എറണാകുളം : കഴിഞ്ഞ ഏഴു വര്‍ഷമായി ഉദ്യാനപാലനം ഹോബിയാക്കിയ ആമ്പല്ലൂര്‍ പഴയ പഞ്ചായത്ത് പുത്തേത്തുമ്യാലില്‍  മേരി തോമസ് (49) കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഉദ്യാന ശ്രേഷ്ഠ' പുരസ്‌കാരത്തിന് അര്‍ഹയായി.  'ഡാഫോഡില്‍സ്' എന്നു പേരിട്ടിരിക്കുന്ന വീട്ടിലെത്തി അവാര്‍ഡ് ലഭിച്ച വിവരം തിങ്കളാഴ്ച ഉച്ചയോടെ മുളന്തുരുത്തിയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മേരിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഓര്‍ക്കിഡ് കൃഷി നടത്തിവരികയാണ് മേരി തോമസ്.

സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്ന്  വൊളന്ററി റിട്ടയര്‍മെന്റ് എടുത്ത ഭര്‍ത്താവ് തോമസും ഇപ്പോള്‍ കൃഷിയില്‍ മേരിയെ സഹായിക്കുന്നു. തന്റെ 20 സെന്റ് പുരയിടത്തില്‍ ഹോബിക്കായി തുടങ്ങിയ കൃഷി ഇപ്പോള്‍ ഈ കുടുംബത്തിന് വരുമാന മാര്‍ഗവുമാണ്. പലതരം ഓര്‍ക്കിഡുകളോടൊപ്പം റോസ്, പലതരം ചെമ്പരത്തികള്‍ എന്നിവയൊക്കെ ഇപ്പോള്‍ ഇവരുടെ ഉദ്യാനത്തിലുണ്ട്.

ഇസ്രയേല്‍ ഓറഞ്ച്, ചൈനീസ് ഓറഞ്ച്, മള്‍ബെറി, മില്‍ക്ക് ഫ്രൂട്ട്, തുടങ്ങി വിവിധ തരം പഴവര്‍ഗങ്ങളോടൊപ്പം ഈ കുടുംബിനി അലങ്കാര മത്സ്യകൃഷിയും നടത്തുന്നു. ജൈവവളവും ജൈവ കീടനാശിനിയും മാത്രം ഉപയോഗിക്കുന്നതില്‍ ശ്രദ്ധാലുവാണ് ഈ മാതൃകാ കര്‍ഷക.