അലങ്കാരച്ചെടികളില്‍ മികച്ചമൂല്യമുള്ള ഇനമാണ് ബ്രൊമീലിയാഡുകള്‍. വീടുകളുടെ അകത്തും പുറത്തും ഒരുപോലെ അലങ്കരിക്കാവുന്നതും പൂന്തോട്ടങ്ങളെയും അകത്തളങ്ങളെയും മനോഹരമാക്കുന്നതുമാണിത്. യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലെ മിക്ക രാജ്യങ്ങളിലും കണ്ടുവരുന്നയിനം അലങ്കാരച്ചെടിയാണിത്. ഇപ്പോള്‍ വ്യാപകമായി നമ്മുടെ അലങ്കാരത്തോട്ടങ്ങളിലും കണ്ടുവരുന്നു. പശ്ചിമഘട്ട മലനിരകളില്‍ വയനാട്ടിലടക്കം ബ്രൊമീലിയാഡിന്റെ വര്‍ഗത്തില്‍പ്പെട്ട ഒട്ടേറെയിനങ്ങളെ കണ്ടവരുന്നുണ്ട്.

 കൈതയുടെയും ഓര്‍ക്കിഡിന്റെയും ഇടയിലുള്ള സ്പീഷീസാണ് ബ്രൊമീലിയാഡ്. മരത്തില്‍ വളരുന്നവയ്ക്ക് ഓര്‍ക്കിഡിനോടും ചട്ടിയിലും തോട്ടത്തിലും വളര്‍ത്തുന്നവയ്ക്ക് കൈതയോടുമാണ് ചാര്‍ച്ച. നമ്മുടെ നാട്ടിലെ ചട്ടികളില്‍ വളരുന്ന പച്ചയും മഞ്ഞയും കലര്‍ന്ന നാഗഫണച്ചെടികളുമാണ് ബ്രൊമീലിയാഡിന്റെ സാമ്യം. അലങ്കാരച്ചെടികള്‍ ചട്ടികളില്‍ ഒരുക്കിക്കൊടുക്കുന്ന ഇവന്റ് മാനേജ്‌മെന്റുകാര്‍ കുറഞ്ഞയിനമായ സ്പാനിഷ് മോസ് എന്ന മരത്തില്‍ വളരുന്ന ബ്രൊമീലിയാഡിന് 1000 രൂപ മുതലാണ് വിലയീടാക്കുന്നത്.

നിയോറിഗേലിയ ഫയര്‍ ബോള്‍, കാന്‍ഡി, ഗുസ്മാനിയ, മിന്റ് തുലിപ്പ്, സെറോഗ്രാഫിക്ക, അല്‍വാറെസ്, ഭില്‍ബെറിക്ക, കാറ്റോപ്‌സിസ്, പട്രീഷ്യ, റിസീയ, ക്രിപ്റ്റാന്തസ് എന്നിങ്ങനെ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യങ്ങള്‍ ബ്രൊമീലിയാഡിലുണ്ട്. 

നിയോറിഗേലിയ

ബ്രൊമീലിയാഡുകളില്‍ ഒട്ടേറെ വിവിധയിനങ്ങളുള്ള വര്‍ഗമാണ് നിയോറിഗാലിയ. കണ്ടാല്‍ നമ്മുടെ കൈതച്ചക്കയുടെ ചെടി പോലെയിരിക്കും കേരളത്തില്‍ പൂന്തോട്ടങ്ങളെ മനോഹരമാക്കാന്‍ അധികവും വളര്‍ത്തുന്നത് ഇതിനെയാണ്. പച്ചയും പിങ്കും ചുവപ്പും മഞ്ഞയും പച്ചയും കലര്‍ന്നതും കടും നീലയും പിങ്കും പര്‍പ്പിളും അങ്ങനെ ഒട്ടേറെ വര്‍ണങ്ങളില്‍ ഇതുണ്ട്. മുരട്ടില്‍ നിന്ന് തൈകള്‍ മുളച്ചുവരും. 

ക്രിപ്റ്റാന്തസ് 

cryptanthus

ക്രിപ്റ്റാന്തസ്‌

ചെറിയ കൈതച്ചക്കയുടെ ചെടികളെപ്പോലെ തോന്നിക്കുന്ന ചെടികളാണ്  ക്രിപ്റ്റാന്തസ്‌.  കടും ചുവപ്പ് , പച്ച, തവിട്ട്, മഞ്ഞ കലര്‍ന്ന പച്ച എന്നിങ്ങനെ നിറങ്ങളില്‍ കാണുന്ന ഇതിന്റെ വളര്‍ച്ച വളരെ സാവധാനമാണ്. ഇതിന് വളരെക്കുറഞ്ഞ നനയേ ആവശ്യമുള്ളൂ. അധികം വെയിലേറ്റാല്‍ ഇതിന്റെ ഇലകളുടെ നിറം മങ്ങുന്നതായും കണ്ടുവരുന്നു. 

കാറ്റോപ്‌സിസ്

പൂന്തോട്ടങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു തരം ബ്രൊമീലിയാഡാണിത്. കാഴ്ചയെന്ന്  എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് വാക്ക് കാറ്റോപ്‌സിസില്‍ നിന്നാണ് ഇത്തരം ബ്രൊമീലിയാഡിന് ഈ പേര് കിട്ടിയത്. നിലത്ത് വളരുന്നതിലും  നന്നായി മരങ്ങളുടെ താങ്ങാലാണിത് വളര്‍ന്നു പുഷ്പിക്കുന്നത്. മഴക്കാലത്ത് നന്നായി വളരുന്ന ഇവ കൊടും വേനലില്‍ നശിച്ചുപോകാറുണ്ട്. ഓര്‍ക്കിഡിനെ വളര്‍ത്തി പരിപാലിപ്പിക്കുന്ന അതേരീതിയിലാണ് ഇതിനെയുംവളര്‍ത്താവുന്നത്. പറ്റിപ്പിടിച്ച് വളരാന്‍ ഉണങ്ങിയ മരക്കഷ്ണം പോലുള്ള സാഹചര്യം ലഭിച്ചാല്‍ ഉഷാറായി.

captosis
കാറ്റോപ്‌സിസ്

ഗുസ്മാനിയ

പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും വലിയ ഏരിയ കവര്‍ ചെയ്യാന്‍ നടാവുന്നയിനം ബ്രൊമീലിയാഡാണ്  ഗുസ്മാനിയ. ഒരു നക്ഷത്രം പച്ചയില്‍ നിന്ന് വിരിഞ്ഞ് വിവിധ വര്‍ണങ്ങള്‍ ആര്‍ജിക്കുന്നതുപോലെയാണ് ഇതിന്റെ വളര്‍ച്ച. മറ്റ് വര്‍ഗങ്ങളെ അപേക്ഷിച്ച് ഒട്ടേറെ നിറങ്ങളുള്ളതാണ് ഗുസ്മാനിയ. കടുംചുവപ്പ്, മഞ്ഞ, പര്‍പ്പിള്‍, റോസ് എന്നിങ്ങനെ ഒരുപാട് നിറങ്ങളില്‍ കാണുന്നുണ്ട്. അച്ചേമിയ, പിങ്ക് ക്യുയില്‍ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്.

ഫയര്‍ബോള്‍

പൂന്തോട്ടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന അഗ്‌നി നാളങ്ങള്‍ പോലെ തോന്നിക്കുന്നയിനം ബ്രൊമീലിയാഡാണിത്. ഇത് ഓര്‍ക്കിഡ് രീതിയില്‍ നിലത്തും വളര്‍ത്താം. നിലത്ത് വളര്‍ത്തിയാല്‍ തീക്കനല്‍ വിതറിയപോലെയുണ്ടാകും. 

മണ്ണ് തയ്യാറാക്കല്‍

മണ്ണില്‍ വളരുന്നയിനം ബ്രൊമീലിയാഡുകള്‍ക്ക് സാധാരണ അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇലകളിലും തണ്ടിലും കൂറേയധികം ജലത്തെയും മറ്റ് അനുകൂല പോഷണങ്ങളെയും ശേഖരിച്ചുവെക്കാനുള്ള കഴിവുണ്ട്. മഴക്കാലത്തോടെയാണ് മിക്കയിനങ്ങളും പുഷ്പിക്കുന്നതും ആകര്‍ഷകമായ രീതിയില്‍ ഇലകളെ വിന്യസിക്കുന്നതും. ആയതിനാല്‍ ചാണകപ്പൊടി വെണ്ണീര്‍ അല്ലെങ്കില്‍ അല്പം പൊട്ടാഷ് എന്നിവ ചേര്‍ത്ത പൊടിമണ്ണിലായിരിക്കണം ഇത് നടേണ്ടത്. നല്ല നീര്‍വാര്‍ച്ച സൗകര്യമുണ്ടായിരിക്കണം.

bromeliad
ഗുസ്മാനിയ

നല്ലകട്ടിയുള്ള ഇലകളോടുകൂടിയതാണ് ചെടിയെങ്കില്‍ നല്ല സൂര്യപ്രകാശം ലഭിക്കണം. നേരത്തെ ഇലകളും തളിരിലകളുമാണെങ്കില്‍ അധികം വെയില്‍ കൊള്ളിക്കരുത.് അതുപോലുള്ള ഇനങ്ങള്‍ വീട്ടിനകത്തു വളര്‍ത്തുന്നതാണ് നല്ലത്. ബ്രൊമീലിയാഡുകളുടെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായ താപനില 16 മുതല്‍ 26 വരെയാണ.് നമ്മുടെ നാട്ടില്‍ ചിലയിനങ്ങള്‍ പിടിക്കാത്തതിന്റെ കാരണം തന്നെ താപനിലയുമായി പൊരുത്തപ്പെടാത്തതാവാം. വെള്ളം കിട്ടാത്തതിനെക്കാളും പെട്ടെന്ന് ബ്രൊമീലിയാഡുകള്‍ നശിച്ചുപോവുക നനയ്ക്കലിന്റെ ആധിക്യം കൊണ്ടാണ്. അതുകൊണ്ട് ഇത്തരം സസ്യങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം നനച്ചാല്‍ മതിയാകും.

നടീല്‍വസ്തുക്കള്‍

ടിഷ്യു കള്‍ച്ചര്‍ രീതിയില്‍ ഉത്പാദിപ്പിക്കുന്ന തൈകളാണ് നഴ്‌സറികളില്‍ വില്‍ക്കപ്പെടുന്നത്. ആയിരക്കണക്കിന് ഇനങ്ങളുള്ളതുകൊണ്ടുതന്നെ ഇതിന്റെ പ്രജനനവും വ്യത്യസ്തരീതിയിലാണ് നടന്നുവരുന്നത്. ചുവട്ടില്‍ നിന്ന് തൈകള്‍ മുളച്ചുവരുന്ന രീതിയിലും കിഴങ്ങുകള്‍ പൊട്ടിച്ച് കുഴിച്ചിട്ട് വളര്‍ത്തുന്ന രീതിയിലും കാണ്ഡങ്ങള്‍ മുറിച്ചുനട്ട് വളര്‍ത്തുന്ന രീതിയിലും പ്രജനനം നടത്തിവരുന്നുണ്ട്. ചില അപൂര്‍വയിനങ്ങളുടെ സ്‌പോറുകള്‍ അണ് പ്രജനനവസ്തുക്കള്‍. 

ചെടികള്‍ പറിച്ചുനടാന്‍ പറ്റിയ കാലം വേനല്‍ക്കാലമാണ.് നട്ടതിനുശേഷം ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ മതി. മഴക്കാലത്ത് ചുവട്ടില്‍ വെള്ളം നില്‍ക്കാതെ നോക്കണം. ചാണകപ്പൊടിയും പൊട്ടാഷും തന്നെയാണ് അകത്തും പുറത്തും വളര്‍ത്തുന്ന ചെടികള്‍ക്ക് വളമായിനല്‍കേണ്ടത്. വളര്‍ത്താം നമുക്ക് ഈ കൈതച്ചെടിയെ.

pramodpurath@gmail.com