വസന്തത്തിന്റെ വരവറിയിച്ച് ആനന്ദപുരത്തെ ശ്രീകൃഷ്ണ സ്‌കൂള്‍മുറ്റത്ത് ഡിവിഡിവി മരങ്ങള്‍ പൂത്തു. കുട്ടികള്‍ക്കായി കൂട്ടായി തേന്‍കുരുവികളും പൂമ്പാറ്റകളുമെത്തി. സ്‌കൂള്‍ മുറ്റത്തെ അമ്പതോളം ഡിവിഡിവി മരങ്ങളാണ് പൂത്തുലഞ്ഞത്. നൂറുകണക്കിന് തേന്‍കുരുവികളും പൂമ്പാറ്റകളും കുട്ടികള്‍ക്ക് കൗതുകങ്ങളുടെ കാഴ്ചയൊരുക്കുകയാണ്. മുറ്റത്ത് നടന്നും സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലകളിലെ വരാന്തകളില്‍ നിന്നും കോണിപ്പടിയിലെ ജനലഴികളിലൂടെയും കിളികളെയും പൂമ്പാറ്റകളെയും അടുത്ത് കണ്ട് ആസ്വദിക്കുകയാണ് ഇവിടത്തെ കുട്ടികള്‍. divi

കുരുവികളും ശലഭങ്ങളും തേനീച്ചകളും വണ്ടുകളും തുടങ്ങി തേന്‍കുടിക്കുന്ന ഒട്ടുമിക്ക പ്രാണിവര്‍ഗങ്ങളും  ഈ മരത്തിന്റെ ശിഖരങ്ങളില്‍ നിത്യസന്ദര്‍ശകരാകുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെയും ഇവ മരച്ചില്ലകളില്‍ ഓരോ പൂങ്കുലകളിലും മാറി മാറി തേന്‍ നുകരുന്നു. കുരുവികളുടെ കരച്ചിലും ശലഭങ്ങളിലെ  വൈവിധ്യങ്ങളുമാണ് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. 

പലവര്‍ണങ്ങള്‍ ചേര്‍ന്നതും മഞ്ഞയും ഓറഞ്ചും വെള്ള നിറത്തിലുള്ളതും കറുപ്പും വെള്ളയും കലര്‍ന്നതും എന്നിങ്ങനെ വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള പൂമ്പാറ്റകള്‍ നിരവധിയാണ്. തേനീച്ചകളിലും വിവിധ തരമുണ്ട്. സ്‌കൂള്‍ അങ്കണത്തില്‍ തണലൊരുക്കാന്‍ പതിനഞ്ച് വര്‍ഷം മുന്‍പാണ് ഡിവിഡിവി മരങ്ങള്‍ നട്ട് പിടിപ്പിച്ചത്. സ്‌കൂള്‍ മുറ്റത്തും ഗ്രൗണ്ടിലുമായി  കെട്ടിടങ്ങളോട് ചേര്‍ന്ന് അമ്പതോളം ഡിവിഡിവി മരങ്ങള്‍ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്നതും സുന്ദരകാഴ്ചയാണ്.

ചില വര്‍ഷങ്ങളില്‍ രണ്ടു തവണ മരങ്ങള്‍ പുഷ്പിക്കാറുണ്ട്. മരത്തിലെ പൂങ്കുലകള്‍ വിടര്‍ന്നുതുടങ്ങിയിട്ടേയുള്ളൂ. കരീബിയന്‍ ദ്വീപുകള്‍, മെക്‌സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ കാണുന്ന ഈ വിദേശി മരത്തിന്റെ ഇളം മഞ്ഞനിറത്തിലുള്ള പൂക്കള്‍ക്ക് മത്തുപിടിപ്പിക്കുന്ന മണമുണ്ട്. ഈ മണവും പൂക്കളിലെ തേനുമായിരിക്കണം പൂമ്പാറ്റകളെയും പ്രാണികളെയും കൂട്ടത്തോടെ ആകര്‍ഷിക്കുന്നത്.