കണ്ണിനിമ്പം, മനസ്സിന് കുളിര്‍മ, ശുദ്ധവായു, പ്രകൃതിയോടുള്ള പ്രണയം... ഇന്‍ഡോര്‍ പ്ലാന്റും ബോണ്‍സായിയും വളര്‍ത്തി പരിപാലിക്കുന്നതിലൂടെ നാം അറിഞ്ഞോ അറിയാതെയോ സ്വന്തമാക്കുന്നത് ഇവയെല്ലാമാണ്. പ്രകൃതിയെ അകത്തളത്തിലേക്ക് 'ആവാഹി'ക്കുന്ന വിദ്യയുടെ പുതിയ രൂപമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അഥവാ ഗ്രീന്‍ വാള്‍. വിവിധ വര്‍ണങ്ങളിലുള്ള ഇലച്ചെടികളും കുഞ്ഞുപൂച്ചെടികളും മതിലിലും ഭിത്തിയിലും അടുക്കും ചിട്ടയോടെയും ക്രമീകരിച്ചുവെക്കുന്ന സാങ്കേതികരൂപം.vertical garden

വിദേശങ്ങളിലും ഇന്ത്യയിലെ വന്‍ നഗരങ്ങളിലും വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രചാരം നേടിയ  ഈ ഹരിതപാഠം നമ്മുടെ നാട്ടിലും വേരുപിടിച്ചുകഴിഞ്ഞു. ഫ്‌ലാറ്റ് സംസ്‌കാരം സര്‍വസാധാരണമായ ഇക്കാലത്ത് പൂന്തോട്ടമൊരുക്കാന്‍ സൗകര്യമില്ലെന്ന പരാതിക്കുള്ള പരിഹാരം കൂടിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. വീടിന്റെയും സ്ഥാപനങ്ങളുടെയും ഷോപ്പിങ് മാളുകളുടെയും എന്തിനധികം, പെട്രോള്‍പമ്പുകളുടെ പോലും അകത്തളങ്ങളും പരിസരങ്ങളും പച്ചപ്പട്ടുടുത്തുകഴിഞ്ഞു.

ചായത്തിനു പകരം ചെടി

കൊച്ചി മെട്രോയുടെ തൂണുകളില്‍ സജ്ജമാക്കിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍  ഏറെ ചര്‍ച്ചാവിഷയമായി. പല നിറങ്ങളിലുള്ള ചായങ്ങള്‍ക്കുപകരം പലവര്‍ണച്ചെടികള്‍ ചേര്‍ത്തുണ്ടാക്കിയൊരു ആകര്‍ഷകനിര്‍മിതി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 'പൂന്തോട്ടം' വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മെട്രോ അധികൃതര്‍. ഭിത്തികളിലും മതിലുകളിലും വള്ളിച്ചെടികള്‍ പടര്‍ത്തുന്നതായിരുന്നു പണ്ട് പതിവ്. പിന്നീടത് കള്ളിമുള്‍ച്ചെടികളിലേക്കും മണിപ്ലാന്റിലേക്കും പടര്‍ന്നു. തുടര്‍ന്നാണ് ബോണ്‍സായിയുടെയും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെയും വരവ്. കെട്ടിടത്തിന്റെ പുറംഭിത്തി, തൂണുകള്‍, ഗോവണിക്കൂട് തുടങ്ങിയവ അലങ്കരിക്കാനും ഫ്‌ലാറ്റുകളില്‍ ഹാളുകള്‍ വേര്‍തിരിക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉപയോഗപ്പെടുത്തിതുടങ്ങി. ജ്യാമിതീയ രൂപങ്ങളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഒരുക്കുന്നതാണ് പൊതുരീതി. ഡിസൈന്‍ പുതുക്കാം, കേടായാല്‍ മാറ്റി പുതിയത് സ്ഥാപിക്കാം തുടങ്ങിയവയാണ് ഇതിന്റെ പൊതുവായ ഗുണങ്ങള്‍.

എങ്ങനെ തയ്യാറാക്കാം

രൂപകല്പനയാണ് ആദ്യപടി. ഉദ്ദേശിക്കുന്ന ഗാര്‍ഡന്റെ രൂപരേഖ ആദ്യം വരയ്ക്കണം. ഏതു തരത്തിലുള്ള ചെടികള്‍ എത്രത്തോളമാവാം എന്ന് ഏകദേശധാരണ വേണം. തിരഞ്ഞെടുത്ത ഭിത്തിയുടെ ഉയരം, സ്ഥാനം, നീളം എന്നിവയനുസരിച്ചുവേണം ഗാര്‍ഡന്‍ സജ്ജീകരിക്കേണ്ടത്. ചെടികള്‍ നടുന്നതിനുള്ള ചട്ടിയുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ചട്ടങ്ങള്‍ വിപണിയില്‍ സുലഭമാണ്. ചട്ടങ്ങള്‍ ഭിത്തിയില്‍ സ്‌ക്രൂചെയ്ത് ഉറപ്പിക്കാം. (ചട്ടികള്‍ക്കുപകരം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കലാപരമായി മുറിച്ചെടുത്തും ഉപയോഗിക്കാം) ഗാര്‍ഡന്‍ ഒരുക്കുന്ന സ്ഥലത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുവേണം ചെടികള്‍ തിരഞ്ഞെടുക്കാന്‍. ഉദ്യാനത്തിലെ എല്ലാ അലങ്കാരസസ്യങ്ങളും ഇത്തരം ഗാര്‍ഡനുകളില്‍ വളര്‍ത്താനാവില്ല. കുറുകിയ തണ്ടുകളുള്ളവയും ഇലകളും തണ്ടുകളും തിരശ്ചീനമായി വളരുന്നവയുമാണ് ഉത്തമം. പെര്‍മിലെറ്റ്, ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയാണ് ഗാര്‍ഡന്‍ തയ്യാറാക്കുന്നതിനുവേണ്ട സാമഗ്രികള്‍. നല്ല ഉയരമുള്ള ഭിത്തികളില്‍ തുള്ളിനനയും അല്ലാത്തവയ്ക്ക് വെള്ളം സ്‌പ്രേ ചെയ്യുന്നതുമാണ് രീതി. ചെടികള്‍ പടരുമ്പോള്‍ വെട്ടിനിര്‍ത്തുകയും ഉണങ്ങിപ്പോകുന്നവ മാറ്റിസ്ഥാപിക്കുകയും വേണം.

സിങ്കോണിയം മുതല്‍ ശതാവരി വരെ

നേരിട്ട് സൂര്യപ്രകാശമുള്ളിടത്ത് അസ്പരാഗസ് (ശതാവരി), റിബണ്‍ ഗ്രാസ്, റസീലിയ, ഡാനിയെല്ല എന്നിവയാണ് പഥ്യം. ചുവപ്പ്, പിങ്ക്, തവിട്ടുനിറങ്ങളിലുള്ള ക്രിപ്റ്റാന്തസ്, സിങ്കോണിയം, സ്‌പൈഡര്‍ പ്ലാന്റ്, മിനി ആന്തൂറിയം, ബോസ്റ്റണ്‍ ഫേണ്‍ തുടങ്ങിയവ ഭാഗികമായി മാത്രം സൂര്യപ്രകാശമുള്ളിടത്തും സജ്ജീകരിക്കാം. (ചെടികളുടെ പേരുകേട്ട് അമ്പരക്കേണ്ട. നേരിട്ടുകണ്ടാല്‍ 'ഓ, ഇവനാണോ അവന്‍' എന്നു ചോദിച്ചുപോകുംവിധം പരിചിതരാണ് ഇവയില്‍ മിക്കവയും. (എല്ലാം നഴ്‌സറികളില്‍ ലഭിക്കുന്നവ)

'കൃത്രിമച്ചെടികളില്‍നിന്ന് ഭിന്നമായി യഥാര്‍ഥ ചെടികള്‍ നമ്മളിലുണ്ടാക്കുന്നത് പോസിറ്റീവ് എനര്‍ജിയാണ്. രാവിലെ എഴുന്നേറ്റയുടനെ പച്ചപ്പും പൂക്കളും കാണുന്നത് നമ്മളില്‍ വലിയ ഊര്‍ജം നിറയ്ക്കും. ഇക്കാരണത്താലാണ് ഇപ്പോള്‍ ഫ്‌ലാറ്റുകളിലും വില്ലകളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളത്. മിനറല്‍ വാട്ടര്‍ ഉപയോഗിച്ചുപോലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നനച്ച് പരിപാലിക്കുന്ന ഗള്‍ഫ് സ്വദേശികളെ കണ്ടിട്ടുണ്ട്. മണ്ണിനോടും സസ്യജാലങ്ങളോടുമുള്ള മനുഷ്യന്റെ ബന്ധം മുറിച്ചുമാറ്റാനാവുന്ന ഒന്നല്ല' -മംഗളൂരു, കോഴിക്കോട് സര്‍വകലാശാലകളില്‍ ഇന്റീരിയര്‍ ഡിസൈനിങ് ഫാക്കല്‍റ്റിയായ കണ്ണൂരിലെ സുഹാസ് വേലാണ്ടി പറയുന്നു.