അമ്പലവയല്‍: കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചയായി വഴിയോരവനം പൂത്തു. അമ്പലവയല്‍വടുവന്‍ചാല്‍ പാതയോരത്താണ് വിവിധ വര്‍ണങ്ങളില്‍ വൃക്ഷങ്ങള്‍ പൂത്തുലഞ്ഞത്. ഏഴുവര്‍ഷം മുന്‍പ് വനംവകുപ്പ് നടപ്പാക്കിയ സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയ മരങ്ങളാണിവ.

മൂന്നു വര്‍ണങ്ങളില്‍ ഇടതൂര്‍ന്ന് പുഷ്പിച്ച മണിമരുതാണ് യാത്രക്കാരുടെ കണ്ണിലുടക്കുക. പിങ്ക്, മജന്ത, വയലറ്റ് നിറങ്ങളിലുള്ള പൂക്കള്‍ ഇടകലര്‍ന്ന് നില്‍ക്കുന്നത് ഏതൊരാളുടെയും മനംകവരും. വിനോദസഞ്ചാരികള്‍ ഇവയ്ക്കരികില്‍നിന്ന് ചിത്രങ്ങളെടുത്ത് മരത്തണലില്‍ വിശ്രമിച്ചശേഷമാണ് മടങ്ങുന്നത്.

മണിമരുതിനൊപ്പം ചിലയിടങ്ങളില്‍ വാകമരവും പൂത്തിട്ടുണ്ട്. സാമൂഹികവനവത്കരണ പദ്ധതിയില്‍ നട്ട തൈകള്‍ മിക്കതും സംരക്ഷണംകിട്ടാതെ പാതയോരത്ത് നശിച്ചപ്പോള്‍, നാട്ടുകാരുടെ സംരക്ഷണത്തിലാണ് ഈ ഭാഗത്തെ മരങ്ങളെല്ലാം കരുത്തോടെ വളര്‍ന്നത്.