എറണാകുളം നോര്‍ത്തില്‍ എപ്പോഴും പൂക്കളുടെ മണമാണ്... വഴിയില്‍ പൂക്കള്‍ വില്‍ക്കാന്‍ ഇരിക്കുന്ന സ്ത്രീകളും പുരുഷന്മാരും... തമിഴ്നാട്ടില്‍ നിന്ന് പൂവില്‍പ്പനയ്ക്ക് കേരളത്തിലേക്ക് എത്തിയതാണവര്‍. നഗരത്തില്‍ വിവിധയിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയവര്‍ മെല്ലെ മെല്ലെ നോര്‍ത്ത് പരമാര ക്ഷേത്രത്തിനടുത്തേക്ക് എത്തപ്പെടുകയായിരുന്നു. സ്വന്തം നാടിനോളം പ്രിയങ്കരമായ നാടാണ് ഇന്നിവര്‍ക്ക് കൊച്ചി. സ്വന്തം നാട്ടില്‍ നിന്നെത്തിക്കുന്ന പൂക്കളെ, നഗരത്തിലെ തിരക്കുകളില്‍ കേടുകൂടാതെ പരിപാലിച്ച് നഗരവാസികള്‍ക്ക് നല്‍കുകയാണവര്‍.

മഴയും വെയിലുമൊക്കെ കാര്യമായി ബാധിക്കുന്ന കച്ചവടമായതിനാല്‍ അതിനൊത്ത വരുമാനം മാത്രമാണിവര്‍ക്ക് ലഭിക്കുന്നത്. വാങ്ങിയ വിലയ്ക്കുള്ള വില്‍പ്പന നടത്താന്‍ പറ്റാത്ത സാഹചര്യങ്ങളും ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. രാത്രിയിലെ കനത്ത മഴയിലും തന്റെ ആരോഗ്യസ്ഥിതി നോക്കാതെ ജമന്തിമാല കെട്ടുന്ന ചിന്താമണി നോര്‍ത്തിലെ പതിവുകാഴ്ചകളിലൊന്നാണ്. 'എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലേക്ക് പൂമാല കെട്ടിക്കൊടുക്കണം... അവര്‍ രാവിലെ വാങ്ങാനെത്തും.' അതിനായി രാത്രി വൈകുവോളം നോര്‍ത്തിലെ കടത്തിണ്ണയിലെ ഇരുട്ടിലിരുന്നവര്‍ മഞ്ഞയും ഓറഞ്ചും ജമന്തിപ്പൂക്കള്‍ കോര്‍ത്തുചേര്‍ത്ത് മാലകെട്ടും. കൂട്ടിന് മകള്‍ കറുത്തമ്മയും ഉണ്ടാകും. പൂവ് കെട്ടിക്കഴിഞ്ഞാല്‍ അവര്‍ ഇരുവരും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും... അവിടെയാണ് രാത്രിയിലെ ഉറക്കം.

ചിന്താമണി എറണാകുളത്ത് എത്തിയിട്ട് മുപ്പത് വര്‍ഷമാകുന്നു, ചിന്താമണിയെ കൂടാതെ വര്‍ഷങ്ങളായി കൊച്ചിയില്‍ പൂക്കച്ചവടത്തിനായി വന്നവര്‍ ഇനിയുമുണ്ട്. അതിലൊരാളാണ് മീനാക്ഷി. അച്ഛനും അമ്മയ്ക്കും ഒപ്പം പച്ചക്കറി വില്‍ക്കാനാണ് ആദ്യമായി കൊച്ചിയിലെത്തുന്നത്. പിന്നീടുള്ള വരവില്‍ പച്ചക്കറിക്കൊപ്പം പൂവും കൊണ്ടുവരാന്‍ തുടങ്ങി. പച്ചക്കറിയെക്കാള്‍ പൂവിനാണ് ഡിമാന്‍ഡെന്ന് തോന്നിയപ്പോള്‍ പതിയെ പൂക്കച്ചവടം തുടങ്ങുകയായിരുന്നു. പരമാര ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏതെങ്കിലും കടത്തിണ്ണയില്‍ കിട്ടുന്ന കുറച്ചുസ്ഥലത്ത് തങ്ങളുടെ പൂപ്പെട്ടി വയ്ക്കും. അതിന് മുകളില്‍ കുറച്ച് പൂക്കള്‍ എടുത്തുവച്ചാണ് കച്ചവടം.

രാവിലെ അഞ്ചുമുതല്‍ 10 വരെയും രാത്രി ഏഴുമുതലുമാണ് കച്ചവടത്തിന്റെ സമയമെന്ന് മീനാക്ഷി പറയുന്നു. രാത്രിയില്‍ ഏതുസമയത്തും പൂവ് അന്വേഷിച്ച് ആളുകളെത്തും. അതിനാല്‍ ഉറക്കം ശരിക്കും നടക്കില്ല. ആവശ്യപ്പെട്ട് വരുന്നവര്‍ക്കാണല്ലോ പൂവ് കൊടുക്കേണ്ടത്. പിന്നെയുള്ള ഉറക്കം ഉച്ചയ്ക്കാണ്. ആസമയത്ത് പൂവിനായി ആരും എത്താറില്ല.

നോര്‍ത്തില്‍ കച്ചവടം നടത്തുന്നവര്‍ അധികവും കോയമ്പത്തൂരില്‍ നിന്ന് വന്നവരാണ്. മാസത്തിലൊരിക്കവും രണ്ടാഴ്ച കൂടുമ്പോഴും നാട്ടില്‍പ്പോയി തിരികെ കൊച്ചിയുടെ തിരക്കുകളിലേക്ക് എത്തുന്നവര്‍. ഊണും ഉറക്കവും കടത്തിണ്ണയില്‍, തങ്ങളുടെ പൂക്കള്‍ക്കൊപ്പം. കൊച്ചിയിലെ കൊതുകില്‍ നിന്ന് രക്ഷപ്പെടാന്‍ ചുറ്റും കത്തിച്ചുവച്ച കൊതുകുതിരികളും.

നാടുകടന്ന് എത്തുന്ന പൂവണ്ടി

കോയമ്പത്തൂരില്‍ നിന്നാണ് എറണാകുളത്തേക്ക് പൂക്കളധികവും വരുന്നത്. കോയമ്പത്തൂരിനെ കൂടാതെ ബെംഗളൂരു, മധുര എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയില്‍ പൂക്കള്‍ എത്താറുണ്ട്. കോയമ്പത്തൂരിലുള്ള ഏജന്റുമാര്‍ മുഖേന എയര്‍ബസിലാണ് പൂക്കള്‍ കൊച്ചിയിലെത്തിക്കുന്നത്. ദിവസേന 5,000 രൂപയ്ക്കാണ് ഇടത്തരം കച്ചവടക്കാര്‍ പൂവ് വാങ്ങുന്നത്. ചെറുകിട കച്ചവടക്കാരും ഇതേവിലയ്ക്ക് വാങ്ങി രണ്ട്-മൂന്ന് ദിവസമായാണ് വില്‍പ്പന നടത്തുന്നത്.

ട്രിച്ചിയില്‍ നിന്ന് എറണാകുളത്തേക്കുള്ള ഒരു തീവണ്ടിയുണ്ടായിരുന്നു... വസന്തം പൂക്കുന്ന തീവണ്ടി... മുല്ലയും റോസും ജമന്തിയും ചെത്തിയുമൊക്കെ ബെര്‍ത്തുകളിലെല്ലാം നിറഞ്ഞുകിടന്നിരുന്ന, പൂമണമുള്ള തീവണ്ടി. ദിവസവും നിറയെ പൂക്കളുമായാണ് ഈ തീവണ്ടിയുടെ യാത്ര തുടങ്ങുന്നത്. ഓരോ സ്ഥലത്തായി പൂക്കച്ചവടക്കാര്‍ ഇറങ്ങുന്നു.

''അവസാന സ്റ്റോപ്പാണ് എറണാകുളം. ഇവിടെ ഞങ്ങള്‍ കുറച്ചുപേര്‍ ഇറങ്ങും. എന്നിട്ട് പൂവ് മുഴുവന്‍ വിറ്റുകഴിഞ്ഞ്, അടുത്ത ദിവസത്തെ കന്യാകുമാരി തീവണ്ടിക്ക് തിരികെ നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്. ഇന്നിപ്പോള്‍ അതിലും വേഗത്തില്‍ പൂക്കള്‍ ഇവിടെയത്തുന്നതിനാല്‍ ഞങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചു'' -നോര്‍ത്തിലെ ചെറുകിട വ്യാപാരിയായ ഉലകന്‍ പറയുന്നു.

പൂവ് വാടാതെ സൂക്ഷിക്കാന്‍ ഐസ്

പൂവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കേടാവുമെന്നാണ് ചിലര്‍ കരുതുന്നത്. ജമന്തിയും റോസാപ്പൂവും രണ്ടുദിവസം കേടാവാതെ സാധാരണ കാലാവസ്ഥയില്‍ ഇരിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. മുല്ലപ്പൂമൊട്ട് ഐസിലാണ് സൂക്ഷിക്കുന്നത്. രണ്ടുദിവസം വരെ ഇത് കേടാകില്ല.

പുറത്തെടുത്ത് വച്ചാല്‍ കൊച്ചിയിലെ ചൂടിലും പൊടിയിലുമായി പൂവ് മുഴുവന്‍ ചീത്തയാകാറുണ്ടെന്ന് പാലാരിവട്ടത്തെ വ്യാപാരിയായ അശോകന്‍ പറയുന്നു. പ്രതീക്ഷിക്കാതെയുള്ള മഴയും പൂവിപണിയെ തകര്‍ക്കുകയാണ്. ഇപ്പോള്‍ 'ഓഫ് സീസണ്‍' ആയതിനാല്‍ത്തന്നെ കച്ചവടവും കുറവാണെന്ന് അശോകന്‍ പറഞ്ഞു.

പൂക്കാരന്‍മുക്കിലെ പൂക്കള്‍

എറണാകുളം നഗരത്തിന്റെ പൂക്കളുടെ ലോകമായിരുന്നു 'പൂക്കാരന്‍മുക്ക്'. മുല്ലയും പിച്ചിയും ജമന്തിയും അരളിയും വാടമല്ലിയും എല്ലാംകൂടി വര്‍ണപ്രപഞ്ചം സൃഷ്ടിച്ച്, നിരവധി ചെറിയ കടകളായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി.ഡി. റോഡിലെ കാഴ്ച. പൂക്കച്ചവടക്കാരുടെ ലോകമായ ആ സ്ഥലം പിന്നീട് പൂക്കാരന്‍മുക്കായി അറിയപ്പെടുകയായിരുന്നു. ഇന്നിപ്പോള്‍ അവിടെ ആകെയുള്ളത് രണ്ടു കടകള്‍ മാത്രമാണ്. പൂക്കാരന്‍മുക്കിലെ ആദ്യകച്ചവടക്കാരുടെ പിന്‍തലമുറയില്‍പ്പെട്ടവരാണിവരും.

അതിലൊന്നാണ് കെ.വി. സുഭാഷിന്റെ 'ഫാഷന്‍ ഫ്‌ലവര്‍ മാര്‍ട്ട്'. 'പൂക്കച്ചവടം ഇപ്പോള്‍ അത്ര ലാഭത്തില്‍ അല്ല മുന്നോട്ട് പോകുന്നത്' എന്നാണ് സുഭാഷ് പറയുന്നത്. മുല്ലയ്ക്ക് ഇപ്പോള്‍ 1,000 രൂപയാണ് വില. കഴിഞ്ഞ ശനിയാഴ്ച മുല്ലപ്പൂവിന് 2,600 രൂപ വരെയെത്തിയിരുന്നു. തമിഴ്നാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പൂക്കളുടെ ഇടത്താവളമാണ് കോയമ്പത്തൂര്‍, അവിടെ നിന്നുള്ള പൂക്കളാണ് കൊച്ചിയിലെത്തുന്നത്. കൂടിയ വിലയ്ക്ക് വാങ്ങിയ പൂവ് കേരളത്തില്‍ കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്താനും പറ്റില്ല. പക്ഷേ, ദിവസേന പൂവ് വാങ്ങാനും കുറേയാള്‍ എത്താറുണ്ടെന്ന് സുഭാഷ് പറഞ്ഞു.

മണവും നിറവുമായി മുല്ലയും ജമന്തിയും

എല്ലാ സീസണിലും ഒരേപോലെ നിറംപകര്‍ന്ന് പൂക്കടകളില്‍ തിളങ്ങിനില്‍ക്കുന്നവയാണ് ജമന്തി. എല്ലാ ദിവസവും ജമന്തിമാലയ്ക്ക് ആവശ്യക്കാരുമുണ്ട്. അതേപോലെയാണ് മുല്ലപ്പൂവും. കല്യാണ ആവശ്യങ്ങള്‍ക്കാണ് മുല്ലപ്പൂവ് കൂടുതലായി വില്‍ക്കുന്നത്. മുല്ലപ്പൂവിന് ഇപ്പോള്‍ വില കൂടിനില്‍ക്കുകയാണ്. ഒരു മുഴം മുല്ലപ്പൂവിന് 30 രൂപ വിലയെത്തി. ജമന്തിക്കും മുല്ലയ്ക്കും ഒപ്പംതന്നെ ഡിമാന്‍ഡോടെ നില്‍ക്കുന്നവയാണ് ഒന്നിന് 10 രൂപയുള്ള റോസും ജര്‍ബറയും.

എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുല്ലയ്ക്കും റോസിനും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് പോയാല്‍ പിച്ചിപ്പൂവിനാണ് ഡിമാന്‍ഡ്. ആളുകളുടെ മനസ്സറിഞ്ഞുള്ള കച്ചവടമാണ് കേരളത്തില്‍ നടത്തുന്നതെന്ന് നഗരത്തിലെ കച്ചവടക്കാര്‍.

Content highlights: Ernakulam, Agriculture, Gardening