അഴക് ആസ്വദിക്കാന്‍ വര്‍ണവൈവിദ്ധ്യമുള്ള പച്ചക്കറികള്‍ അലങ്കാരച്ചെടികള്‍ക്കിടയില്‍ വച്ചുപിടിപ്പിക്കുന്ന തന്ത്രമാണിത്. വീട്ടില്‍ ഒരു പൂന്തോട്ടമൊരുക്കുമ്പോള്‍ അതിന്റെ ഭാഗമായി മനോഹരമായ പൂക്കളും ഇലകളും കായ്കളും നല്‍കുന്ന പച്ചക്കറിയിനങ്ങളും പഴങ്ങളും നട്ടുപിടിപ്പിക്കുന്നു. 

കാലാവസ്ഥാ മാറ്റമനുസരിച്ച് വിള പരിക്രമ രീതിയില്‍ ഇനങ്ങളെ മാറ്റി നടുന്നു. നടപ്പാതകള്‍ വള്ളി വീശുന്ന പഴം-പച്ചക്കറിയിനങ്ങള്‍ കൊണ്ട്  പന്തലിടുന്നു. ഇത്തരം ഇനങ്ങള്‍ കൊണ്ടുതന്നെ വള്ളിക്കുടിലുകള്‍ തീര്‍ക്കുന്നു. അവയ്ക്കിടയില്‍ നടപ്പാതകളും ഇരിപ്പിടങ്ങളും ക്രമീകരിക്കുന്നു. ഇക്കോളജിക്കല്‍ എഞ്ചിനീയറിംഗ് എന്ന കീടനിയന്ത്രണമാര്‍ഗ തത്വം ഉള്‍ക്കൊണ്ട് വിവിധ വര്‍ണങ്ങള്‍ ഉള്ള എന്നാല്‍ നമുക്ക് ഉപയോഗമുള്ള അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നു.

മേന്മകള്‍

1. ഭക്ഷ്യോത്പാദനത്തിന് സ്ഥലപരിമിതി മറികടക്കാന്‍ സാധിക്കുന്നു
2.സുരക്ഷിതഭക്ഷണം വീടുകളില്‍
3.സുസ്ഥിരകൃഷിത്തോട്ടം സാധ്യമാകുന്നു
4.സംയോജിത കീടരോഗനിയന്ത്രണം സാധ്യം
5.ആനന്ദത്തിനൊപ്പം ആരോഗ്യവും വരുമാനവും

തോട്ടത്തിന്റെ അതിരുകളില്‍ ചുവന്നതും പച്ചയും നിറത്തിലുള്ള വള്ളിച്ചീര (ബേസില്ല) നടാം. നടപ്പാതകള്‍ക്ക് മുകളിലുള്ള പന്തലുകളില്‍ പാഷന്‍ ഫ്രൂട്ട്, ചുരയ്ക്ക, പീച്ചില്‍ എന്നിവ വളര്‍ത്താം. നടപ്പാതയുടെ അരികുകളില്‍ സൂര്യകാന്തി,ചോളം,അലങ്കാരമുളകുകള്‍ എന്നിവ നടാം. നിലംപറ്റികളായി പൊതിന,സെലറി എന്നിവ നടാം. ഉള്‍ഭാഗങ്ങളില്‍ ചെറിയ പ്ലോട്ടുകളായി കാബേജ്,കാരറ്റ്,ബീറ്ററൂട്ട്,ഉള്ളി,ബ്രോക്കോളി,റാഡിഷ്,നോള്‍കോള്‍ ഒരുക്കാം. ചെണ്ടുമല്ലി,തുളസി,തെച്ചി,അരളി എന്നിവ നടാം. മൂലകളില്‍ പപ്പായകള്‍ നടാം. വിവിധ തരത്തിലുള്ള വഴുതനകളും മുളകളും തക്കാളിയുമൊക്കെ ഒരു വര്‍ണപ്രപഞ്ചം തന്നെ തീര്‍ക്കും.

ഉത്പാദിപ്പിക്കുന്ന സ്ഥലത്തു നിന്നും ഉപയോഗിക്കുന്ന ആളുടെ അടുത്തേക്കുള്ള ദൂരമാണ് ഭക്ഷണദൂരം അഥവാ ഫുഡ്‌മൈല്‍. അതെത്രകുറയുന്നുവോ മനുഷ്യന്റെ ആയുസ്സ് അത്രകണ്ട് കൂടും. ഭക്ഷണദൂരം കുറയ്ക്കാനുള്ള ഏറ്റവും നല്ല തന്ത്രമത്രെ ഭക്ഷ്യാരാമം.

(ചാത്തന്നൂര്‍ കൃഷി ഓഫീസറാണ് ലേഖകന്‍ : ഫോണ്‍: 9496769074

കടപ്പാട്: കേരള കര്‍ഷകന്‍)