സുന്ദര നഗരത്തിനായി ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍  കരമന-കളിയിക്കാവിള പാതയിലെ മീഡിയനുകളില്‍ പൂച്ചെടികള്‍ നടാന്‍ ഒത്തുചേര്‍ന്നു. പാതവികസനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ നീറമണ്‍കര മുതല്‍ പ്രാവച്ചമ്പലം വരെയുള്ള റോഡിലെ മീഡിയനിലാണ് ചെടികള്‍ നടുന്നത്.  

Facebookമാലിന്യങ്ങളും പാഴ്ച്ചെടികളും റോഡിന്റെ ഭംഗി നശിപ്പിച്ചപ്പോള്‍ ഈ പാതയിലെ പതിവു യാത്രക്കാരനായ കരമന സ്വദേശി സുധീഷിന്റെ മനസ്സിലുദിച്ച ആശയം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ആദ്യം മൂന്നുപേരാണ് ഈ കൂട്ടായ്മയിലേക്കു വന്നത്. ആദ്യമെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ഇരുപത്തിയാറ് ചെടികള്‍ നട്ടു. സുധീഷിനു പുറമേ വിഷ്ണു, സാബു എന്നിവരാണ് തുടക്കത്തിലുണ്ടായിരുന്നത്.

പിന്നീട്, കൂട്ടായ്മ വളര്‍ന്നു. ഇരുപതുപേര്‍ ചേര്‍ന്ന് നൂറു ചെടികള്‍ നട്ടു. ഇക്കാര്യങ്ങളെല്ലാം ഫെയ്സ്ബുക്കിലിടുകയും ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയ്ക്കു തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെ കൂട്ടായ്മയുടെ അംഗബലം കൂടി നാല്‍പ്പത്തിയഞ്ചിലെത്തുകയും ഇതിനോടകം രണ്ടായിരത്തോളം ചെടികള്‍ നടുകയും ചെയ്തു.  

ജമന്തി, ചെത്തി, അരളി ഇനത്തില്‍പ്പെട്ട ചെടികളാണധികവും. റോഡു സുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയരത്തില്‍ വളരാത്ത പൂച്ചെടികളാണ് നടുന്നത്.  ഞായറാഴ്ചകളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. രാവിലെ ഏഴുമണിക്ക് ആരംഭിച്ച് പത്തു മണിവരെ ചെടികള്‍ നടും. ചെടികളുടെ പരിപാലനവും നടത്തും.

കരമന പാലത്തിനു സമീപത്തുനിന്നു തുടങ്ങി നീറമണ്‍കര സിഗ്‌നലിനു സമീപംവരെ ഇതിനോടകം ഈ കൂട്ടായ്മ ചെടികള്‍ നട്ടു. പ്രാവച്ചമ്പലം വരെ ചെടി നടുകയാണ് ഇവരുടെ ലക്ഷ്യം. ചെടികള്‍ നട്ട് പൂവിരിഞ്ഞ് മനോഹരമാകുന്ന മീഡിയനിന്റെ വീഡിയോ ഗ്രാഫിക്സ് നിര്‍മിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ തുടങ്ങിക്കഴിഞ്ഞു.

ഇവര്‍ പാതയോരത്ത് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വനംവകുപ്പില്‍ അന്വേഷിച്ചെങ്കിലും ആവശ്യത്തിന് ചെടികള്‍ ലഭിക്കാതെ വന്നതോടെ കൈയില്‍നിന്നു പണം മുടക്കിയാണ് ഇവര്‍ ചെടികള്‍ വാങ്ങുന്നത്. ഇവരുടെ പ്രവര്‍ത്തനം കണ്ട് ചെടികള്‍ വാങ്ങി നല്‍കിയവരുമുണ്ട്. തമിഴ്നാട് പവര്‍ ഗ്രിഡ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ അഞ്ഞൂറോളം ചെടികള്‍ കൊടുത്തു.

ചെടികള്‍ നട്ടുപിടിപ്പിച്ചെങ്കിലും വെള്ളമൊഴിച്ചു പരിപാലിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നേരിടുന്ന വലിയ വെല്ലുവിളി. കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നിലെ മീഡിയനുകളില്‍ നട്ട ചെടികള്‍ക്കു വെള്ളം ഒഴിച്ചു സഹകരിക്കണമെന്ന്  കൂട്ടായ്മയിലെ അംഗങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ജങ്ഷനിലെയും ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാരും സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം സഹായിച്ചാല്‍ ഈ സംരംഭം വിജയം കാണും.

ഇപ്പോള്‍ ദിവസവും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കിടയില്‍ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍തന്നെയാണ് ചെടികള്‍ക്കു വെള്ളമൊഴിക്കുന്നത്. ചെടി നടാനെത്തുന്നവര്‍ക്ക് ലഘുഭക്ഷണം നല്‍കിയും ചെടികള്‍ നനയ്ക്കാന്‍ സഹായിച്ചും നീറമണ്‍കരയിലെ ഒരു ഹോട്ടലിലെ ഉടമയും തൊഴിലാളികളും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.  

ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ ശശി തരൂര്‍ എം.പി.യും ഒ.രാജഗോപാല്‍ എം.എല്‍.എ.യും എല്ലാ പിന്തുണയും അറിയിച്ചതായി ഗ്രൂപ്പിലെ അഡ്മിന്‍ സുധീഷ് പറഞ്ഞു. നഗരം സുന്ദരമാക്കാന്‍ നടത്തുന്ന ഈ കൂട്ടായ്മയുടെ പരിശ്രമങ്ങള്‍ക്ക് നഗരസഭ കൂടി സഹായിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. നഗരസഭയുടെ വാഹനങ്ങളില്‍ വെള്ളം നനയ്ക്കാനുള്ള നടപടിയുണ്ടായാല്‍ എത്രയും വേഗത്തില്‍ പ്രാവച്ചമ്പലം വരെ അഞ്ചരകിലോമീറ്റര്‍ ദൂരത്തില്‍  മീഡിയനുകളില്‍ ചെടികള്‍ നടുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 

Content highlights: Facebook, Flowers, Agriculture, Green initiative