ണ്ണൂര്‍, ശ്രീകണ്ഠാപുരം സ്വദേശി ഡോക്ടര്‍ പോള്‍ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ മരങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. അവ കുള്ളന്‍ മരങ്ങളാണ്. കൂറ്റന്‍ മരങ്ങളായി വളരേണ്ട ആലും മാവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഒന്നും രണ്ടുമല്ല, അന്‍പതിലധികം ബോണ്‍സായ് മരങ്ങളാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി പ്രൊഫസറായി വിരമിച്ച ഈ ഡോക്ടറുടെ ശേഖരത്തിലുള്ളത്. 

പ്രകൃതിയില്‍ കാണുന്ന വലിയ മരങ്ങളെ ചട്ടിയിയില്‍ മെരുക്കി വളര്‍ത്തുന്ന ഉദ്യാന കലയാണ് ബോണ്‍സായ് നിര്‍മ്മാണം. ശ്രീകണ്ഠാപുരം നിവില്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍റ്റന്റ് സര്‍ജനായ ഡോക്ടര്‍ മികച്ചൊരു ബോണ്‍സായി നിര്‍മാതാവാണ്. നല്ലൊരു ബോണ്‍സായ് ശേഖരത്തിന്റെ ഉടമയും. 

ഇരുപതാം വയസില്‍ ഗുജറാത്തില്‍ ഉപരിപഠനത്തിനായി പോയപ്പോഴാണ് ബോണ്‍സായ് ഡോക്ടറുടെ മനസില്‍ കയറുന്നത്. നാട്ടിലെത്തിയ ശേഷമാണ് പക്ഷേ ഇക്കാര്യത്തില്‍ പരീക്ഷണം നടത്തുന്നതും വിജയിക്കുന്നതും. ഇന്ന് അന്‍പത് വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വരെ ഡോക്ടറുടെ ബോണ്‍സായ് ശേഖരത്തിലുണ്ട്. പേരാല്‍, അരയാല്‍, പുളി, നെല്ലി, ബോഗൈന്‍ വില്ല, പേര, അത്തി, ഗുല്‍മോഹര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് ഡോക്ടറുടെ ശേഖരം. 

Bonsai
പോള്‍ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ ബോണ്‍സായ് മരങ്ങള്‍

ബോണ്‍സായ് ഒരുക്കുമ്പോള്‍...

തിരഞ്ഞെടുക്കുന്ന മരങ്ങള്‍, നടീല്‍ മിശ്രിതം, ചട്ടി എന്നിവ ബോണ്‍സായ്  നിര്‍മാണത്തില്‍ പ്രധാന ഘടകങ്ങളാണ്. ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തിയെങ്കില്‍ മാത്രമേ ഒരുനല്ല ബോണ്‍സായ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ. ഒപ്പം അതീവ താല്‍പര്യവും ശ്രദ്ധയും ക്ഷമയും നീണ്ട കാത്തിരിപ്പും അത്യാവശ്യമാണ്. എന്തെന്നാല്‍ വര്‍ഷങ്ങളോളം നീണ്ട പ്രയത്നത്തിലൂടെയാണ് ഓരോ ബോണ്‍സായിയും രൂപപ്പെടുത്തിയെടുക്കുന്നത്. 

തൈകള്‍ വിത്ത് മുളപ്പിച്ചും കമ്പുകള്‍ വേരുപിടിപ്പിച്ചും മരങ്ങള്‍ വളര്‍ത്തിയെടുക്കാം. വിത്ത് മുളപ്പിച്ച് എടുക്കുന്ന തൈകള്‍ ബോണ്‍സായ് ആക്കുന്നതിന് ശ്രമം കൂടുതലാണ്. ഗ്രാഫ്റ്റ് ചെയ്തും പതി വെച്ചും ഉപയോഗിക്കാവുന്നതാണ്. കൂടാതെ കെട്ടിടങ്ങളിലും പാറക്കെട്ടുകളിലും വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന മരങ്ങളെ എളുപ്പത്തില്‍ ബോണ്‍സായ് ആക്കി മാറ്റാവുന്നതാണ്. ഇവ ഇളക്കിയെടുത്ത് കോതി ഒരുക്കി ചട്ടികളില്‍ നട്ടാല്‍ ഭംഗിയുള്ളതും പ്രായക്കൂടുതല്‍ തോന്നുന്നതുമായ ബോണ്‍സായ് എളുപ്പത്തില്‍ നിര്‍മിക്കാന്‍ സാധിക്കും.  

bonsai
പോള്‍ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ ബോണ്‍സായ് മരങ്ങള്‍

ആല്‍ വിഭാഗത്തില്‍പ്പെട്ട മരങ്ങളാണ് ബോണ്‍സായ് നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് ഡോക്ടര്‍ പോള്‍ വാഴപ്പിള്ളി പറയുന്നു. വാളന്‍പുളി, നെല്ലി തുടങ്ങി ചെറിയ ഇലകളുള്ള സസ്യങ്ങളെ ബോണ്‍സായ് ആക്കിയാല്‍ കാണാന്‍ ഭംഗി കൂടും. അത്തി വര്‍ഗത്തില്‍പെട്ട മരങ്ങള്‍ കുടംപുളി, ബോഗൈന്‍ വില്ല, പേര, ഗുല്‍മോഹര്‍, ചൈനീസ് ഓറഞ്ച് എന്നിങ്ങനെ നമുക്കുചുറ്റും കാണുന്ന മരങ്ങള്‍ ബോണ്‍സായി മാറ്റാന്‍ പറ്റിയവ ആണ്.

ചട്ടിയും നടീല്‍ മിശ്രിതവും 

ബോണ്‍സായ് നിര്‍മാണത്തില്‍ ചട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരത്തിന് ഉചിതമായ ചട്ടികള്‍ തിരഞ്ഞെടുക്കണം. ചട്ടിയുടെ അടി ഭാഗത്ത് വെള്ളം വാര്‍ന്നു പോകാന്‍ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. മാത്രമല്ല നടീല്‍ മിശ്രിതത്തിലേക്ക് വായു സഞ്ചാരവുമുണ്ടായിരിക്കണം.

Bonsai
പോള്‍ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ ബോണ്‍സായ് മരങ്ങള്‍

നടീല്‍ മിശ്രിതം തിരഞ്ഞെടുക്കുമ്പോളും ശ്രദ്ധ വേണം. വെള്ളം കെട്ടിനില്‍ക്കാത്ത തരത്തിലുള്ളതും ഒപ്പം വേരുകള്‍ക്ക് വെള്ളവും വളവും എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കുന്നതുമാകണം മിശ്രിതം. തരിയുള്ള ആറ്റുമണല്‍ 2 ഭാഗവും ഉണക്കിപ്പൊടിച്ച ചണകപ്പൊടി ഒരു ഭാഗവും ചുവന്നമണ്ണ് ഒരു ഭാഗവും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. 

മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാന്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ കുമ്മായം കലര്‍ത്തിക്കൊടുക്കുന്നതും രോഗങ്ങളെ തടയാന്‍ ഇന്‍ഡോഫില്‍, ബാവിസ്റ്റിന്‍ തുടങ്ങിയ ഏതെങ്കിലും കുമിള്‍നാശിനി ഒരു ടീസ്പൂണ്‍ വീതം ചേര്‍ക്കുന്നതും നല്ലതാണ്. 

Bonsai
പോള്‍ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ ബോണ്‍സായ് മരങ്ങള്‍

പരിചരണവും കമ്പ് കോതലും 

വേനല്‍ക്കാലങ്ങളില്‍ ഒന്നോ രണ്ടോ തവണ ചെടി നനച്ചു കൊടുക്കണം. ചാണകവും കടലപ്പിണ്ണാക്കും കലര്‍ത്തി വെച്ച് ഒരാഴ്ചക്ക് ശേഷം എടുക്കുന്ന തെളി മാസത്തിലൊരിക്കല്‍ ചട്ടിയില്‍ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. വെള്ളത്തില്‍ ലയിക്കുന്ന എന്‍പികെ മിശ്രിതം രണ്ട് ടീസ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച് മൂന്നാഴ്ച കൂടുമ്പോള്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം.

മരങ്ങള്‍ പ്രകൃതിയില്‍ വളരുന്ന രീതി നിരീക്ഷിച്ച് ബോണ്‍സായിയുടെ രൂപം ഭംഗിയാക്കാവുന്നതാണ്. അലൂമിനിയം കമ്പികളോ, ചെമ്പ് കമ്പികളോ വളച്ചുകെട്ടി വിവിധ ശൈലികളില്‍ ബോണ്‍സായി ഒരുക്കാവുന്നതാണ്. ഫോര്‍മല്‍ റൈറ്റ്, ഇന്‍ഫോര്‍മല്‍ അപ് റൈറ്റ്, ഫോര്‍മല്‍ കാസ്‌കേഡ്, സെമി ഫോര്‍മല്‍ കാസ്‌കേഡ്, റൂട്ട് ഓവര്‍ റോക്‌സ് സ്‌റ്റൈല്‍, ഫോറസ്റ്റ് സ്‌റ്റൈല്‍, ട്രയാങ്കിള്‍ സ്‌റ്റൈല്‍ എന്നിങ്ങനെ വിവിധ ശൈലികള്‍ നിലവിലുണ്ട്. 

കൃത്യമായ ഇടവേളകളില്‍ ചട്ടി മറ്റേണ്ടതും അത്യാവശ്യമാണ്.ചെടി മുരടിച്ചു നില്‍ക്കുന്നതോ, ചട്ടിയില്‍ ചട്ടിയില്‍ വേര് നിറഞ്ഞാലോ കണ്ടാല്‍ ചട്ടി മാറ്റാന്‍ സമയമായി. ഈ സമയത്ത് ചെടികള്‍ ചട്ടിയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഇളക്കി മാറ്റണം. തുടര്‍ന്ന് മൂന്നിലൊരുഭാഗം വേരു മുറിച്ചുമാറ്റി നടാം. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് ഇതിന് പറ്റിയ സമയം. ഇത് തന്നെയാണ് അധികമായി വളരുന്ന കൊമ്പുകളും ശാഖകളും വെട്ടിയൊതുക്കി ഭംഗിയാക്കാനും പറ്റിയ സമയം.

വര്‍ഷങ്ങള്‍ നീളുന്ന പരിശ്രമം

ഓരോ ബോണ്‍സായ് വൃക്ഷത്തിന് പിന്നിലും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ഒരിക്കലും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഒരു ബോണ്‍സായ് ഉണ്ടാക്കാമെന്ന് പ്രതീക്ഷിക്കരുതെന്ന് ഡോക്ടര്‍ പോള്‍ വാഴപ്പിള്ളി പറയുന്നു. നമ്മള്‍ ഉണ്ടാകുന്ന ബോണ്‍സായ് ആസ്വദിക്കുന്നത് അടുത്ത തലമുറയോ, അതിനപ്പുറത്തെ തലമുറയോ ആകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Dr. Paul Vazhappilly creates unique Bonsai garden in his home