മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളില്‍ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവര്‍ഷി സസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളില്‍ കാണപ്പെടുന്നവയാണ് ഇതിന്റെ പൂക്കള്‍. അന്തരീക്ഷ  
ഊഷ്മാവ് 30- 35 ഡിഗ്രി സെല്‍ഷ്യസാണ് മികച്ച വളര്‍ച്ചയ്ക്കും പൂക്കളുടെ നല്ലനിറത്തിനും അനുകൂലം. മഞ്ഞ, ഓറഞ്ച്, ലൂട്ട്യ മഞ്ഞ, സെബാക്കുലസ് റെഡ് എന്നിങ്ങനെയുള്ള നിറത്തിലാണ് പ്രധാനമായും കണ്ടു വരുന്നത്.  മുല്ലയെപ്പോലെ ആകര്‍ഷകമായ  മണമില്ലെങ്കിലും നല്ല നിറം പ്രദാനം ചെയ്യുന്ന ഈ ജനുസില്‍പ്പെട്ട സസ്യം വെള്ള, വയലറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലും കണ്ടുവരുന്നു. വര്‍ഷം മുഴുവനും പുഷ്പങ്ങള്‍ നല്‍കും. ക്ഷേത്രാവശ്യങ്ങള്‍ക്കും മുല്ലയോടൊപ്പവും അല്ലാതെയും കോര്‍ത്ത് മുടിയില്‍ച്ചൂടാനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.  

പഌനേറ്റ സാമ്രാജ്യത്തിലെ ക്രോസ്സാന്‍ഡ്ര ജനുസ്സിലെ അക്കാന്തേസി  കുടുംബക്കാരനാണ് ക്രോസ്സാന്‍ഡ്ര ഇന്‍ഫണ്ടിബുലിഫോര്‍മിസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ കനകാംബരം.  മലയാളത്തില്‍ കനകാംബരം, മഞ്ഞക്കുറിഞ്ഞി എന്നും ഇംഗഌഷില്‍ ട്രോപ്പിക്കല്‍ ഫ്‌ളെയിം എന്നും വിവക്ഷിക്കപ്പെടുന്ന ഇതിന് ഫയര്‍ക്രാക്കര്‍ പൂവ് എന്ന് അപരനാമമുണ്ട്. ഗോവയുടെ സംസ്ഥാന പുഷ്പമായ ഇതിനെ അവിടെ വിളിച്ചുവരുന്നത് അബോളിയെന്നാണ്. മഹാരാഷ്ട്രയിലും ഇതുതന്നെയാണ് പേര്. ഏകദേശം അമ്പതിലേറെ ഇനങ്ങളില്‍ കാണപ്പെടുന്ന കനകാംബരം ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു.  

രണ്ടു മൂന്നു തരത്തിലാണ് പ്രധാനമായും കനകാംബരം കണ്ടുവരുന്നത്.   കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോള്‍ത്തന്നെ നിറയെ ശാഖകള്‍ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു.  വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്റെ പൂക്കള്‍ക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തില്‍ പൂക്കള്‍ വിരിയുന്ന 'ഡല്‍ഹി'യെന്നയിനത്തിനാണ് കൃഷിക്കാര്‍ക്കിടയില്‍ പ്രിയം. 

കൃഷിചെയ്യാം

തമിഴ്‌നാട്ടില്‍ വ്യാപകമായി തലയില്‍ച്ചൂടാനും അമ്പലങ്ങളില്‍ മാലകോര്‍ക്കാനും കനകാംബരം  ഉപയോഗിച്ചുവരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യാപകമായി  ദേശീയ കാര്‍ഷിക വകുപ്പിന്റെ സഹായത്തോടെ കൃഷിചെയ്തുവരുന്നു.

തൈകള്‍ തയ്യാറാക്കലും കൃഷിയും

Crossandra infundibuliformis

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചുവന്നിരുന്ന കനകാംബരം വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്.  വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. 

വിത്തുകള്‍ ഉണ്ടാകാത്തയിനങ്ങള്‍ക്ക് കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. ചട്ടികളില്‍ ഒറ്റയ്ക്കും  തടങ്ങളില്‍ ഒന്നരയടി വിട്ട് നട്ടും വളര്‍ത്തിയെടുക്കാവുന്നതാണ്. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് 56 സെ.മീനിളം കാണും.

ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന പൂക്കുറ്റികള്‍ മൂന്നോ നാലോ എണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന കുറ്റികളില്‍ നിന്ന് തലനീട്ടുന്നരീതിയിലാണ് മൊട്ടുകള്‍ കണ്ടുവരുന്നത.്  പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ കറുപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും പൂവിനും പ്രത്യേകിച്ച് ഗന്ധമുണ്ടാകില്ല.

മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം.

ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ ഹെക്ടറിന് 70 കിലോഗ്രാം യൂറിയയും 300 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റും 75 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നിടവിട്ടദിവസങ്ങളില്‍ നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

പൂക്കള്‍ പറിക്കാം

ചെടികള്‍ നട്ട് മൂന്നുമാസത്തിനുള്ളില്‍ അവ പുഷ്പിക്കും. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും അതില്‍ നിന്ന് പൂക്കള്‍ പറിക്കാം. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും. ഒന്നരാടന്‍ ദിവസങ്ങളില്‍ അതിരാവിലെ പൂക്കളിറുക്കാം. ഒരു ഹെക്ടറില്‍ നിന്ന് അഞ്ചുടണ്‍ വരെ വിളവ് ലഭിക്കുന്ന കര്‍ഷകരുണ്ട്. കിലോയക്ക് സീസണില്‍ വില 500  രൂപ വരെയുയരും 

രോഗങ്ങളും കീടങ്ങളും

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് കനകാംബരം. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം. 

ഇല ചുരുളല്‍, വേരുചീയല്‍, വാട്ടരോഗം എന്നിങ്ങനെ രോഗങ്ങളും  വെള്ളീച്ചകള്‍, എഫിഡുകള്‍, നിമാവിരകള്‍   എന്നിങ്ങനെയുള്ള കീടങ്ങളുമാണ്  പ്രധാനമായും കണ്ടുവരുന്നത്.  തടത്തില്‍ കൂടുതല്‍വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി. 

ബാക്ടീരിയല്‍ വാട്ടം

സാധാരണ വഴുതിന വര്‍ഗവിളകളില്‍ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്‌. പക്ഷേ,  കനകാംബരകൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെപ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി(ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍. 

വിവിധ വര്‍ണങ്ങളിലുള്ള കനകാംബരപ്പൂക്കള്‍ നമ്മുടെ പൂന്തോട്ടത്തിന് ഒരു അലങ്കാരമാണ് മാത്രമല്ല ആദായം തരുന്ന നല്ലൊരു കൃഷിയായും ഇതിനെ വികസിപ്പിക്കാം.