മരങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത്. പൂക്കളുടെ മണം, പൂക്കുന്ന കാലം എന്നിവയൊക്കെ കണക്കിലെടുത്താണ് പൂമരങ്ങളെ തരംതിരിക്കുന്നത്. മരത്തിന്റെ ആകൃതി,വലിപ്പം,ഇലകളുടെ വലിപ്പം,ഇല പൊഴിയുന്ന സ്വഭാവം എന്നിവയും കണക്കിലെടുക്കാം. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഏതാനും മരങ്ങളെ പരിചയപ്പെടാം

കണിക്കൊന്ന (Cassia fistula)

casiaകേരളത്തിന്റെ സ്വന്തം പൂമരമാണ് ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന കണിക്കൊന്ന. വലിയ ഇലയാണെങ്കിലും പൂക്കാലത്തോടെ അവ പൊഴിയും. പ്രധാന പൂക്കാലം മാര്‍ച്ച്-ഏപ്രില്‍ മാസമാണ്. പക്ഷേ ഇപ്പോള്‍ കാലം തെറ്റി പൂക്കാറുണ്ട്.

മന്ദാരം (Bauhinia spp)

വളരെ പ്രചാരമുള്ള ഒരു പൂമരമാണിത്. ഇലകള്‍ക്ക് സവിശേഷ ആകൃതിയാണ്. വലിയ ഇലകളും വെളുത്ത പൂക്കളുമുള്ള മന്ദാരത്തിന് ഉയരം കുറവാണ്. പര്‍പ്പിള്‍ നിറമുള്ള പൂക്കള്‍ കാണപ്പെടുന്നത് B.purpurea എന്ന ശാസ്ത്രനാമമുള്ള വലിയ മരങ്ങളിലാണ്. മാര്‍ച്ചും നവംബറുമാണ് പ്രധാന പൂക്കാലങ്ങള്‍

മഞ്ഞവാക (Peltophorum ferrugenium)

agriculture
മഞ്ഞവാക

മഞ്ഞപ്പൂക്കുലകളും ചെമ്പ് നിറമാര്‍ന്ന പരന്ന കായ്കളുമാണ് പേരുകള്‍ക്കാധാരം. ചെറിയ ഇലകള്‍ക്ക് നല്ല ഭംഗിയാണ്. തടി ബലമുള്ളതാണ്. വര്‍ഷം മുഴുവനും ഭംഗിയോടെ നില്‍ക്കുന്ന ഈ മരം പാതയോരങ്ങള്‍ക്ക് വളരെ യോജിച്ചതാണ്. ഫെബ്രുവരിയിലും സെപ്തംബറിലുമാണ് ഇവ പൂവിടുന്നത്. 

പൂമരുത് (Lagerstromia speciosa)

ആകര്‍ഷകമായ വലിയ ഇലയോടുകൂടിയ നിത്യഹരിത മരങ്ങള്‍ക്ക് പിങ്കും അനുബന്ധനിറങ്ങളുമുള്ള പൂങ്കുലകളാണ്. പെട്ടെന്ന് വളര്‍ന്നു പന്തലിക്കുന്ന ഇവ വെട്ടി നിര്‍ത്താന്‍ പറ്റിയ തണല്‍മരങ്ങളായും ഉപയോഗിക്കാം. ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളാണ് പ്രധാന പൂക്കാലം.

ചെമ്പകം (Michelia champaca)

chembakam
ചെമ്പകം

സാമാന്യം ഉയരമുള്ള മരങ്ങളുടെ ത്രികോണാകൃതിയും സുഗന്ധമുള്ള പൂക്കളും ശ്രദ്ധേയമാണ്. നീണ്ട് വലിപ്പമുള്ള ഭംഗിയുള്ള ഇലകള്‍ മരത്തിന് ഗാംഭീര്യം പകരുന്നു. ഇളംമഞ്ഞയോ ഓറഞ്ചോ നിറമാണ് പൂക്കള്‍ക്ക് . വേനലിലും മഴയത്തും പൂക്കുന്നു. പാതയോരത്ത് നടാനും ഉത്തമം. 

അമ്പലപ്പാല (Plumeria spp)

gardening
അമ്പലപ്പാല

പല നിറങ്ങളിലുള്ള പൂക്കള്‍, പല വലിപ്പത്തിലുള്ള മരങ്ങള്‍, നീണ്ട ഇലകള്‍ എന്നിവയൊക്കെ സവിശേഷതകളാണ്. ശാഖകള്‍ക്ക് ബലം കുറവാണ്. വര്‍ഷം മുഴുവന്‍ പൂവിടും.

 

ഗുല്‍മോഹര്‍ (Delonix regia)

gulmohar
ഗുല്‍മോഹര്‍

മരങ്ങള്‍ക്ക് ചെറിയ ഇലകളാണ്. അവ വേനലില്‍ പൊഴിയുന്നു. പൂക്കള്‍ക്ക് ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമാണ്. നീണ്ട വീതിയുള്ള വാളകള്‍ പോലെയാണ് കായ്കള്‍. ശാഖകള്‍ പൊതുവെ ബലം കുറവാണ്. വേരുകള്‍ ഉപരിതലത്തില്‍ പടരുന്നത് കാരണം മറിഞ്ഞു വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. 

മരമുല്ല (Millingetonia hortensis)

ചെറിയ ഇലകളോടുകൂടിയ അധികം പടരാത്ത മരങ്ങള്‍ക്ക് അധികം വലിപ്പവുമില്ല. ശാഖാഗ്രത്തില്‍ തൂങ്ങിക്കിടക്കുന്ന വെളുത്ത പൂക്കള്‍ക്ക് നല്ല മണമാണ്. മഴക്കാലമാണ് പ്രധാന പൂക്കാലം. 

(കടപ്പാട് : കേരള കര്‍ഷകന്‍)