സ്വര്‍ഗത്തില്‍നിന്ന് പറന്നുവന്ന വര്‍ണച്ചിറകുകളുള്ള പറവപോലെ അതിമനോഹരമായ പൂക്കളുണ്ടാകുന്ന ചെടിയാണ് ബേര്‍ഡ് ഓഫ് പാരഡൈസ് (Bird of Paradise). ഓറഞ്ചുനിറത്തിലുള്ള ചിറകുകള്‍ക്കിടയിലൂടെ കടുംനീല കൊക്കുകള്‍ നീട്ടി ആകാശത്തേക്ക് പറക്കാന്‍നില്‍ക്കുന്ന വര്‍ണക്കിളിപോലെ സുന്ദരിയായതിനാലാകും ഇവയ്ക്ക് ഈപേര് വന്നത്. പൂക്കള്‍പോലെ ഇതിന്റെ ഇലകളും പുഷ്പാലങ്കാരങ്ങളില്‍ ഉപയോഗിക്കാം. മിതോഷ്ണകാലാവസ്ഥ ഇഷ്ടപ്പെടുന്ന ഈ ദക്ഷിണാഫ്രിക്കന്‍ പൂച്ചെടികള്‍ ഇന്ന് നമ്മുടെ പൂന്തോട്ടങ്ങളിലും സ്ഥാനംപിടിച്ചുകഴിഞ്ഞു. ഇഞ്ചിയുടെ കുലത്തില്‍പ്പെടുന്ന ഇവയുടെ കൃഷിരീതികള്‍ പരിചയപ്പെടാം.

നടീല്‍

മാതൃസസ്യത്തിന്റെ ചുവട്ടില്‍നിന്ന് വരുന്ന ചിനപ്പുകള്‍ നടാനായി ഉപയോഗിക്കാം. ഇവ വേരുപൊട്ടാതെ അടര്‍ത്തിയെടുത്ത് രണ്ടടി (60 സെന്റിമീറ്റര്‍) നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍വേണം നടാന്‍. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് കൃഷിക്ക് അനിയോജ്യം. വെയിലത്തും അരിച്ചിറങ്ങിയ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും നടാം. ചാണകപ്പൊടി (ഒരുകിലോ), എല്ലുപൊടി (കാല്‍ക്കിലോ) എന്നിവ മേല്‍മണ്ണുമായി ചേര്‍ത്ത് കുഴി മുക്കാല്‍ഭാഗംവരെ നിറച്ചതിനുശേഷം തൈ നടാം. ചട്ടിയില്‍നടുമ്പോള്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ യോജിപ്പിച്ച പോട്ടിങ് മിശ്രിതം നടാനായി ഉപയോഗിക്കാം. ചെടിയുടെ ചുവട്ടില്‍ വെയിലടിക്കാതെ പുത ഇട്ടുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പരിപാലനം

പൂക്കളുടെ ഉ ത്പാദനം അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. നട്ട് ഒരുവര്‍ഷത്തിനുള്ളില്‍ പൂക്കുമെങ്കിലും പകല്‍ ഊഷ്മാവ് 27 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായാല്‍ പുഷ്പിക്കാന്‍ വൈകും. ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കുകയും ഒപ്പം മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയുംവേണം. മാസത്തിലൊരിക്കല്‍ ചെടി ഒന്നിന് അരക്കിലോ കമ്പോസ്റ്റുവളം നല്‍കാം. പൂത്തുതുടങ്ങുമ്പോള്‍ എന്‍.പി.കെ (18:18:18) കൂട്ടുവളം (പത്തു ഗ്രാം) രണ്ടാഴ്ചയില്‍ ഒരിക്കല്‍ നനജലത്തോടൊപ്പം കൊടുക്കാം.

വിവരങ്ങള്‍ക്ക്: 9446616449.

Content Highlights: All About the Bird of Paradise