ബ്രഹ്മാവിന്റെ ഇരിപ്പിടമായി ഐതിഹ്യങ്ങളില്‍ പറയുന്ന സഹസ്രദളപദ്മം സ്വന്തംനഴ്സറിയില്‍ വിരിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വലിയകുന്നിലെ പള്ളിയാലില്‍ അബ്ദുള്‍നാസര്‍. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന താമരയുടെ 'ഴിസുന്‍ ക്വാന്‍ബന്‍' എന്ന ഇനമാണ് സഹസ്രദളപദ്മം.

കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍നിന്ന് ഓണ്‍ലൈന്‍വഴിയാണ് അബ്ദുള്‍നാസര്‍ ഇതിന്റെ കിഴങ്ങ് വരുത്തിയത്. തന്റെ 'ഗ്രീന്‍ വേള്‍ഡ് അഗ്രിഫാമി'ലെ ചെറിയ കുളത്തില്‍ ഇതുവളര്‍ത്തി. കേരളത്തില്‍ മൂന്നാമത്തെ സഹസ്രദളപദ്മമാണ് ഇതെന്ന് അബ്ദുള്‍നാസര്‍ പറഞ്ഞു. എറണാകുളത്തെ ഗണേഷ് അനന്തകൃഷ്ണന്‍, തിരുവല്ലയിലെ മോളമ്മ മാത്യു എന്നിവര്‍ക്കാണ് ഇതിനുമുമ്പ് വിരിയിക്കാന്‍ സാധിച്ചത്.

സ്ലോങ് ഷാന്‍ ഹോങ് തൗസന്റ് പെറ്റല്‍, ടവര്‍ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിലും സഹസ്രദളപദ്മങ്ങള്‍ ഉണ്ടെങ്കിലും അള്‍ട്ടിമേറ്റ് തൗസന്റ് പെറ്റലാണ് ശ്രേഷ്ഠമെന്നാണ് പറയുന്നത്. പതിനഞ്ച് ഇനം താമരകളും വാട്ടര്‍ ലില്ലികളും അബ്ദുള്‍നാസറിന്റെ നഴ്സറിയിലെ കുളത്തിലുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസറായ ഭാര്യ ആരിഫയുടെ പിന്തുണയോടെയാണ് അബ്ദുള്‍നാസറിന്റെ നഴ്സറി പരിപാലനം.

കേരളത്തില്‍ അപൂര്‍വം

സഹസ്രദളപദ്മം കേരളത്തിലെ കാലാവസ്ഥയില്‍ വിരിയുന്നത് അപൂര്‍വമാണ്. 2009-ല്‍ ചൈനയിലാണ് കണ്ടെത്തിയത്. ജലസസ്യങ്ങള്‍ക്ക് അംഗീകാരംനല്‍കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ലില്ലി ആന്‍ഡ് വാട്ടര്‍ഗാര്‍ഡന്‍ സൊസൈറ്റി ഈ ഇനത്തെ അംഗീകരിച്ചിട്ടുണ്ട് -ഡോ. കെ.എം. പ്രഭുകുമാര്‍, സീനിയര്‍ സയന്റിസ്റ്റ്, നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ലഖ്‌നൗ

Content Highlights: A rare thousand petal lotus blooms in Malappuram