വെള്ളായണി കാര്‍ഷിക കോളേജില്‍ മഞ്ഞപൂക്കള്‍ പൂത്തുതളിര്‍ത്തു. വര്‍ഷത്തിലൊരിക്കല്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ മാത്രം പൂവിടാറുള്ള 'ക്യാറ്റ്സ് ക്ലാ ക്രീപര്‍' എന്നറിയപ്പെടുന്ന പൂക്കള്‍ കാര്‍ഷിക കോളേജ് മുറ്റത്തു കാഴ്ചയ്ക്കു വസന്തമൊരുക്കിയിരിക്കുകയാണ്. മഞ്ഞുകാലം കഴിഞ്ഞ് വേനല്‍ കടുത്തുതുടങ്ങുന്ന മാര്‍ച്ച് മാസത്തിലാണ് അപൂര്‍വമായി മാത്രം കാണുന്ന മഞ്ഞപ്പൂക്കള്‍ വിടരുന്നത്.

മരങ്ങളിലും മറ്റ് പ്രതലങ്ങളിലും പടര്‍ന്നുകയറി വള്ളികളിലാണ് പൂവിടുന്നത്. തെക്കന്‍ അമേരിക്കയാണ് ഈ ചെടിയുടെ ജന്മദേശം. കോളേജ് മുറ്റത്തെ നാല് മഹാഗണി മരത്തിലും ഒരു കാറ്റാടി മരത്തിലും പടര്‍ന്നുനില്‍ക്കുന്ന പൂക്കള്‍ സൂര്യരശ്മികളേള്‍ക്കുമ്പോള്‍ സുവര്‍ണശോഭയിലാകും. ഒരു മരത്തില്‍നിന്നു വേരുകളിലൂടെ അടുത്ത മരത്തിലേക്കു കയറി പറ്റുന്ന ക്യാറ്റ്സ് ക്ലാ ക്രീപറിന്റെ പൂക്കള്‍ക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമേയുള്ളൂ.

പൂക്കള്‍ കൊഴിഞ്ഞുപോയാലും ഇതിന്റെ ഇലകള്‍ തണല്‍ വിരിച്ചുനില്‍ക്കും. മഹാഗണിയില്‍ പൂവിടുമ്പോഴാണ് ഈ പൂക്കളെ കാണാന്‍ ചന്തം. വേനലില്‍ മഹാഗണിയുടെ ഇലകള്‍ കൊഴിയുമ്പോഴാണ് വള്ളികളില്‍ പടര്‍ന്ന ഈ പൂക്കളുടെ ഭംഗി കൂടുതല്‍ ആസ്വാദിക്കാനാകുന്നത്. പച്ച ഇലയും മഞ്ഞ പൂക്കളും ഇടകലര്‍ന്നു നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. വള്ളികള്‍ മരത്തില്‍ പൂര്‍ണമായും പടര്‍ന്നുകഴിഞ്ഞാല്‍ മാത്രമേ പൂ വിരിയൂ. അതിനു വര്‍ഷങ്ങളെടുക്കുമെന്ന് കോളേജിലെ പൂന്തോട്ടത്തിന്റെ സൂക്ഷിപ്പുകാരന്‍ ഷാജി പറഞ്ഞു.

കോളേജില്‍ രണ്ടുദിവസം മുമ്പാണ് പൂക്കള്‍ വിരിഞ്ഞുതുടങ്ങിയത്. ഓരോ മരത്തിലും വ്യത്യസ്ത സമയങ്ങളിലായതിനാല്‍ ചില മരങ്ങളില്‍ പടര്‍ന്ന ഈ പൂക്കള്‍ രണ്ടുദിവസം കഴിഞ്ഞയുടന്‍ മുഴുവന്‍ കൊഴിഞ്ഞു താഴെ വീഴും. ഇത്തവണ കൊറോണ ഭീഷണിയില്‍ കോളേജ് അടച്ചിരിക്കുന്നതിനാല്‍ മഞ്ഞപ്പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ വിദ്യാര്‍ഥികളില്ല.

Content Highlights: 'Cat's Claw Creeper' blossomed at Vellayani Agricultural College