ലസസ്യങ്ങളും അലങ്കാരമത്സ്യങ്ങളുമെല്ലാമുള്ള നല്ലൊരു അക്വേറിയം സെറ്റ് ചെയ്തുകിട്ടാന്‍ ഇറങ്ങിത്തിരിച്ചതാണ്. തിരിച്ചുകയറിയതാകട്ടെ ജലസസ്യങ്ങളുടെ ആരണ്യകം ഒരുക്കിക്കൊണ്ട്. മണിയൂര്‍ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറുമായ അശ്വിന്‍ ആരണ്യകത്തിന്റെ അനുഭവമാണിത്.

മേമുണ്ട ഈസ്റ്റ് എല്‍.പി. സ്‌കൂളിനു സമീപം കരുവോത്ത് പറമ്പില്‍ ഒരുക്കിയ ജലസസ്യങ്ങളുടെ ഫാമില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 27 ഇനം ജലസസ്യങ്ങളുണ്ട്. ഇതില്‍ ആവളപാണ്ടിയില്‍ ആയിരങ്ങളെ ആകര്‍ഷിച്ച മുള്ളന്‍ പായല്‍ (കബോംബ) മുതല്‍ അക്വാറോസും ജാവാമോഫും ബകോപ ഓസ്ട്രേലിയസുമെല്ലാമുണ്ട്.

നാലടി നീളവും ഒന്നരഅടി ഉയരവുമുള്ള അക്വേറിയം സെറ്റ് ചെയ്തുകിട്ടാന്‍ നാല് ഇനം ജലസസ്യങ്ങള്‍ ഉള്‍പ്പെടെ (മത്സ്യങ്ങളില്ലാതെ) 25,000 രൂപയാണ് അശ്വിനോട് പലരും പറഞ്ഞത്. ഇതോടെയാണ് ജലസസ്യങ്ങളുടെ വില മനസ്സിലാകുന്നത്. ഇതോടെ ഈ സസ്യങ്ങള്‍ തേടിയായി യാത്ര. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ജലസസ്യങ്ങളുടെ തൈകള്‍ ശേഖരിച്ചു. ഇതില്‍നിന്ന് നല്ല ഗുണമുള്ള തൈ മാറ്റിവെച്ച് മാതൃസസ്യമാക്കി. ഇവ അശ്വിന്‍ സ്വന്തം രീതിയില്‍ വളര്‍ത്തിയെടുത്തു.

കോണ്‍ക്രീറ്റ് ടാങ്കില്‍ മണ്ണും ചാണകപ്പൊടിയുമിട്ട് ഇതിലാണ് മാതൃസസ്യം വളര്‍ത്തിയത്. പച്ചക്കറികളുടെ അവശിഷ്ടത്തില്‍ കഞ്ഞിവെള്ളം ചേര്‍ത്തുള്ള ലായനി നേര്‍പ്പിച്ച് ഇവയ്ക്ക് ഒഴിച്ചുകൊടുക്കും. വേരുപിടിച്ചാല്‍ ഇവ ചകിരിച്ചോറിന്റെ ബെഡിലേക്ക് മാറ്റും. പൂത്തുകഴിഞ്ഞാലാണ് പുതിയ തൈകള്‍ ഉണ്ടാവുക. ഇവയില്‍നിന്ന് നല്ല സസ്യം നോക്കി മാറ്റിവെച്ച് വീണ്ടും മാതൃസസ്യമാക്കും. ഈ രീതിയില്‍ 27 ഇനം ജലസസ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. 

ഈ രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വലിയ ചെലവ് വരുന്നില്ലെന്ന് അശ്വിന്‍ പറയുന്നു. അശ്വിന്റെ ഭാര്യയുടെ വീടിനോടു ചേര്‍ന്നാണ് ജലസസ്യങ്ങളുടെ ഫാം പ്രവര്‍ത്തിക്കുന്നത്. അനൂപ്, അനുരാഗ് എന്നിവരും ചേര്‍ന്നാണ് പരിചരണം. അക്വേറിയത്തിനുള്ളില്‍ പുല്‍മേടുകള്‍, വള്ളിപ്പടര്‍പ്പുകള്‍, കാട് തുടങ്ങിയവ സൃഷ്ടിക്കുന്ന അക്വാസ്‌കേപ്പിങ്ങും ചെയ്തുകൊടുക്കുന്നുണ്ട് ഇവര്‍.

ഹോബിയെന്ന നിലയിലാണ് തുടങ്ങിയതെങ്കിലും ആവശ്യക്കാര്‍ ഏറെ വരുന്നുണ്ട്. അക്വാറോസിനാണ് ഏറെ ആവശ്യക്കാര്‍. ആവളപാണ്ടിയില്‍ കണ്ട കബോംബയുടെ അഞ്ച് വ്യത്യസ്തഇനങ്ങളുണ്ട്. പാണ്ടിയില്‍ കണ്ടത് പിങ്ക് നിറത്തിലുള്ളതാണ്. ഇവിടെ ക്രീമും മഞ്ഞയുമെല്ലാമുണ്ട്. പുഴകളിലും മറ്റും കണ്ടുവരുന്ന ജലസസ്യങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കുന്നുമുണ്ട് അശ്വിനും കൂട്ടരും.

ജലസസ്യങ്ങളുടെ പരിചരണം ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. അലങ്കാരമത്സ്യങ്ങളെക്കാള്‍ ശ്രദ്ധവേണം. നാലഞ്ച് ദിവസം കൂടുമ്പോള്‍ വെള്ളം മാറ്റണം. ചെടികള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റില്‍ മുക്കിവെക്കണം. ഒച്ച് വരുന്നതാണ് പ്രധാനഭീഷണി. ഫംഗസ് വരാതെയും നോക്കണം. ഇതൊന്നും നോക്കിയില്ലെങ്കില്‍ പെട്ടെന്ന് സസ്യങ്ങള്‍ നശിക്കും. വനംവകുപ്പുമായി സഹകരിച്ച് പരിസ്ഥിതി സംബന്ധമായ ക്ലാസുകള്‍ നയിക്കാറുണ്ട് അശ്വിന്‍. മിയാവാക്കി വനം ഒരുക്കുന്നതിലും വിദഗ്ധനാണ്.

Content Highlights: Aquatic plant cultivation by a wildlife photographer from Kozhikode