ആന്തൂറിയം കൃഷി ചെയ്ത് വിശ്രമവേളകളെ ആദായവും ആനന്ദകരവുമാക്കുകയാണ് തിരുവനന്തപുരം അമരവിള മാഞ്ചാംകുഴിയിലെ വാസിനി ഭായ്. കുഞ്ഞുനാളുമുതല്‍ എല്ലാ കൃഷിയോടും താത്പര്യമായിരുന്നു. ആദ്യകാലങ്ങളില്‍ പച്ചക്കറികളും നാടന്‍പൂക്കളും കൃഷി ചെയ്തിരുന്ന ഇവര്‍ 25 കൊല്ലം മുമ്പാണ് ആന്തൂറിയം കൃഷി തുടങ്ങിയത്.

ഇതിന് ആവശ്യമായ തൈകള്‍ അടുത്തുള്ള ആത്മനിലയം നഴ്സറി ഗാര്‍ഡനില്‍ നിന്നുമാണ് വാങ്ങിയത്. ഇപ്പോള്‍ വീടൊഴികെയുള്ള ഒരേക്കര്‍ സ്ഥലത്ത് വിവിധ തരം പൂക്കളും ഇലച്ചെടികളും കൊണ്ട് കൃഷി വ്യാപിച്ചിരിക്കുന്നു. പല നിറങ്ങളില്‍പെട്ട 3000 ആന്തൂറിയം 1000-ത്തില്‍പ്പരം ഓര്‍ക്കിഡുകളും ഈ ചെടികളോടൊപ്പം വളര്‍ത്തുന്നു.

അഗ്‌നിഹോത്രി, ലിവര്‍റെഡ്, ക്യാന്‍ക്യാന്‍, ക്യൂബ ട്രോപ്പിക്കല്‍, നിറ്റ, അക്രോപോളീസ്, ജിനോ ഓറഞ്ച്, ഹണിമൂണ്‍ റെഡ്, ലിമവൈറ്റ്, മൗറീഷ്യസ് ഓറഞ്ച്, ചിലി റെഡ് തുടങ്ങി നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്.
രാഷ്ട്രപതി ഭവനിലെ മുഗള്‍ഗാര്‍ഡനില്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. സ്വയം വികസിപ്പിച്ചെടുത്ത പത്തുതരം ആന്തൂറിയം പൂച്ചെടികളുമായാണ് വാസിനി ഭായ് മേളയ്‌ക്കെത്തിയത്.

വിവിധതരം ആന്തൂറിയങ്ങളുടെ കൃത്രിമ പരാഗണത്തിലൂടെ വാസിനി വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഇനങ്ങളാണ് ഇവ. ഇത്തരം സങ്കരയിനങ്ങളെ ഉരുത്തിരിച്ചെടുക്കാന്‍ നീണ്ട നാളത്തെ കാത്തിരിപ്പും വേണം. തന്റെ  കണ്ടുപിടിത്തങ്ങള്‍ക്ക് താമസിയാതെ അംഗീകാരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വാസിനി.

നന്നായി പഴുത്തവിത്തുകള്‍ അടര്‍ത്തി എടുത്ത് കഴുകി തരിയുള്ള ആറ്റുമണല്‍ കണ്ണന്‍ചിരട്ടയിലെ വലിയ കണ്ണ് പൊട്ടിച്ചശേഷം അടിഭാഗത്ത് ചെറിയ ഓട്ടിന്‍കഷ്ണങ്ങള്‍ വെച്ചശേഷം മണല്‍നിറച്ച് അതിലാണ് വിത്തുപാകുന്നത്.

ഒരു പൂവിന് 10 മുതല്‍ 12 രൂപ വരെ വിലകിട്ടുന്നുണ്ട്. പൂക്കളും ചെടികളുമായി മാസം 20,000 രൂപയുടെ വിപണനം ഇവിടെ നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര കൃഷിഭവന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വഴി 35,000-ത്തോളം രൂപ സഹായധനമായി ലഭിച്ചിട്ടുണ്ട്. ആത്മപദ്ധതി പ്രകാരമുള്ള ഫാം ഹൗസ് കൂടിയാണ് ഈ പൂകൃഷിത്തോട്ടം.

അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൃഷി നടത്തുന്ന വാസിനി ഭായ് മകനുമൊത്ത്  സിങ്കപ്പൂരിലെ കൃഷി കാഴ്ചകളും കണ്ടിട്ടുണ്ട്. ഇന്ത്യന്‍ മണല്‍ കമ്പനിയില്‍നിന്ന് വിരമിച്ച ഭര്‍ത്താവ് ജപമണിയും ഇവരെ സഹായിക്കുന്നുണ്ട്.  ഫോണ്‍: 9746071231.