പ്രകൃതിയും വിപണിയും അറിഞ്ഞു കൃഷിചെയ്താല്‍ ഉദ്യാനശോഭയോടൊപ്പം വീട്ടമ്മമാര്‍ക്ക് ഒരധിക വരുമാന മാര്‍ഗമാക്കാം ഉദ്യാനസസ്യക്കൃഷി. മഞ്ഞുകാലമായാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന പൂക്കളുടെ അളവ് കുറഞ്ഞുതുടങ്ങുന്നു. ആ സമയത്തെ വിപണനത്തിന് ഒക്ടോബറോടെ കൃഷി ആരംഭിക്കാം. ചെണ്ടുമല്ലി, മല്ലിക തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ബന്ദിപ്പൂക്കളില്‍നിന്ന് വരുമാനം നേടാം.

നടീല്‍

ഡിസംബറിലെ ബന്ദിപ്പൂക്കള്‍ക്കായി മഴയുടെ ആധിക്യം കുറയുന്നതോടെ വിത്തുപാകാം. അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിത്ത് വാങ്ങാം. വിളഞ്ഞുണങ്ങിയ പൂക്കള്‍ തണലത്തിട്ട് ഉണക്കിയും വിത്ത് ശേഖരിക്കാം. കൂടുതല്‍ ഉണങ്ങിയ വിത്താണെങ്കില്‍ നനഞ്ഞ തുണിയില്‍ രണ്ട് മണിക്കൂറോളം പൊതിഞ്ഞുവെച്ചതിനു ശേഷം പാകാം. അസോസ്പൈറില്ലം എന്ന സൂക്ഷ്മാണു വളലായനിയില്‍ (200 ഗ്രാം 50 മില്ലി കഞ്ഞിവെള്ളത്തില്‍) കുതിര്‍ത്തതിനുശേഷം പാകിയാല്‍ ചെടികള്‍ക്ക് കൂടുതല്‍ കരുത്തുലഭിക്കും. ആയിരം തൈകള്‍ ലഭിക്കാന്‍ ഏകദേശം 15 ഗ്രാം വിത്ത് വേണം. വിത്തുപാകി ഒരുമാസത്തിനുള്ളില്‍ തൈകള്‍ പറിച്ചുനടാം.

ചട്ടികളിലും നിലത്തും വളര്‍ത്താം. എഴുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പ്രദേശമാണ് അനുയോജ്യം. വളക്കൂറ് കുറവുണ്ടെങ്കില്‍ ജൈവവളപ്രയോഗം അനിവാര്യമാണ്. നടുന്നതിനുമുമ്പ് മണ്ണ് നല്ലതുപോലെ ഉഴുതുമറിച്ചു കല്ലും കട്ടയും നീക്കണം. പാകപ്പെടുത്തിയ മണ്ണില്‍ ഒരു ചതുരശ്ര മീറ്ററിന് രണ്ട് കിലോ എന്ന തോതില്‍ ഉണക്കച്ചാണകം അടിവളമായി ചേര്‍ക്കാം. ഒന്നരയടി അകലത്തില്‍ ചാലുകള്‍ എടുത്തു ഒന്നരയടി ഇടയകലത്തില്‍ തൈകള്‍ നടാം. ഒരു സെന്റില്‍ ഇരുനൂറോളം തൈകള്‍ നടാം. വാണിജ്യക്കൃഷിക്ക് ആയിരം തൈകളെങ്കിലും നടണം.

പരിപാലനം

നട്ട് രണ്ടാഴ്ചയ്ക്കുശേഷം വളമിശ്രിതം നല്‍കാം. യൂറിയ, രാജ്‌ഫോസ്, മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ നേര്‍വളങ്ങള്‍ 2:1:1 എന്ന അളവില്‍ യോജിപ്പിച്ച മിശ്രിതം ഒരുശതമാനം വീര്യത്തില്‍ (പത്തുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍) കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. തൈകള്‍ പറിച്ചുനട്ടതിനു ശേഷം രണ്ടാഴ്ച ഇടവേളയില്‍ ഇപ്രകാരം രണ്ടുതവണ വളപ്രയോഗം ചെയ്യണം. ഓരോ തവണ വളംനല്‍കിയശേഷം ചുവട്ടിലുള്ള മണ്ണ് ഇളക്കിക്കൊടുക്കണം. ചെടികള്‍ നട്ട് ഒരുമാസം ആകുമ്പോഴേക്കും ചാലുകള്‍ നിരന്ന് വരുമ്പോലെ ചെടികളുടെ ചുവട്ടില്‍ മണ്ണടുപ്പിച്ചു കൊടുക്കണം.

വിളവെടുപ്പ്

ചെടികള്‍ ഒരടി പൊക്കമാകുമ്പോള്‍ മണ്ട (രണ്ടിലയും മുകുളവും) നുള്ളിക്കൊടുക്കണം. ഇത് കരുത്തുറ്റ ശിഖരങ്ങള്‍ ഉണ്ടാകാന്‍ സാഹായിക്കുന്നു. നട്ട് ഒരു മാസത്തിനുള്ളില്‍ വരുന്ന പൂമൊട്ടുകളും നുള്ളിക്കളയണം. ഇവ വിളവുകൂട്ടാന്‍ അത്യാവശ്യമാണ്. ചെടികള്‍ നട്ട് ഒന്നരമാസംമുതല്‍ അഞ്ചു മാസംവരെ ആദായ വിളവ് ലഭിക്കുന്നു. തണ്ടോടുകൂടിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ വിളവെടുക്കുന്നതാണ് ഉത്തമം. വിവരങ്ങള്‍ക്ക്: 94466 16449

Content Highlights: Best Cultivation Practices of Marigold Flower crop