ക്രിസ്മസ്-ഈസ്റ്റര്‍ സീസണില്‍ വിദേശ രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ചെടിയാണ് 'പൊയിന്‍സെറ്റിയ' (Poinsettia) . Euphorbia Pulcherrima' എന്നാണ് മെക്സിക്കോ സ്വദേശിയായ ഈ ചെടിയുടെ ശാസ്ത്രീയ നാമം. കടുംചുവപ്പും കടുംപച്ചയും കലര്‍ന്ന ഇതിന്റെ ഇലകള്‍ക്കാണ് ഏറെ പ്രാധാന്യം. അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ചെടിയ 'പൊയിന്‍സെറ്റിയ' തന്നെ. 1825 ല്‍ മെക്സിക്കോയിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ജോയല്‍ റോബര്‍ട്ട്സ് പൊയിന്‍സെറ്റാണ് ഈ മെക്സിക്കന്‍ ചെടി അമേരിക്കയ്ക്ക് പരിചയപ്പെടുത്തിയത്. 2 അടി മുതല്‍ 13 അടി വരെയാണ് ഈ ചെടിയുടെ നീളം. ഇരുണ്ട പച്ച നിറവും ചുവപ്പു നിറവുമുള്ള ഇലകള്‍ക്ക് 7 മുതല്‍ 16 സെ.മീ വരെ നീളം കാണും. ഓറഞ്ച്, ക്രീം പിങ്ക്, വെള്ള നിറമുള്ള ഇലകളും ഇവയ്ക്കിടയില്‍ കാണും. നൂറിലധികം തരത്തിലുള്ള ചെടികള്‍ 'പൊയിന്‍സെറ്റിയ' വര്‍ഗത്തിലുള്ളതായി അനുമാനിക്കപ്പെടുന്നു.

ഗ്വാട്ടിമല, നിക്കാരഗ്വ, കോസ്റ്റാറിക്ക, ചിലി, പെറു, ടര്‍ക്കി എന്നിവിടങ്ങളിലും പൊയിന്‍സെറ്റിയ ചെടികള്‍ ധാരാളമായി കണ്ടുവരുന്നു. അമേരിക്കയിലും മറ്റ് പല പാശ്ചാത്യരാജ്യങ്ങളിലും ഇത് ക്രിസ്മസ് ഈവ് ഫ്ലവറായി കൊണ്ടാടുമ്പോള്‍ സ്പെയിന്‍കാര്‍ ഇതിനെ ഈസ്റ്റര്‍ പുഷ്പമായിട്ടാണ് കരുതുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ പൊയിന്‍സെറ്റിയയെ ക്രിസ്മസ് ആഘോഷങ്ങളില്‍ ധാരാളമായി ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

നക്ഷത്രാകൃതിയിലുള്ള ഇലകള്‍ ബത്ലഹേമില്‍ വിശുദ്ധന്മാര്‍ ദര്‍ശിച്ച വാല്‍നക്ഷത്രത്തെയും കടുംചുവപ്പ് ഇലകള്‍ യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും സൂചിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ മിക്കവാറും ഭവനങ്ങളിലും ദേവാലയങ്ങളിലും ഓഫീസുകളിലും ക്രിസ്മസ്-ഈസ്റ്റര്‍-ന്യൂഇയര്‍ വാലന്റൈന്‍സ്ഡേ ഡെക്കറേഷനുകള്‍ക്ക് ഉപയോഗിച്ചുവരുന്നത് പൊയിന്‍സെറ്റിയയുടെ ഇലകളാണ്. കടകളിലും മെഡിക്കല്‍ ഷോപ്പുകളിലും ഹാർഡ്​വെയർ സ്റ്റോറുകളിലുമൊക്കെ ഏതു സമയത്തും പൊയിന്‍സെറ്റിയ സുലഭമായിരിക്കും.

വീടിനുള്ളില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ചട്ടിയില്‍ ഇവ നട്ടുവളര്‍ത്തുന്നത്. ഓസ്ട്രേലിയ, റുവാണ്ട, മാള്‍ട്ട എന്നീ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ ഇത് ധാരാളമായി വളരുന്നു. 1860 മുതല്‍ ഈജിപ്തിലും പൊയിന്‍സെറ്റിയ കൃഷി ചെയ്തുവരുന്നു. വീടിനു വെളിയില്‍ മണ്ണില്‍ ചെടികള്‍ വളര്‍ന്നശേഷം ബോണ്‍സായി മാതൃകയില്‍ ചട്ടികളില്‍ നട്ട് വീടുകളിലും പൊയിന്‍സെറ്റിയ വളര്‍ത്തിവരാറുണ്ട്.

പലതരത്തിലുള്ള രോഗങ്ങളാണ് പൊയിന്‍സെറ്റിയ നേരിടുന്ന പ്രധാന ഭീഷണി. പൂപ്പല്‍ രോഗമാണ് ഇവയില്‍ മുഖ്യം. ഇതിന്റെ ഇലകള്‍ തിന്നുന്ന മൃഗങ്ങളിലും മനുഷ്യക്കുട്ടികളിലും ത്വക്​രോഗം, വയറിളക്കം, ഛര്‍ദ്ദി, താല്‍ക്കാലിക അന്ധത എന്നീ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊയിന്‍സെറ്റിയയെ കര്‍ഷകര്‍ ഏറെ സ്നേഹിക്കുന്നു.

Content Highlights: Euphorbia pulcherrima, Poinsettia, Agriculture, Gardening