമാണ് ഹിക്കിബി. 6-7 ഇഞ്ച് നീളം മാത്രം വെക്കുന്ന ചെടിയുടെ പൂക്കള്‍ക്ക് കടും പിങ്ക് നിറമാണുണ്ടാവുക. തണ്ടുകള്‍ ഇലകളോടു കൂടിയവയായിരിക്കും. ഇലകള്‍ മുഴുവനും പൊഴിഞ്ഞുപോകുന്ന അവസരത്തിലാണ് പൂവിടുക. ഒരു പൂങ്കുലയില്‍ നാലു പൂക്കള്‍വരെയുണ്ടാകും. ഒരു തണ്ടില്‍ത്തന്നെ ഒരു വര്‍ഷത്തില്‍ പല തവണ പൂക്കളുണ്ടാകും. പൂക്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വളരുന്നു.

ഡോണ്‍മാരി 
 
പരമ്പരാഗതമായി നാം പരിചയിച്ച ഡെന്‍ഡ്രോബിയത്തിന്റെ വളര്‍ച്ചാരീതിയും പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന സങ്കരയിനമാണ് ഡോണ്‍മാരി. വെള്ളനിറത്തിലായിരിക്കും ഇതിന്റെ ബാഹ്യഇതളുകള്‍. എന്നാല്‍, അതിനുള്ളില്‍ കാണപ്പെടുന്ന മഞ്ഞ, ഓറഞ്ച്, പീതം എന്നിങ്ങനെ വര്‍ണത്തിലുള്ള ആന്തരിക ഇതളുകളാണ് ഇതിന് വര്‍ണഭംഗി നല്‍കുന്നത്. ഒരു തണ്ടില്‍ പരമാവധി അഞ്ചു പൂക്കള്‍വരെ കാണപ്പെടുന്നു. രണ്ടാഴ്ചയോളം വാടാതെ ഇത് ചെടിയുടെ മുകളില്‍ നില്‍ക്കുന്നു. 

orchids

ആസ്‌കോസെന്‍ട്രം

ഓര്‍ക്കിഡുകളിലെ കൊട്ടയില്‍ വളര്‍ത്തുന്ന ബാസ്‌കറ്റ് വാന്‍ഡ ഇനങ്ങള്‍പ്പോലെയുള്ള ഇനമാണിത്. ചെറിയ വാന്‍ഡയുടെ രൂപമാണിതിന്. വെള്ള , മഞ്ഞ, പര്‍പ്പിള്‍, പിങ്ക് നിറങ്ങളിലാണിത് കാണപ്പെടുന്നത്. വേരുകളാണിതിന്റെ പ്രധാനം. ചെടിയുടെ ഇലകള്‍ക്ക് അടിയില്‍നിന്നുവരെ ചിലപ്പോള്‍ വേരുകള്‍ പൊട്ടാം. വേരുകള്‍ക്ക് എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നന്നായി മൂത്ത ചെടികള്‍ക്ക് ചുവട്ടില്‍ നിന്ന് പുതിയ തൈകള്‍ ഉണ്ടായിവരും. പൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധവുമുണ്ടാകും. ഒരു മാസത്തോളം നിലനില്‍ക്കുന്നതാണ് പൂക്കള്‍. ചെറിയ തൂക്കുകൊട്ടകളില്‍ മാധ്യമം ഒന്നുമില്ലാതെ വളര്‍ത്താം.orchids

അരാക്കനിസ്

തേളിന്റെയോ ചിലന്തിയുടെയോ ആകൃതിയില്‍ പൂക്കളുണ്ടാകുന്ന ഓര്‍ക്കിഡ് ഇനമാണ് അരാക്കിനസ്. ഗ്രീക്ക് ഭാഷയില്‍ അരാക്കന്‍ എന്നാല്‍ ചിലന്തിയെന്നാണ് അര്‍ഥം. പല വിദേശരാജ്യങ്ങളിലും വെട്ടുപൂക്കള്‍ക്കായി വളര്‍ത്തിവരുന്ന ഇനമാണിത്. മാഗിഓയ്(ചുവപ്പുനാട, മഞ്ഞനാട), ആപ്പിള്‍ ബേ്ളാസം എന്നും പറയപ്പെടുന്നവ ഇതിന്റെ സങ്കരയിനങ്ങളാണ്.

വാന്‍ഡ

വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഏറെ പ്രചാരമുള്ളയിനമാണ് വാന്‍ഡ. ഇതിന്റെ ഇലകളുടെയും തണ്ടിന്റെയും ആകൃതിയെ അടിസ്ഥാനമാക്കി വാച്ച്ലീഫ്സ് വാന്‍ഡ, ടെറേറ്റ് വാന്‍ഡ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവ രണ്ടുംകൂടിയുള്ള സങ്കരയിനത്തിന് സെമിടെറ് വാന്‍ഡയെന്നാണ് പേര്. നല്ലവലിപ്പമുള്ള പൂക്കളാണ്. പിങ്ക്, വയലറ്റ്, ഓറഞ്ച് നിറങ്ങളില്‍ കാണപ്പെടുന്നു ഒരു മാസത്തോളം പൂക്കള്‍ വാടാതെ നില്‍ക്കും.

ബ്രാസവോള

രാത്രിയില്‍ വിരിയുന്ന നാരങ്ങാസുഗന്ധമുള്ള പൂക്കളാണ് ബ്രാസവോളയെ താരമാക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്നിടത്തും ചോലയിലും ഒരുപോലെ വളരുന്നു. ഇവയുടെ പൂവിന്റെ ഒരിതള്‍മാത്രം വലുതും ലൗചിഹ്നത്തിന്റെ രൂപത്തിലുമാണ്. ലേഡിഓഫ്നൈറ്റ് എന്നാണ് ഇതിന്റെ അപരനാമം. സൂര്യപ്രകാശം കിട്ടുന്നിടത്ത് നന്നായി ബുഷ് പോലെ വളരുന്നു. ചെടി നടാന്‍ മരക്കരി, ഓട്ടിന്‍ കഷണങ്ങള്‍ എന്നിവചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. ദ്വാരങ്ങളുള്ള മണ്‍ചട്ടിയാണ് വളര്‍ത്താന്‍ ഉത്തമം.  

അരാണ്ട. മെക്കാറ, ഫലപ്നോസിസ്, റെനാന്ത്ര, ആനിബ്ളാക് എന്നിങ്ങനെ ഇനിയും ഒട്ടേറെ പുത്തന്‍താരങ്ങളെ ഓര്‍ക്കിഡ് ഇനത്തില്‍ പരിചയപ്പെടുത്താനുണ്ട്. അവയെയും ഓര്‍ക്കിഡ് കൃഷി വ്യാവസായികമായി നടത്തുന്നതിനെക്കുറിച്ചും പിന്നീട് പറയാം.